ജാരജന്തു

വൻ പോയതിനു ശേഷം
ഒഴിഞ്ഞ മരുന്നു കോപ്പപോലെ ഞാൻ നിശ്ശൂന്യമാവുന്നു
അവൻ പോയതിനു ശേഷം നരഭോജിയുറുമ്പുകൾ
അവനെ മണം പിടിച്ച് എന്നെ വിശന്നു നടക്കുന്നു.
എന്നെക്കാണുമ്പോൾ ഇറച്ചിക്കായ് കരയുന്ന പൂച്ചകൾ
ജനലിലൂടെ കഷായമുറിയിലേയ്‌ക്കെത്തിനോക്കുന്നു
അവരുടെ മീശപ്പരുപരുപ്പിലെ നര
എന്റെ തൊണ്ടയിൽ കുരുങ്ങിയ മീൻ മുള്ളു പോലെ
എന്റെ ചുണ്ട് തുന്നിയ അവന്റെയും മീശരോമങ്ങൾ
എന്റെ രഹസ്യങ്ങളുടെ പുൽപ്പാടങ്ങൾ

ഞാനൊരു കാക്കകറുത്തരാക്ഷസിയും
അവനൊരു വെളുവെളുത്തപൂച്ചയുമായിരുന്നു
അവന്റെയൂഴത്തിൽ ഞാനെന്ന കാക്കയെ തീച്ചുട്ടു
തീവണ്ടിമുറികളിൽ തെരുവുകളിൽ ഞാൻ പൊള്ളി

എന്റെയത്താഴങ്ങളിൽ രോമമൂരി
നഖമൂരി ഞാനവനെ പച്ചയിൽ ഭക്ഷിച്ചു.
കുത്സിതനീക്കങ്ങൾ നടത്തിയ ശേഷം
അവനെയപ്പാടെ ഞാൻ വിഴുങ്ങി
ചാത്തൻ സേവയ്ക്ക് മത്സ്യായുധം വീശിയ അവനെ

സന്മാർഗ്ഗദായിനി മരുന്നു ശാലയിൽ തൈലമിളക്കെ
എന്റെ ഉടലിൽ നിറയെ കണ്ണുകളും ചുണ്ടുകളുമാണെന്നവൻ പറഞ്ഞു
മുടിയിൽ തലോടുമ്പോൾ കൺപീലികുത്തിയവനു നൊന്തു
കണ്ണുകളിൽ തീകൊണ്ട നാഢിക്കഷായമിളകി
ചുണ്ടുകളിൽ കുങ്കുമത്താമരമണത്തു.
കയ്യുണ്ണീകളിൽ വെന്ത് എണ്ണയിൽ മുടിയുലർത്തി
മരുന്നുപുകയിൽ വേർത്ത്
കാട്ടു മരുന്നുകൾ താളിച്ച് ചേർക്കെ ജീവിതം കട്ടയടർന്നു.

നാടറിഞ്ഞ് വീടറിഞ്ഞ് നാട്ടാരറിഞ്ഞ് കണ്ടോരറിഞ്ഞ്
കുണ്ടന്മാർ കുണ്ടനിടവഴിയിൽ എന്റെ വീർത്തപള്ള വരച്ചു
വീടാദ്യം കത്തിത്തീർന്നു പിന്നെ നാടും
വൈദ്യരു പേടിച്ചു ശാലയിൽ നിന്നും ഞങ്ങളെ പുറത്താക്കി

ഓനൊപ്പം ഓടിപ്പോരുമ്പോൾ വഴിവക്കിൽ
കഴുത്തൊലി ചേർത്ത് മക്കന വല്ലാതെ കീറി
പർദ്ദയുടെ കറുപ്പിൽ നഷ്ടയാഫ്രിക്കകൾ നീറി
ആളുകളെറിഞ്ഞ കല്ലുകളിൽ ഹവായികളിൽ
ഞാൻ എന്നെന്നേയ്ക്കുമായി വെറുക്കപ്പെട്ടവളായി.
പള്ളിക്കണ്ടിയിൽ ആങ്ങളാരു
എനിക്കായിക്കുത്തിയ ഖബറിൽ എന്റെയുപ്പ ഉറങ്ങി.

