ഇ. മീര

​കിളിമരം

രണ്ട്: ഇല്ലായ്മകളുടെപിറുപിറുപ്പുകൾ

ഇ. മീര

ത്ര പറവകൾ
നിത്യം
ഇതുവഴി പറന്നു പോകുന്നു,
എന്നിട്ടും
എന്റെ ഇലക്കണ്ണുകൾ മുഴുവൻ
നിന്നിലാണ്!

കാറ്റിൽ കൊഴിഞ്ഞു വീണ
നിന്റെ തൂവലുകൾക്ക്
എന്തൊരു മയം!
ഭാരമില്ലാതാക്കുന്ന
സ്‌നേഹലേപനം തൊട്ട്
ആരാണവയിൽ
നിത്യം തഴുകുന്നത്?!

നീ പറന്നിരുന്നപ്പോൾ
അറിയാതെ
എന്റെ ചില്ലകൾ പോലും
പൂത്തല്ലോ!

പറന്നു പോകും മുൻപ്
പാടിത്തീർക്കരുതേ
കാടണയുമ്പോഴേക്കും
കരുതി വെച്ച പാട്ടുകൾ...

പ്രണയിക്കുന്നവനെ
തൊട്ടുകാട്ടാൻ
വിരലുകൾ വേണ്ട
വരികൾ മതി

അടുത്തു വരുമ്പോൾ
പതുക്കെ മിണ്ടാൻ
അരിപ്പൂക്കളുടെ ഭാഷ മതി

അവനെ നോക്കിയൊന്നു നിറഞ്ഞു ചിരിക്കാൻ
നിലാവിന്റെ
ഒരു ചീള് മതി

അവന്റെ കണ്ണുകളിൽ ഒഴുകിനടക്കാൻ
നീന്തലറിയേണ്ട,
പരൽമീനിന്റെ
പിടപിടപ്പ് മതി

അവനിൽ നിന്നൊരിത്തിരി
പ്രണയമൂറ്റാൻ
ചുണ്ടുകൾ വേണ്ട,
വസന്തത്തിന്റെ തരി
തൊട്ടു പറക്കുന്ന
ശലഭമായാൽ മതി

അവനിൽ
അടിമുടി ആളിപ്പടരാൻ
ഉടലു വേണ്ട
ഉണ്മ മതി

അവനെപ്പുണർന്ന്
തളർന്നുറങ്ങാൻ
മരണത്തിന്റെ
പുതപ്പ് മതി.

മൂന്ന്: ചെറിയ സ്വകാര്യങ്ങൾ

ലംകാലിന്റെ
പെരുവിരൽത്തുമ്പത്ത് തൊഴുകൈയോടെ
ഒരു പുൽച്ചാടി..

കണ്ണിൽ
ഒരിറ്റു മഞ്ഞുകണം

ചുണ്ടിൽ
ഒരു മന്ത്രണം..
"പറത്തുമോ
നിനക്കൊപ്പം
നിന്റെ പച്ചകളിലേയ്ക്ക്
എന്നെക്കൂടി..?'

മുറിഞ്ഞ ചിറകൊന്നു
വിറച്ചു!
തിരിച്ചു ചോദിച്ചു..

പറന്നുവീഴുമ്പോൾ
പൊതിയുമോ
നിന്റെ പുൽത്തണുപ്പിൽ
എന്നെക്കൂടി? ​


ഇ. മീര

ചിത്രകാരി, കവി, വിവർത്തക. ഇലവീട്​, പ്രതിരോധ പാരമ്പര്യം ഇന്ത്യൻ കവിതയിൽ (വിവർത്തനം), ഒരു അടിമപ്പെൺകുട്ടിയുടെ ജീവിതാനുഭവങ്ങൾ (വിവർത്തനം) എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments