എല്ലൻ ബാസ്

​​​​​​​എല്ലൻ ബാസിന്റെ കവിതകൾ

അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ ജനിച്ചു. ഇപ്പോൾ കാലിഫോർണിയയിൽ ജീവിക്കുന്ന എല്ലൻ ബാസ്​ അമേരിക്കയിലെ ഏറ്റവും ശ്രദ്ധേയയായ സമകാലിക കവികളിലൊരാളാണ്. തന്റെ കവിതയെപ്പറ്റി അവർ പറയുന്നതിങ്ങനെ: "I work to speak in a voice that is meaningful communication. Poetry is the most intimate of all writing. I want to speak from me to myself and then from me to you.' പുഷ്‌കാർട്ട് പ്രൈസും പാബ്ലോ നെരൂദ പ്രൈസും ലഭിച്ചിട്ടുള്ള അവർ ലോകത്താദ്യമായി പുറത്തു വന്ന പെൺകവിതകളുടെ സമാഹാരത്തിന്റെ എഡിറ്ററാണ് - "No More Masks! An Anthology of Poems by Women (1973)'. ഒമ്പതു കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാന കൃതികൾ: Mules of Love (2002) (Lambda Literary Award ) , The Human Line (2007), Like a Beggar ' (2014) , Indigo (2020 ). Academy of American Poets ചാൻസലറാണിപ്പോൾ.

Indigo , Like a Beggar എന്നീ കവിതാസമാഹാരങ്ങളിലെ മൂന്നു കവിതകൾ ഇവിടെ പരിചയപ്പെടുത്തുന്നു. ഇന്ത്യയുമായി ഒരു ബന്ധം അവരുടെ കവിതകളിൽ പലയിടത്തും കാണാം. മകളുടെ പേര് സരസ്വതി എന്നാണ്.

ചെറുദേശം

പേര് മറന്നു പോയ ഒരാളെ പരിചയപ്പെടുത്തുന്നതിലെ സങ്കോചം ധ്വനിപ്പിക്കുന്ന ടാർട്ൽ എന്ന സ്‌കോട്ടിഷ് പദം ഒരു സവിശേഷപദമാണെന്നു തോന്നുന്നു, അതുപോലെ മുടിയിഴകളെ മന്ദമന്ദം തടവുന്നതിനു പറയുന്ന ബ്രസീലിയൻ പോർട്ടുഗീസ് പദം കഫ്ഫൂണെയ്ക്ക് പകരം വേറെന്തു പദമുണ്ട്?

ആനന്ദിക്കാൻ തീരുമാനിക്കുന്നതിനു ഏതെങ്കിലും ഭാഷയിൽ ഒരു പദമുണ്ടോ? നമ്മുടെ ഹൃദയങ്ങളുടെ ഈർച്ചപ്പൊടിയിൽ സൂക്ഷിക്കുന്ന മഞ്ഞു കട്ടയ്ക്കു ഭാഷയുണ്ടോ? വേനലിന്റെ തുടക്കത്തിൽ ജാം തിളപ്പിക്കുമ്പോൾ കുഞ്ഞു ആപ്രിക്കോട്ടുകളുടെ ഗന്ധം വായുവിൽ കനക്കുന്നതിനു പറ്റിയ ഏതു നാമപദമാണുള്ളത്?

ഇതിനു മുമ്പ് ഒരു പെണ്ണിനെ കണ്ടിട്ടേയില്ലാത്ത പോലെ ഒരു സാഹസിക യാത്രികനായി ഓരോ മടക്കും മാളവും ഒരു ഗൈഡിന്റെയോ എന്റെ ഉടലെന്ന കണ്ണാടിയുടെയോ സഹായമില്ലാതെ ഇന്നലെ രാത്രി ഞാൻ നിന്നെ തൊട്ടപോലെ ഏതു പദത്തിന് എത്താൻ കഴിയും?

കഴിഞ്ഞ രാത്രി നീയെന്നോട് പറഞ്ഞു എന്റെ പുരികങ്ങൾ നിനക്കിഷ്ടമാണെന്ന്. അവ ഇതിനു മുമ്പ് ശ്രദ്ധിച്ചിട്ടില്ലെന്നും നീ പറഞ്ഞു. ഏതു പദമാണ് ഈ കാഴ്ചയുടെ പുതുമയേയും അത് കാണാതെ പോയതിലുള്ള സഹതാപത്തെയും കൂട്ടി യോജിക്കുന്നത്?

അതുമല്ല, നമ്മുടെ ഈ കിടക്കയാകുന്ന ചെറുദേശത്തിൽ പോലും രണ്ടു നാടൻ മൊഴികളിൽ സംസാരിക്കുന്നവർ മാത്രമടങ്ങിയ ഈ ഭാഷയിൽ പോലും, ഒരു സ്പർശം തന്നെയും നമുക്ക് രണ്ടാൾക്കും ഒരേയർത്ഥം തരുന്നതുമല്ലല്ലോ.

അയവു വരുത്തൂ

മോശം കാര്യങ്ങൾ നടക്കാൻ പോകുന്നു.
നിങ്ങളുടെ തക്കാളികൾക്കു ഒരു പൂപ്പൽ രോഗം പിടിപെടും.
പൂച്ച ഒരു വാഹനത്തിനടിയിൽ പെടും.
ഐസ്ക്രീമുള്ള സഞ്ചി ആരെങ്കിലും കാറിനുള്ളിൽ
ഉരുകാൻ വിടും. നിങ്ങളുടെ നീല കാശ്മീരി സ്വെയ്റ്റർ
ആരെങ്കിലും ഡ്രൈയ്യറിൽ ഇടും. നിങ്ങളുടെ ഭർത്താവ്
നിങ്ങളുടെ പാതി പ്രായമുള്ള, മുലകൾ ബ്ലൗസിൽ നിന്ന്
തുളുമ്പുന്ന, ഒരു പെൺകുട്ടിയുമായി ശയിക്കും,
അല്ലെങ്കിൽ നിങ്ങളുടെ ഭാര്യ താൻ ഒരു
ലെസ്ബിയൻ ആണെന്ന് ഓർമ്മിച്ചു അയൽവീട്ടിലെ
സ്ത്രീയോടൊപ്പം പോകും.
നിങ്ങൾ ഒരിക്കലും ഇഷ്ട്ടപെടാഞ്ഞ മറ്റേ പൂച്ചയ്ക്ക്
ഒരു ദീനം വരും, അതിനാൽ ഓരോ നാല് മണിക്കൂറും
നിങ്ങൾക്കതിന്റെ പനി പിടിച്ച വായ തുറന്നു നോക്കേണ്ടി വരും.
നിങ്ങളുടെ അച്ഛനമ്മമാർ മരിക്കും. എത്ര വിറ്റാമിൻ
കഴിച്ചാലും എത്ര വ്യായാമം ചെയ്താലും
നിങ്ങളുടെ താക്കോൽക്കൂട്ടവും, മുടിയും ഓർമശക്തിയും
നഷ്ട്ടമാകും. കാണുന്ന സോക്കറ്റിലൊക്കെ നിങ്ങളുടെ മകൾ
അവളുടെ ഹൃദയം പ്‌ളഗ് ചെയ്തില്ലെങ്കിലും, വീട്ടിലെത്തുമ്പോൾ
നിങ്ങൾ അറിയും നിങ്ങളുടെ മകൻ ഫ്രിഡ്ജ് കാലിയാക്കി
അത് നിരത്തുവക്ക് വരെ വലിച്ചു കൊണ്ട് പോയി പഴയ
സാധനങ്ങൾ വാങ്ങുന്ന ഒരു സ്റ്റോറിലേക്കു വിളിച്ചിട്ടുണ്ടെന്നു,
മയക്കു മരുന്നിനു കാശ് കണ്ടെത്താനായി.

പുലി ഓടിച്ച ഒരു പെണ്ണിനെ കുറിച്ച് ഒരു ബുദ്ധകഥയുണ്ട്.
കിഴുക്കാംതൂക്കായ ഒരു പാറക്കെട്ടിന്റെ തുഞ്ചത്ത് എത്തിയപ്പോൾ
അവൾ കണ്ടു, നല്ല ബലമുള്ള ഒരു വള്ളിയെ.
അതിലൂടെ അവൾ പാതി വഴി ഊർന്നിറങ്ങി. പക്ഷെ,
താഴെയും ഒരു പുലി. പോരാതെ വെളുത്തതും കറുത്തതുമായ
രണ്ടെലികൾ മാളത്തിൽ നിന്ന് പുറത്തു വന്നു ആ വള്ളിയെ
കാർന്നു തിന്നാൻ തുടങ്ങുന്നു. ആ സമയം, അവൾ കാണുന്നു,
ഒരു വിള്ളലിൽ നിന്നും തള്ളി വളർന്ന സ്ട്രാബെറി പഴങ്ങളെ.
അവൾ മുകളിലേക്കും താഴേക്കും നോക്കുന്നു, ചുണ്ടെലികളെയും.
എന്നിട്ടു പഴങ്ങളെ ഭക്ഷിക്കുന്നു.
ഇതിപ്പോൾ അത്തരം ഒരു കാഴ്ചയാണ്, അതേ കാറ്റാണ്,
നിങ്ങളുടെ തൊണ്ടയിലെ അതേ നാഡിമിടിപ്പാണ്.
നിങ്ങളുടെ പേഴ്‌സ് മോഷണം പോകും, നിങ്ങൾക്ക് തടി വെക്കും,
ഏതോ വിദേശ ഹോട്ടലിലെ ബാത്രൂം ടൈലുകളിൽ നിങ്ങൾ
വഴുക്കിവീഴും, ഇടുപ്പെല്ല് പൊട്ടും. നിങ്ങൾ ഒറ്റയാവും.

ഓ, ആസ്വദിക്കൂ എത്ര മധുരം ഈ ചുവന്ന പഴസത്ത്!
എത്ര രസകരമായാണ് ഓരോ ചെറു വിത്തും നിങ്ങളുടെ
പല്ലുകൾക്കിടയിൽ ഞെരിയുന്നത്!

ആട്, പശു, മനുഷ്യൻ ​

ശുമാംസം ഭക്ഷിച്ചതിനു
ആൾക്കൂട്ടം അയാളെ കൊന്നതിനു ശേഷം,
അത് ആടിന്റെ മാംസമാണെന്നു കണ്ടെത്തി.
എനിക്കെന്തുകൊണ്ട് അത് മറക്കാനാവുന്നില്ല -
അവന്റെ കുടലിലെ നാരു പോലുള്ള മാംസം,
അവന്റെ ഹൃദയം നിലച്ചപ്പോൾ പടയോട്ടം നടത്തുന്ന
മൈക്രോബുകൾ - എത്ര വേഗമാണ് അവ
രക്തം കട്ട പിടിച്ച വയറ്റിലെ മാംസപേശികളെയും
മിനുസപ്പെട്ട വഴുക്കുന്ന കുടലുകളെയും
ദ്രവിപ്പിക്കാൻ തുടങ്ങിയത്, അവയുടെ കർമ്മം
മനുഷ്യന്റെ ( എന്താ പറയുക?) പാപത്തെ,
എല്ലാം നിശ്ചയിച്ചു കഴിഞ്ഞതിന്റെ ശാപത്തെ
നശിപ്പിക്കാനെന്ന പോലെ? വർത്തുളാകാരത്തിൽ
നമ്മെ പിളർത്തുന്ന ഒരു ഇടർച്ച പോലെ? -
പശു ആടല്ല, ഞാൻ നീയല്ല, മനുഷ്യൻ ഏതാനും
ഇഞ്ചുകളുടെ ഒരു പഴയ ന്യൂസ്പ്രിന്റ് മാത്രം,
ഒരു കുത്തു മുടിയിഴകൾ, പൊള്ളയായ കണ്ണുകൾ,
പക്ഷെ വീണ്ടും വീണ്ടും ഞാൻ കാണുന്ന ചിത്രം
ആ അടുക്കളയുടേത്, വാക്കുകൾ വിക്കി വിക്കി പറയുന്ന
അവന്റെ ഭാര്യയെയും കുട്ടികളെയും,
അത് ആടാണ്, അത് ആടാണ്,
ആട്, അവളുടെ വെളുത്ത രോമകുപ്പായം,
വിത്തിനകത്തെ പരിപ്പുകൾ പോലുള്ള അവളുടെ പല്ലുകൾ,
അവളുടെ അൽപ്പം തുറന്ന വിളറിയ കണ്ണുകൾ.


വിവർത്തനം: റാഷ്​

രവിശങ്കർ എൻ. Architecture of Flesh , The Bullet Train , Kintsugi by Hadni എന്നീ ഇംഗ്ലീഷ്​ കവിത സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. മലയാളത്തിലെ 101 സമകാലീന കവിതകൾ How to Translate an earthworm എന്ന പേരിൽ 2018 ൽ പുറത്തിറക്കി. Mother Forest എന്ന പേരിൽ ബാര ഭാസ്‌കരൻ എഴുതിയ സി.കെ.ജാനുവിന്റെ ജീവിതകഥയും തമിഴ് ദളിത് കഥാകൃത്ത്​ ബാമയുടെ കഥകളും ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തു. ലീന മണിമേഖലൈയുടെ തമിഴ് കവിതകൾ ‘കൂത്തച്ചികളുടെ റാണി' എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments