എന്നിൽ ഒളിപ്പിച്ചുവെച്ച
പൂന്തോട്ടമാണ് നീ
വേനൽ കനക്കുമ്പോൾ
നിന്റെ ചില്ലകൾക്കിടയിൽ
ഞാനൊളിച്ചിരിക്കും.
എനിക്കുമുകളിൽ നീ
ചുവന്നും
മഞ്ഞച്ചും
നീലിച്ചും
കിടക്കുമ്പോൾ
നിന്റെ വേരുകൾ കാണാൻ
കൊതിയാകും.
ഇലഞരമ്പുനോക്കി
വേരുകളുടെ ഘടന പഠിക്കും
പൂവ് നോക്കിയതിന്റെ
ആഴം പഠിക്കും
ആദിമമായ ഉൾവിളിയോടെ
തായ്ത്തണ്ടിൽ നിന്നും
വേര് പൊട്ടിപ്പിളരുന്നിടത്തേക്ക്
നൂഴ്ന്നിറങ്ങും.
ഇലകളുടെ നാരെടുത്ത്
വേരുകൾക്ക് മോതിരമിടും
പൂവിന്റെ വിത്തെടുത്ത്
കിരീടംവെക്കും.
നീയപ്പോൾ
നനഞ്ഞു
തളിർത്തു
വീണ്ടും പൂക്കുമ്പോൾ
പൂവുകാണാൻ കൊതിതോന്നും.
പൂക്കളിലേക്കെത്താൻ
ഞാനിപ്പോൾ
വേരുകളെനോക്കി
ഇലകളുടെ ഘടന പഠിക്കുകയാണ്.

കെ.ജെ. വിനോദ്