നൂർലീന ഇൽഹാം

​ ഹൈറാർക്കി

ഒന്ന്: പശ്ചാത്തലം

രിത്രരേഖകളിൽ നിന്ന്
പലായനം ചെയ്യപ്പെട്ട
അതിപുരാതനമായ
ഒരു മ്യൂസിയത്തിന്റെ
കെട്ട്പിണഞ്ഞ് പോയ
വേരുകൾ.
ഒരഗ്രം അടർന്നു-
കൊണ്ടിരിക്കുന്ന
ഗുഹാമുഖങ്ങളിൽ
കാവലായി നിൽക്കുന്ന
വല നെയ്യാനാവാത്ത
ചെന്നായ് ചിലന്തികൾ,
കഴുതപ്പുലികളുടെ
താടിയെല്ലിൽ
കൊരുത്തിവെച്ച
വരയൻ കുതിരയുടെ
ഇറച്ചിത്തോട്
പോലെ കീഴ്പ്പോട്ട്
തൂങ്ങിയാടുന്ന ഭിത്തിയിൽ
ഞാത്തിയിട്ടിരിക്കുന്ന
നാരികളുടെ
വാരിയെല്ലുകൾ

ഭൂമിയിലെ എറുമ്പുകൾ
മാത്രം കുടിയേറി പാർത്ത
ചേരികളിലെ വഴുക്കൻ
കല്ലുകളുടെ നാമങ്ങൾ
കൊത്തിവെച്ച പടച്ചട്ടകൾ.
ഭൂമിയിൽ നിന്ന്
ഇടയ്ക്കിടെ
പതം പൊന്തി വരുന്ന
തെക്കൻ ഗോവണിക്കാറ്റിൽ
മുഖം പൂഴ്ത്തുന്ന
ചണച്ചാക്കുകളിൽ
പൊതിഞ്ഞു പൂഴ്ത്തപ്പെട്ട
ബലാൽസംഘരഹസ്യങ്ങൾ

രണ്ട്. രംഗം 1

മേൽക്കൂരയിലെ
തിരശ്ശീലകൾ
വഴുതി നിരങ്ങുന്നത്
നാടകക്കളരിയിലെ
ആദ്യമണിമുഴക്കത്തിലാണ്.
സംഖ്യകളിൽ ആയിരം
കാളരാത്രികൾ
അടയിരുന്ന
സ്ത്രീകളപ്പോൾ
അക്കങ്ങളിൽ തിട്ടപ്പെടുത്തിയ പരിണാമസിദ്ധാന്തങ്ങളുടെ
നാടകത്തിൽ
രംഗപ്രവേശനം ചെയ്യും
ഉന്മാദങ്ങളുടെ ത്രിവർണ്ണസന്ധ്യാ
ലഹരികളിലാറാടി
പടച്ചട്ടകൾ ചുവട്
വെക്കുമ്പോൾ വാരിയെല്ലിൽ
ഫ്ലൂറസന്റ് മിന്നും
ചണച്ചാക്കിൽ നിന്ന്
കോറസ് ഗാനമുയരും

മൂന്ന്: രംഗം 2

ക്സിറ്റില്ലാത്ത
മ്യൂസിയത്തിൽ പിന്നെ
പെരുമ്പറകൾ മുഴങ്ങുന്നത്
എൻട്രൻസുകളിലെ
ആൾപ്പെരുക്കത്തിന്റെ
തള്ളിച്ചകളിലാണ്.
മ്യൂസിയത്തിൽ
പുകൾപെറ്റ ലിംഗങ്ങളുടെ ഗദ്ഗദമുയരുമ്പോൾ
നാടകം പതിയെ
അരങ്ങൊഴിയും
അരങ്ങാടി തിമിർത്തവരപ്പോൾ
കളമൊഴിഞ്ഞ്
മൂട്ടകൾ വിസർജ്ജിക്കുന്ന മെത്തകളിലെ
കിടപ്പറരഹസ്യങ്ങളിലേക്ക്
കുടിയേറും

ഇനി നിവർന്ന ലിംഗങ്ങളുടെ
നാടക കസർത്താണ്
എന്നാൽ അവരിപ്പോൾ
ഭൂമിയിലേക്കുള്ള
രഹസ്യതുരങ്കത്തിന്റെ
കല്ല്‌ പാവുന്ന തിരക്കിലാണ്,
ശ്രേണിയിലെ പുതിയ
കണ്ണികളുടെ വരവേൽപ്പിൽ
അടുത്ത പെരുമ്പറ
മുഴങ്ങുമ്പോൾ
ചിതമ്പലുകൾ പൊഴിക്കുന്ന
മരയോന്തിനെ പോലെ
മൺമറയേണ്ടതറിയാതെ!

പാഠം

ളിച്ചോടി പോയവരേക്കാൾ
ആൾപ്പെരുക്കത്തിൽ
തിരസ്കിരക്കപ്പെട്ടവരാണ് ചരിത്രത്തിലേറെയും!!​▮

Comments