മയെ മണത്തു കണ്ടുപിടിക്കുന്ന
മാമനുണ്ടായിരുന്നെനിക്ക്.

മാമനെത്തുമ്പോഴൊക്കെ
പൊത്തിൽ നിന്നും കെട്ടമണം കൊണ്ട്
ആമകൾ സ്വയം ഒറ്റും.
പാളക്കൊട്ടയിൽ പറ്റിയിരുന്ന്
അടുപ്പിലേക്കുള്ള പലായനമാണ് പിന്നെ.

തിളപ്പറിയാതെ ആമകൾ
അടുപ്പിൽ നീന്തുന്നത്
മാമൻ അടപ്പ് മാറ്റി നോക്കും.
വെന്തു ചാവുന്ന
ആമയ്ക്ക് മെല്ലെ മെല്ലെയേ ചൂടറിയൂ.
തോടിളക്കുമ്പോൾ കാടിളക്കം
കാണാം മാമന്റെ കണ്ണിൽ.

ആമത്തോട് കണ്ട്
കൗതുകം പൂണ്ട കുഞ്ഞോനെ
അതാമയുടെ വീടെന്ന്
ധരിപ്പിക്കാറുണ്ട് മാമി.

മാട് ചോരുമ്പോൾ 
വീട് പൊത്താൻ
വലിയൊരാമത്തോട്
സ്വപ്നം കാണും കുഞ്ഞോൻ.

മാമന്റെ കാലിലെ ചുണ്ടൻബെരല്
ആമത്തല പോലെയുണ്ടെന്നാദ്യം
തോന്നിയതെനിക്കാണ്.
കുഞ്ഞോനെ കാണിച്ചപ്പോൾ
ആമക്കാലെന്ന് ചിരിച്ചു അവൻ.

ആമത്തോട് ചിലപ്പോൾ
ഞങ്ങൾക്ക് കളിപ്പാട്ടമാണ്.
മരപ്പാവകൾക്കു
പുറത്തു വെച്ചുകെട്ടി
ഞങ്ങൾ തെയ്യം കളിക്കും.
അത് മാമന്റെ ചാമുണ്ഡി പോലെ
മുറ്റത്ത് ഉറയും.

തെയ്യമാകുമ്പോൾ തല പുറത്തേക്കിടുന്ന
മറ്റൊരു മാമനെ കണ്ടിട്ടുണ്ട് ഞാൻ.
ഉശിരുള്ള മാമൻ.
ഉറഞ്ഞു തുള്ളുന്ന മാമൻ.
കോലമഴിച്ചാൽ,
കെട്ടമണം വരും പോലെ
മാളത്തിലേക്ക് വലിയും.

ഒരിക്കൽ
തീയേത് തെയ്യമേത്
എന്ന് തിരിയാത്ത പരുവത്തിൽ
മേലേരിയിൽ കുളിച്ചുകൊണ്ടിരിക്കേ
കാലറ്റത്തൊരു കാരാമയുണ്ടെന്ന്
മാമൻ മണത്തറിഞ്ഞു.

പാകത്തിന് ഉള്ളുവെന്തപ്പോൾ
പിച്ചാത്തിക്കൊടിയാൽ
പാദത്തിന്റെ തലയറുത്തു.
പഴുപ്പ് ഉറഞ്ഞ് തുള്ളി
മേലേക്ക് കേറിക്കേറി പോയതും
മാമൻ അവസാനത്തെ വാക്കുരിക്ക്
അരിയെറിയും പോലെ തലകുനിച്ചു.

‘‘മലർന്നു കാണണമെന്നാണോ
കമിഴ്ന്നു കാണണമെന്നാണോ,
എണ്ണം തികഞ്ഞോ, വണ്ണം തികഞ്ഞോ...’’

കുഞ്ഞോനും
ആമയെ മണത്ത് കണ്ടുപിടിക്കും.
പതിനാലാം വയസ്സിൽ
പകരത്തിന് തീത്തെയ്യം കെട്ടി
നൂറ്റിയൊന്ന് വട്ടം
മേലേരിയിൽ മൂക്കുമ്പോൾ
നാട്ടുകാർ ആവേശം കൊണ്ടു:
അച്ഛന്റെ വളയ്ക്ക് ആളായി!
മാമിയന്നേരം മറ്റൊരു മേലേരി
നെഞ്ചില് ചുമന്നു.
മറുത്തൊരു ദൈവത്തെ
തോറ്റിയുണര്‍ത്തി.

അപ്പോൾ ഉള്ളത്തിൽ
കണ്ണ് മിഴിക്കുന്നു
മെല്ലെ മെല്ലെ വെന്തു ചാവുന്നൊരാമ...

(*ഏമേ- തുളുവിൽ ആമ.
*തിരിയാത്ത- തിരിച്ചറിയാത്ത.
*മേലേരി- കനൽ കൂമ്പാരം.)

Comments