വിജില

എവിടെ എവിടെ എവിടെ

വിജില

ഒന്ന്

ലിന്റെ ഉച്ചിയിലുണ്ട്
ആറിന്റെ അമരത്തുമുണ്ട്
കാറ്റ് കോരിയെടുത്ത കിരണൻ,
മഴ പാറ്റിയെടുത്ത കാറ്റ്
അന്തി നുള്ളിയിട്ട വെയിൽ
മറയത്തെ നക്ഷത്രങ്ങളിൽ കൊരുത്ത
ഇരുണ്ടുകൂമ്പിയ സന്ധ്യ

ഒരു കുലുക്കിസർബത്തിൽ തെളിയും ഉലകമേ എന്ന്
ഓർത്തെടുക്കും മധുരമേ
എവിടെ, എവിടെ, എവിടെ?

നെല്ലിക്ക വീഴും
കുന്നിൻ മോളിൽ
കുഞ്ഞുപാദങ്ങൾ
പുല്ലിൽ ചവിട്ടി
ടിപ്പിയും തൂക്കി
പാലുതൂകിക്കൊണ്ടിരിക്കേ
ഒരു മഞ്ഞുപെറ്റിക്കോട്ടിൽ
ലോകം
പുലരുന്നു.

രണ്ട്

തീരത്ത്
തെളിഞ്ഞ ഒരു പേര് മാത്രം
ഒരൊഴുക്കിലും മായാതെ
എന്നോട് മിണ്ടിക്കൊണ്ടിരിക്കുന്നു
പേരിലെന്തിരിക്കുന്നു എന്ന്
മാനത്ത് നോക്കിയിരിക്കേ
തെളിഞ്ഞ ചന്ദ്രക്കലയിൽ
പൂർണത തേടുന്നു.

മൂന്ന്

കാന്തതയിലും
തളിർക്കുന്ന
ഇടയൻ്റെ
അസാന്നിധ്യത്തിലും
ഇലകൾ തന്നെ ഉരിഞ്ഞെറിഞ്ഞ
നിശാഗന്ധി
നിറയെ പൂത്ത
ഒരൊറ്റ മരം എന്ന്
നിശ്ചലതയിലും
മുളന്തണ്ടില്ലാതെ
എന്തോ തിരഞ്ഞ്
പാടുന്നു.


Summary: നെല്ലിക്ക വീഴുംകുന്നിന്‍ മോളില്‍കുഞ്ഞുപാദങ്ങള്‍പുല്ലില്‍ ചവിട്ടിടിപ്പിയും തൂക്കിപാലുതൂകിക്കൊണ്ടിരിക്കേഒരു മഞ്ഞുപെറ്റിക്കോട്ടില്‍ലോകംപുലരുന്നു.


വിജില

കവി, എഴുത്തുകാരി, പ്രണത ബുക്സിൽ  എഡിറ്റർ. ‘അടുക്കളയില്ലാത്ത വീട്‌’ ആദ്യ കവിതാ സമാഹാരം.

Comments