റ്റ്രാൻസ്‌പോർട്ട് ബസ്സിലെ
സീറ്റിലിരുന്നു എന്റെചുരുൾമുടി ആദ്യാകാശം കണ്ടു.
അതിന്റെ നീലമേഘമൂടലിൽ ഇടി വെട്ടി
വള്ളാഹിയെന്ന് ആരോ ഞെട്ടി
വയൽപ്പുരകളിലെ നെല്ല് വീശി നിന്ന നിൽപ്പിൽ
പെണ്ണുങ്ങൾ വായപൊത്തി.
പള്ളിക്കണ്ടിയിൽ ലാഹിലാഹ കേട്ടു
ഞാൻ പച്ചത്തുണിയിൽ മരിച്ചു കിടന്നു.
എന്റെ മീസാൻ കല്ലുകളിൽ ചോരപൊടിഞ്ഞു

അവർ കളരിയ്ക്കുക്കും മരുന്നിനും പേരു കേട്ട പണിക്കന്മാർ
അവർക്ക് ദൈവം ശാസ്താവ്
നടയ്ക്കൽ നിന്ന് തൊഴുതില്ലെങ്കിലും കൈകൂപ്പിയില്ലെങ്കിലും
ഞാൻ ദ്വർന്നു "" ഇന്റെ പടിച്ച്യോനെ''
അവരുടെ ചേറിൽ പുഞ്ചകൾതെഴുത്തുനിന്നിരുന്നു കളകളും
അവരുടെ ആറിൽ ബ്ലാഞ്ഞിലും തൂളിയും ചൊട്ടാവളയുമ്പുളഞ്ഞു

ഉമ്മവെയ്ക്കുമ്പോൾ അവന്റെ ചെവിയിലെ മുടിവൈക്കോൽ തൊട്ട്
കളപ്പുരയിൽ ധാന്യം വിതറിയ തറയിൽ എനിക്ക് പനിക്കോൾ
എന്നിട്ടും നാട്ടുപുഞ്ച തനിച്ചേറിൽ പൂത്തുമലർന്നു.
ആറു ദിവസങ്ങൾ രാവും പകലും
അവൻ ദൈവത്തെപ്പോലെ വിയർത്തു പണിയെടുത്തു
ഏഴാം നാൾ അവന്റെ പെണ്ണെത്തി അവന്റെ കുട്ടികളുടെ തള്ള
അവനവിടെ അച്ചിയുണ്ടെന്നും കൊച്ചൊണ്ടെന്നുമറിഞ്ഞ്
എന്റെ ശ്വാസം കെട്ടുപോയി
വയലിലെ ചേറുമണക്കെ എനിക്ക് ഓക്കാനിച്ചു
ഞാൻ വലിയവായിൽ കന്നിപ്പട്ടിയെപ്പോലെ ഓരിയിൽ മോങ്ങി.
അവളെന്റെ വയർതൊട്ടു. നീണ്ടശ്വാസമെടുത്തു
ഒന്നും സംസാരിച്ചില്ല
രണ്ട് പെൺനിസ്സഹായതകൾക്കിടയിൽ
നുള്ളിയും ഞാവിയും ഇശ് ഇശ് എന്ന് അവന്റെ മകളുടെ തലയിലെ
നൂറു പേനുകളെ ഞങ്ങൾ കൊന്നു.
അവൾ മിണ്ടാതെ മടങ്ങി.
പാതി വരമ്പിൽ നിന്നും സെയ്ഫുന്നീസ്സാന്നു നീട്ടി വിളിച്ചു.
ഒന്നു മടിച്ചെങ്കിലും സ്വകാര്യം പോലെ അവനു സേവയുള്ള രഹസ്യം പറഞ്ഞു..

ഞാനൊന്ന് കിടുങ്ങിപ്പോയി ""റബ്ബേ''
ചാത്തനും പോത്തനും മാത്രമല്ല നല്ല ഒന്നാന്തരം മറ്റേസേവ
പാതിരയിൽ അവന്റെ ശാസ്താവിനു കലിപൊട്ടി.
അവളുടെ പ്രാക്കായിരിക്കണം
ആനപ്പറമ്പിൽ ഉപ്പനില്ലാത്ത ഒരു കൂവൽ
മുറിയടന്തയിൽ കൊരലാരമിട്ട് ശാസ്തനു വേല

