സുകുമാരൻ ചാലിഗദ്ദ

ഇടിമുട്ടി

ഞാനും ഒരു കർഷകനാണ്
പക്ഷേ ആദിവാസിയാണ്.
പക്ഷെ പത്തുസെന്റും ഇരുപതും
ഒരേക്കറും ഉള്ളവരും
ഒന്നുമില്ലാത്തവരും കർഷകരാണല്ലോ?

ഒന്നുമില്ലെങ്കിൽ ഒരു
മുളക് ചീര പയർ കയർ കണ്ണി
കാച്ചിൽ ചേന ചേമ്പ് വാഴ
നടുന്നവരാണ് ആദിവാസി.

അങ്ങനെ ഇച്ചിരി സ്ഥലത്തിൽ നട്ടു
വാഴ ചേമ്പ് ചേമ്പ് കാച്ചിൽ മരുന്ന്.
വിളയായി വിളിയായി വിളമ്പിയായ്.

പന്നി വന്നു ആന കുതിര തേങ്ങ മാങ്ങ.
ഞാനും അപേക്ഷ കൊടുത്തു
കൃഷിനാശത്തിനുള്ള സഹായഅപേക്ഷ.
കിട്ടിയില്ല തട്ടിയില്ല മുട്ടിയില്ല ഇടിച്ചില്ല
ഇടിമുട്ടി കിട്ടിയതുമില്ല.

ഒരു മാസം രണ്ടും മൂന്നും നാലും
അഞ്ചും ആറും മാസം കാത്തിരുന്ന്
കാവലിനായിക്കിടന്ന മക്കക്ക്
നല്ലതായി തീറ്റ കൊടുത്തിട്ട്
അപേക്ഷ വന്നില്ല സ്വീകരിച്ചില്ല.
കിട്ടിയില്ല കിട്ടുകയുമില്ല.

ഉറപ്പ്
സത്യം?

കിട്ടില്ല, ആദിവാസി കർഷകനല്ല
വെറും തൊഴിലാളി
വെറും വെറും വെറും
വെറും വെറും വെറും?

ഒരു പന്നിയോടി ഒരു ആനയോടി
കർഷകന്റെ വിത്തിൽ കേറി
കാൽവെച്ച് വെച്ച് വെച്ച് നീട്ടി നീട്ടി
എല്ലാം തീർത്ത് തൂറിയത്
എന്റെ വീടിന്റെ മുൻപിൽ.

ആദിവാസി രാവിലെ നോക്കുമ്പോൾ
ആനതീട്ടം പന്നിതീട്ടം മാൻതീട്ടങ്ങൾ കണ്ട്
പക്ഷികളെഴുതിവെച്ച ഒരു മണൽക്കത്തിൽ
പറഞ്ഞിരിക്കുന്നു വളരെ നല്ല തമാശ.

സ്വന്തം തിന്നാൻ വേണ്ടി കുറച്ച്
കപ്പ നട്ടു കാച്ചിൽ നട്ടു
ഒരു മുയലാന
ഒരു പന്നി കുറുക്കൻ
ഒരു മാൻ കുരങ്ങൻ
വന്നതിലേ പോയനേരം
മയിൽ പീലി വിടർത്തി
ഇന്ത്യയുടെ പതാക കാണിച്ച്
ഒരു പൊൻമാൻ പറയുകയാ
ഞാനും ഒരു കർഷകനാണെന്ന്.

തിണ്ണ ഉറപ്പിക്കുക്കാൻ വേണ്ടി
പുതിയ ഇടിമുട്ടി ചെത്തിമിനുക്കി
കാത്തിരുന്നപ്പോൾ വേഗം
നിലംകിളച്ച് നീരെറിഞ്ഞ്
വിത്തെറിഞ്ഞ് വിള കൊയ്യാൻ
കൊതിച്ച് പറമ്പിലേക്കൊരു കണ്ണും കൊടുത്തു.

ഇടിമുട്ടിയുടെ മുട്ട് കേൾക്കാൻ
മുട്ടാൻ തിണ്ണയിൽ വെച്ചിട്ടുണ്ട്.
തറ പോവാത്തൊരു
തിണ്ണയുറപ്പിക്കണം.
ഇടിമുട്ടി.


സുകുമാരൻ ചാലിഗദ്ദ

വയനാട്ടിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ശ്രദ്ധേയ കവി. റാവുള ഭാഷയിലും മലയാളത്തിലും എഴുതുന്നു. കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം.

Comments