എന്റെ അച്ഛൻ
എന്റെ അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ വെള്ളക്കടലാസ്സിൽ പൊതിഞ്ഞതാണ്,ജോലിക്കിടയിൽ കഴിക്കാൻ പൊതിഞ്ഞെടുക്കുന്ന സാൻഡ് വിച്ചു പോലെ
മാന്ത്രികൻ തൊപ്പിയിൽ നിന്നു മുയലിനെയും തൂവാലയും എടുക്കുന്നത് പോലെ,
തന്റെ കുറിയ ശരീരത്തിൽ നിന്നും സ്നേഹം വലിച്ചെടുക്കുന്നു അദ്ദേഹം.
കൈയിലെ പുഴകളാകട്ടെ
നന്മകളാൽ കവിഞ്ഞൊഴുകുന്നു.
ഒരിക്കൽ ഒരു മഹാപ്രണയം
ഒരിക്കൽ ഒരു മഹാപ്രണയം
എന്റെ ജീവിതത്തെ രണ്ടായി മുറിച്ചു.
ആദ്യ ഭാഗം രണ്ടായി മുറിഞ്ഞ പാമ്പിനെപ്പോലെ മറ്റൊരിടത്തേക്ക് വളഞ്ഞു പുളഞ്ഞു പോകുന്നു
കാലത്തിന്റെ പാച്ചിൽ എന്നെ ശാന്തമാക്കി
മനസിന് ആശ്വാസവും കണ്ണിനു വിശ്രമവും കൊണ്ടുതന്നു
ഞാൻ യൂദയ തെരുവിൽ
'കടൽ വിതാനം 'എന്നെഴുതിയ ചൂണ്ടുപലക നോക്കി നിൽക്കുന്നവനെപ്പോലെയാണ്.
അവനു കടൽ കാണാനാവില്ല, പക്ഷെ അറിയാം.
അങ്ങനെ നിന്റെ മുഖം എല്ലായിടത്തും ഞാൻ ഓർക്കുന്നു, മുഖമെന്ന തലത്തിൽ…
കഷ്ടം, നമ്മളൊരു
നല്ല സൃഷ്ടി ആയിരുന്നു
അവർ എന്റെ അരക്കെട്ടിൽ നിന്ന്
നിന്റെ തുടകളെ ഛേദിച്ചു.
എനിക്കവർ എല്ലായ്‌പോഴും ശസ്ത്രക്രിയ വിദഗ്ധർ ആണ്, എല്ലാവരും.
അവർ നമ്മെ തമ്മിൽ വേർപെടുത്തി,
എനിക്കവർ യന്ത്രവിദഗ്ധർ ആണ്.
കഷ്ടം, നമ്മൾ നല്ല സ്നേഹമാർന്ന സൃഷ്ടി ആയിരുന്നു: ആണും പെണ്ണും ചേർന്ന ഒരു വിമാനം, ചിറകുകളും മറ്റുമായി.
നമ്മൾ ഭൂമിയിൽ നിന്നും അല്പം ഉയർന്നു പൊങ്ങി
നമ്മൾ കുറച്ചു ദൂരം പറന്നു.
ഒരാളെ മറക്കുന്നത്
ഒരാളെ മറക്കുന്നത്
വീടിന്റെ പിന്നാമ്പുറത്തെ വെളിച്ചം അണക്കാതിരിക്കുന്നത് പോലെയാണ്,
അത് പകൽ മുഴുവൻ തെളിഞ്ഞു കിടക്കും.
പക്ഷെ അപ്പോൾ അതേ വെളിച്ചമാണ്
നമ്മളിൽ ഓർമ്മകൾ ഉണ്ടാക്കുന്നത്.