സിമിൻ ബഹ്ബഹാനി / Photo: Wikipedia

മനോഹരിയായി അടുത്തുവന്നവർ

മനോഹരിയായി അടുത്തുവന്നവർ

ഇറാനിൽ തുടർന്നുവരുന്ന സ്ത്രീസ്വാതന്ത്ര്യപോരാട്ടങ്ങളും അതിനിടയിലെ രക്തസാക്ഷിത്വങ്ങളും വാർത്തയല്ലാതാവുമ്പോൾ, എഴുത്തിലൂടെയും പ്രവർത്തികളിലൂടെയും പ്രതിരോധം തീർത്ത് അധികാരിവർഗത്തിനെ നിരന്തരം ചോദ്യം ചെയ്ത ഇറാനിയൻ എഴുത്തുകാരിൽ മുൻനിരക്കാരിയായിരുന്ന സിമിൻ ബഹ്ബഹാനിയുടെ കവിതകൾ പ്രസക്തമാകുന്നു. എഴുത്തുകാരായ മാതാപിതാക്കളുടെ മകളായി 1927ൽ ജനിച്ച് 14ാം വയസ്സുമുതൽ കവിതകളെഴുതിത്തുടങ്ങിയതാണ് സിമിൻ. പ്രശസ്ത പേർഷ്യൻ കവി നിമയെ അനുകരിച്ച് നാലുവരി കവിതകൾ എഴുതിത്തുടങ്ങി. അതിനുശേഷം ഗസൽ രീതിയിലേക്ക് കവിതാശൈലി മാറ്റി. സംഭാഷണ ശകലങ്ങളും, ദൈനംദിന ജീവിതചര്യകളുടെ ചിത്രീകരണവും, നാടകീയതയും ചേർത്ത് ഗസലിനെ പരിഷ്‌കരിച്ചു. 1997 ലെ സാഹിത്യനോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.1998 ൽ Human Rights watch Hellmant Hammet Award, 1999ൽ Carl Von Ossietzky Medal എന്നിവ ലഭിച്ചു. ആശയസ്വാതന്ത്ര്യത്തിനുള്ള നിരന്തര പ്രയത്‌നങ്ങളിലൂടെയും സമരങ്ങളിലൂടെയും ‘ഇറാനിലെ പെൺസിംഹം’ എന്നറിയപ്പെട്ട സിമിൻ ബഹ്ബഹാനി 2014ൽ അന്തരിച്ചു.

ത്ര മനോഹരിയായി അവർ അടുത്തെത്തി..
നീല പട്ടുവസ്ത്രം ധരിച്ചു,കൈയിൽ ഒലിവിന്റെ ചില്ലയും
കണ്ണിൽ അനേകം കഥകളുമായി

ഞാൻ ഓടിച്ചെന്ന്, കൈയിൽ പിടിച്ചവരെ സ്വീകരിച്ചു:
അവരുടെ ധമനികളിൽ രക്തം തുടിച്ചു കൊണ്ടിരുന്നത് ഞാൻ അനുഭവിച്ചു
ശരീരത്തിന്റെ ഇളം ചൂടും.

ഞാൻ പറഞ്ഞു,
‘അമ്മേ, നീ മരണപ്പെട്ടു.
കാലങ്ങൾക്ക് മുമ്പ് നീ മരിച്ചു'

അവർക്ക് കർപ്പൂരഗന്ധം ഇല്ലായിരുന്നു.
ശവക്കച്ചയിൽ പൊതിഞ്ഞിരുന്നുമില്ല.

ഒലിവുചില്ലയിലേക്ക് ഞാൻ പാളിനോക്കി.
ഒരു പുഞ്ചിരിയോടെ അവർ പറഞ്ഞു,
‘നീ ഈ സമാധാനത്തിന്റെ ചിഹ്നം സ്വീകരിക്കൂ'

അവർ എന്നെതന്നെ നോക്കികൊണ്ടിരുന്നു.

ഞാൻ അത് കൈയിൽ വാങ്ങി,
‘ശരി, ഒരു ചിഹ്നം...
അതിശീഘ്രം കുതിരപ്പുറത്തു പാഞ്ഞുവന്നവന്റെ
കുപ്പായത്തിനടിയിലെ ആയുധം ഞാൻ കണ്ടു.

ഒലിവ് ചില്ല അറുത്ത് വടിയാക്കിക്കൊണ്ട് അവൻ പറഞ്ഞു,
‘പാപികളെ ശിക്ഷിക്കാൻ കരുത്തുള്ളതു തന്നെ'
അതിന് തുളച്ചു കയറുന്ന വേദനയുണ്ടായിരുന്നു.

അയാൾ ജീനിസഞ്ചി തുറന്നു, വടി അതിൽ തിരുകിവെച്ചു.
അതിൽ കഴുത്തിൽ കുരുക്കുമുറുക്കിയ പ്രാവിന്റെ ജഡം ഞാൻ കണ്ടു.

അമ്മ കോപത്തോടെ തിരിച്ചുനടന്നുപോയി.
ഞാൻ അവരെ തന്നെ നോക്കിനിന്നു.
ഇപ്പോൾ അവർ ദുഖിതരെ പോലെ കറുത്ത വസ്ത്രം ധരിച്ചിരിക്കുന്നു.

വ്യാജവാഗ്ദാനങ്ങളെന്ന കറുപ്പ്

രാവ് കുറ്റങ്ങളും രഹസ്യങ്ങളും ഒളിപ്പിച്ച്​
ഒരു ഇരുണ്ട തുളിപ്പ് പുഷ്പം പോലെ ആകാശത്തേക്കുവിടർന്നു.
സൂര്യന്റെ മഞ്ഞമെഴുകുവെട്ടം ചക്രവാളത്തിൽ ലയിച്ചു.
ഭയചകിതമായ എന്റെ കണ്ണുകൾക്കുമുൻപിൽ ഇരുട്ട്,
ഓരോ മൂലകളിൽ നിന്നും കറുത്ത കരങ്ങൾ നീട്ടുന്നു.
കുഞ്ഞുങ്ങളെ കാംക്ഷിക്കുന്ന,
ഒഴിഞ്ഞ തൊട്ടിലുകൾ ക്ഷീണിച്ച വായ് കണക്കെ
കോട്ടുവായിടുന്നു.

എന്റെ ഹൃദയത്തിൽ തിളക്കുന്ന അഗാധമായ വേദനക്ക്
കറുപ്പെന്നപോൽ പൊള്ള വാഗ്ദാനങ്ങൾ.

ഏത് ഭൂതമെന്നേ ആവേശിച്ചാണാവോ
ശുദ്ധവും അലൗകികവുമായ എന്റെ തൃപ്തികളെ മാറ്റിമറിച്ച്
ആസുരമായ അത്യാർത്തിയാക്കിയത്?

ഹവ്വയെപ്പോലെ ശാന്തയായ ഞാൻ
ഗോതമ്പുമണികളാൽ പ്രലോഭിപ്പിക്കപ്പെട്ടതെങ്ങനെ?

ഞാൻ ഒരിക്കൽ ഓക്ക് മരംപോലെ ഉറപ്പാർന്നിരുന്നു, ഇന്നോ
ഒരു മുന്തിരിവള്ളി, ഉടൽ മുഴുവൻ യാചനയുടെ കൈകൾ ഉള്ളവൾ.

ഞാൻ ഇപ്പോൾ മേശവിരിക്കായി പ്രാർത്ഥനാ കമ്പളം വിൽക്കുന്നവൾ
മൊരിഞ്ഞ റൊട്ടിപ്പുറമാണിന്നെന്റെ പ്രാർത്ഥനാശിലകൾ. ​▮


സിമിൻ ബഹ്ബഹാനി

ഇറാനിയൻ കവി, എഴുത്തുകാരി, ആക്റ്റിവിസ്റ്റ്. ‘ഇറാനിലെ പെൺസിംഹം' എന്നാണ് അറിയപ്പെട്ടിരുന്നത്. രണ്ടുതവണ സാഹിത്യ നൊബേലിന് നാമനിർദേശം ചെയ്യപ്പെട്ടു. A Window of freedom, Paper Dress, A Line of Speed and Fire തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ. 2014 ആഗസ്റ്റ് 19ന് മരിച്ചു.

ഡോ. ജ്യോതിമോൾ പി.

കോട്ടയം ബസേലിയസ് കോളേജിൽ ഇംഗ്ലീഷ് അധ്യാപിക. ഇംഗ്ലീഷിലും മലയാളത്തിലും എഴുതാറുണ്ട്. രണ്ടു ഭാഷകളിലും വിവർത്തനം ചെയ്യാറുണ്ട്.

Comments