അവനുഴുന്നു പോയ ശേഷം വരമ്പ് മുറിയുന്നു
തുടയിൽ തുടമ്പൊട്ടിയ ചോരപ്പിരിയന്മാർ
മടപൊട്ടിയ പാടം മഴവെള്ളം ചോന്നു കടൽകലങ്ങിയ ആറു
മരിച്ച ജലകന്യമാരെപ്പോലെ മുടിപരത്തിയ നെൽച്ചെടികൾ
എന്റെ ചോരചെമ്പിച്ച ഗുഹ്യരോമങ്ങൾ അവയുടെ ചളിനിറഞ്ഞ വേരുകൾ
കടലിലേയ്ക്കു പെരുകുന്ന മരിച്ചകുഞ്ഞുങ്ങളുടെ മൃതഘോഷയാത്ര.

അവൻ പോയ ശേഷം മുലക്കണ്ണിന്റെ അഗ്‌നിപർവ്വതം
പൊട്ടിയൊഴിഞ്ഞ പോലെ ഞാൻ നിസ്സഹായമാകുന്നു.
പോലീസ്സുകാർ ലാത്തികയറ്റിയതു പോലെ ഞാൻ
അവന്റെ മുണ്ടിൽ ചോരയൊഴിക്കുന്നു..
അവിടെനിന്നോടുകയല്ലാതെ മറ്റെന്തു വഴി?
അവനെന്ന ചങ്ങല പൊട്ടിക്കാതെ എന്തുവഴി?

മൽപ്പൊറത്ത് തട്ടത്തിന്റെ തണുപ്പിൽ
മിച്ചറു തിന്ന് മഴകൊണ്ട് കട്ടൻ മോന്തി കിറി തുടച്ച്
പിയ്യാപ്പള ചോദിച്ചു. ""ഓനാ ഞാനാ''?
ചുരുൾമുടിരാക്ഷസിയുടെ മുലയുണ്ട
(മർജ്)ജാരകണ്ടനെയോർത്ത് ഞാനൊന്നു ഞെട്ടി.
ഞാൻ നക്കിത്തോർത്തിയ അവന്റെ
ആത്മാവിന്റെ കഷായരുചിയിൽ ചുണ്ട് നനഞ്ഞു.
ഒന്നും മിണ്ടിയില്ല. മിണ്ടാൻ പറ്റില്ല
ആണുങ്ങളോട് ഇക്കാര്യത്തിൽ സത്യം പറയരുത്
ചുമ്മാ നാണിച്ചപോലെ നിന്നോളണം.
""ഞാനാ?''
""മ്ഹ്മ്''
""എന്ത്ത്തനാ ബളെ ഇജിയോനെ കാര്യം തീർത്തത്?''
അയാൾ കുണ്ടിയടക്കം പിടിച്ച് എന്നെ ഞെരിച്ചു.
""സേവ ഓനിക്ക് ഭയങ്കര സേവ'' പുളഞ്ഞ് നുളഞ്ഞ്
വേദനയിൽ എനിക്ക് പ്രാണൻ മുറിഞ്ഞു
""എന്ത് സേവ?'' പിയ്യാപ്പള ആദ്യത്തെ കട്ട വെച്ചു
പറയാതെ വയ്യ
""കർസേവ കർസേവ'' എനിക്ക് ശ്വാസം മുട്ടി

അവൻ അവിടെ തകർത്ത ഓരോ കട്ടയും ഞാനായിരുന്നു
അവൻ കുത്തിയിളക്കിയ ഭിത്തികൾ എന്റെയായിരുന്നു
ചാരപ്പ്രാവുകൾ ഇണചേർന്ന വെള്ളിമിനാരം എന്റെ മുലകൾ
മുസല്ല വിരിച്ച മാർബിൾത്തറ എന്റെ തൊലി
തണുത്ത തെളിവെള്ളം നിറഞ്ഞ കൽത്തൊട്ടി എന്റെ കണ്ണീർ
എന്റെയുള്ളിൽ ഞാനെന്ന പള്ളി അമ്പേ തകർന്നു വീണു

അവൻ പോയതിനു ശേഷം
വിഷാദസ്വരമുള്ള ബാങ്ക് വിളി കേട്ട്
ഞാൻ എന്നെന്നെക്കുമായി നിശബ്ദയാകുന്നു
കുഴമ്പ് മണക്കുന്ന വിരൽ കൊണ്ട് മക്കന താഴ്ത്തി മുഖം മറയ്ക്കുന്നു


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments