രണ്ട് ഭാഷ
ഒരതിർത്തി
രണ്ട് കാവൽ
ഇടയിലൊരാ‘ശ്വാസം’ പോൽ
രണ്ട് ഭാഷകളുടെ വാക്കുകൾ
പ്രണയിച്ചിണകളായിരിക്കുന്നു.
കണ്ടാൽ മാത്രം തിരിച്ചറിയാവുന്ന
ലിപികളായി കൈകോർത്ത് നടക്കുന്നുമുണ്ട്.
കറന്ന് പോകുന്ന പാലിൽ
പറിച്ച് പോവ്റ പൂശിനിക്കായിൽ
മുടിച്ചന്തങ്ങൾ കാന്തമാക്കും
മുല്ല,മല്ലി പൂക്കൾക്കിടയിലൂടെ
രണ്ട് ജനത
കാവൽക്കാരറിയാതെ
ജീവിതം / ഭാഷ പങ്കിട്ടു.
ബലികൾക്കും പ്രാർത്ഥനകൾക്കുമിടയിൽ
ഉറഞ്ഞുപോയ ദ്രാവിഡ ദൈവങ്ങൾ
സ്വന്തം ജനതയെ തിരിച്ചറിയാതെ
സങ്കടംപാടി കോവിൽ വിട്ടിറങ്ങി.
അതിർത്തിയിൽ കാവൽക്കാർ
വേഷംമാറി രണ്ട് ഭാഷയിൽ
കൽപനകൾ കേട്ടും വായിച്ചും
ഉറക്കംതൂങ്ങി യാത്രക്കാർക്ക്
പലഭാവത്തിൽ കൈവീശി.
പാതയ്ക്കിരുപുറത്തെ
ചെത്തമില്ലാ ജീവിതങ്ങൾ
രണ്ട് ഭാഷയുടെ വാക്കുകളെ
വണ്ടിയിലേറ്റിയും നടന്നും
വിയർത്തും തണുത്തും
അതിർത്തി കടത്തി ഓമനിച്ചു.
മറ്റൊന്നും വകവയ്ക്കാതെ
സഹ്യൻ പകുത്ത
തമിഴ്, മലയാള വാക്കുകൾ
എല്ലൈപ്പാട്ടനെ ദൃക്സാക്ഷിയാക്കി
കൂടികലർന്നൊട്ടി
അതിരുകൾക്കപ്പുറം വഴികാട്ടിയായി.
പ്രതാപമസ്തമിച്ച
എല്ലൈപ്പാട്ടന്റെ ചുരം മുറിക്കുന്ന
ദീർഘനിശ്വാസത്തിൽ,
രണ്ടു ഭാഷകളുടെ ജനിതകശ്രേണിയിൽ
മുഖമമർത്തി മണത്താൽ
സങ്കരജനതയുടെ
വിട്ടുമാറാത്ത
തായ്മൊഴി ഇണക്കമറിയാം.
(*എല്ലൈപ്പാട്ടൻ - പാലക്കാട്- പൊള്ളാച്ചി പാതയിൽ ചിറ്റൂർ ബ്ലോക്കിലെ എരുത്തേമ്പതിക്കടുത്ത് എല്ലൈപ്പാട്ടൻ കോവിൽ ചെക്പോസ്റ്റുണ്ട്. കേരള,തമിഴ്നാട് ചെക്ക്പോസ്റ്റുകൾ ഒരു റോഡിന്റെ ഇരുവശങ്ങളും പങ്കിടുന്ന സ്ഥലം. എല്ലൈപ്പാട്ടൻ എന്നാൽ അതിർത്തിയിലെ മുത്തച്ഛൻ എന്നർത്ഥം.എല്ലൈ - അതിര്,പാട്ടൻ -മുത്തച്ഛൻ,അപ്പൂപ്പൻ എന്നും വിളിപ്പേരുകൾ.)