ജിൽജിൽ

പൂത്തുരുത്തിൽ വഴി തെറ്റി എത്തിപ്പെട്ടവനാണ് ജിൽജിൽ.
ചിറകിൽ ചെറിയൊരു വേദന തോന്നി യാത്രാവേഗം കുറച്ച്
എവിടെയെങ്കിലും വിശ്രമിക്കണമെന്ന് കരുതി താഴ്ന്ന് പറക്കുകയായിരുന്നു.
കൂടെയുണ്ടായിരുന്ന ദേശാടനപക്ഷികളെല്ലാം വേറേ വഴികളിൽ പറന്നു പോയി.
അപ്പോഴാണ് ജിൽജിൽ ഒരു പാട്ട് കേട്ടത്.
അതിനെ പിന്തുടർന്ന് എത്തിപ്പെട്ടതാണീ പൂത്തുരുത്തിൽ.
വന്നു നോക്കിയപ്പോഴെന്താ ഒരു കിടു സുന്ദരി.
ഒരു 8/10 ഒക്കെ റേഞ്ച് വരും.
ചിറകിന്റെ നീളമൊക്കെ കാണണം അമ്പമ്പോ
അവളുടെ ചിറകുകൾ വീശിയ കാറ്റിൽ അവനുലഞ്ഞു.
ലക്ഷ്യം തെറ്റി പല വട്ടം ചിറകിട്ടടിച്ചു.
ഒന്നു ട്രൈ ചെയ്യാൻ ജിൽജിൽ തീരുമാനിച്ചു.

ജിൽജില്ലിനു നല്ല ഇഷ്ടമായി.

നല്ല ഭംഗി ഹായ് ഹായ്

അവൻ കഴുത്തു നീട്ടി

അവളെയാകർഷിക്കുവാൻ

ചിറകുവിടർത്തിയൊന്നു

കുടഞ്ഞൊന്നുമൂളി

"പേരെന്താണ്?"

ജിൽ ജിൽ ചോദിച്ചു

പകരമവൾ ഒരു പാട്ട് പാടി

പേരു ചോദിക്കുമ്പോൾ

പാട്ട് പാടുന്നതെന്തിനെന്ന്

കഴുത്ത് തിരിച്ച് ജിൽജിൽ ചോദിച്ചു.

വല്ല വാനമ്പാടി വളർത്തിയ മകളാകുമോ?

ഹേയ്

ആവുമോ

ഹേയ്

ഈ ഓണം കേറാമൂലയിൽ ഏത് വാനമ്പാടി

"ശൂശൂ

ഞാൻ ജിൽ ജിൽ

കുട്ടീടെ പേരെന്താ?"

അവൾ പിന്നേം പാട്ടു പാടി

ദേ പിന്നേം

ഇനി വല്ല പ്രേതബാധയുള്ള ദ്വീപെങ്ങാനുമാണോ

അല്ല അങ്ങനെയുണ്ടായ ചരിത്രം ഉണ്ടേ

ഈ പാട്ടെപ്പൊത്തീരും

ജിൽ ജിൽ അക്ഷമനായി വാലിളക്കി

ഇങ്ങനെയാണേൽ ഞാൻ പോകാണ്

ജിൽ ജിൽ പറക്കാൻ തയ്യാറായി

പെട്ടെന്നൊരു ശബ്ദം

"ആരാണാരാണാരാണ്

എന്താണെന്താണെന്താണ്

പോവല്ലേ പോവല്ലേ പോവല്ലേ"

പറക്കാനൊരുങ്ങിയ ജിൽജിൽ

സന്തോഷം കൊണ്ട് തുള്ളിപ്പറന്നു

"ഞാനാണ് ഞാനാണ് ഞാനാണ്

ജിൽ ജിൽ ജിൽ ജിൽ ജിൽ

പോവുന്നില്ല എങ്ങോട്ടും പോവുന്നില്ല"

ഹോ ഒന്ന് വായത്തുറന്നല്ലോ

സമാധാനമായി

ജിൽ ജിൽ മുൻപ് പരിശീലിച്ച

നൃത്തത്തിന്റെ

ആദ്യത്തെ രണ്ട് സ്റ്റെപ്പിട്ടു

എനിക്കിതൊക്കെ വെറും സിമ്പിൾ

ഒരെണ്ണം കൂടെ കാണിക്കട്ടെ

കൂട്ടുകാരുണ്ടാരുന്നേലെ

ഒരു ഗ്രൂപ്പ് ഡാൻസുണ്ടാർന്നു

ആ പോട്ട്

ആരാണാരാണാരാണ്

യെന്താണെന്താണെന്താണ്

പോവല്ലേ പോവല്ലേ പോവല്ലേ

ദേ പിന്നേം, ശോ

കുട്ടീ എന്റെ പേര് ജിൽ ജിൽ

ജി

ജി

ജിൽജിൽ

ഞാനെവിടേം പോണില്ല പേടിക്കണ്ട

ഇനി എന്റെ ഭാഷ മനസിലാകുന്നില്ലേ

എങ്ങനെപ്പറഞ്ഞു മനസിലാകുമെന്റെ

പക്ഷിദൈവമേ

ചിറകു വച്ച് ആംഗ്യം കാണിച്ചാലോ

ഐ ലവ് യു ആണെന്ന്?

അല്ലേലൊരു ഫ്ളയിംഗ് കിസ്

അയ്യോ വേണ്ട

അല്ലേലെ ചിറകിലൊരു വേദനയാണ്

ഒരടികൂടെ താങ്ങില്ല

അതും എമ്മാതിരി ആ ചിറകുകൾ

ജിൽജിൽ ഒരിത്തിരി മാറി ഇരുന്നു

"ഒരു പാട്ട് പാടാമോ കുട്ടീ?"

ജിൽ ജിൽ ചോദിച്ചു

അത്ഭുതം ദേ പാട്ട്

അപ്പോ ചെവി കേൾക്കാം

അമ്പടീ ഫുൾ അഭിനയാണല്ലേ

കള്ളീ

ജിൽ ജിൽ പാട്ടിനനുസരിച്ച്

വാലിളക്കി ഡാൻസ് ചെയ്തു തുടങ്ങി

ഇമ്മാതിരി ഡാൻസൊന്നും

ഇവളു കണ്ടുകാണില്ല

ഇതേ രണ്ട് വർഷം എടുത്ത് പഠിച്ചതാണ്

ശോ അവന്മാരൂടെയുണ്ടേൽ കലക്കിയേനെ

വാലിളക്കി കാലിളക്കി കഴുത്തിളക്കി

കൊക്കിളക്കി ജിൽജിൽ ആടി

പാട്ട് തീരും വരെ

ജിൽ ജിൽ ഡാൻസുകളിച്ചു

പാട്ടു തീർന്നതും പക്ഷി പറഞ്ഞു

"നമുക്കങ്ങോട്ട് പോകാം

നമുക്കങ്ങോട്ട് പോകാം

നമുക്കങ്ങോട്ട് പോകാം"

പോവാം അതിനെന്തിനാ

മൂന്നു വട്ടം പറയുന്നേ

പോവാം

പെൺപക്ഷി പറന്നു

കൂടെ ജിൽ ജിലും പറന്നു

പോകുന്ന പോക്കിൽ

അവൻ ചോദിച്ചു

എന്റെ ഡാൻസ് ഇഷ്ടമായോ

നമുക്ക് ഒരുമിച്ച് കൂടുവച്ചാലോ

എനിക്ക് നല്ല ഉയരത്തിൽ

കൂടുവയ്ക്കാനൊക്കെ പറ്റും

അലങ്കാരപ്പണിക്ക്

പ്രത്യേകതരം പുല്ലു വക്കാം

കുഞ്ഞുങ്ങൾക്ക് പൊടിമീനിനെ

പിടിച്ചു കൊടുക്കാം

മഴയിൽ നനയാത്ത

കൂടുണ്ടാക്കിത്തരാം

പെൺപക്ഷി മരത്തിലെയൊരു

ചില്ലയിലിരുന്നു പറഞ്ഞു

"അടിപൊളി അടിപൊളി അടിപൊളി"

ആ ചില്ല ചാഞ്ഞപ്പോൾ

ഏതാനുമിലകൾ കൊഴിഞ്ഞു

സെറ്റ് സെറ്റ്

വീണു

ജിൽജിൽ സന്തോഷം

കൊണ്ടൊരു ശബ്ദം പുറപ്പെടുവിച്ചു

അത് കേട്ട്

ഉറങ്ങുകയായിരുന്ന

ഒരു മുള്ളൻപന്നി

ഞെട്ടി മുള്ളുകൾ

നാലുപാടും തെറിപ്പിച്ചു

ഇപ്പോ വരാം എങ്ങോട്ടും പോകല്ലേ

ജിൽ ജിൽ വേഗം പറന്ന്

കഴിക്കാൻ വല്ല മീൻ കിട്ടുമോയെന്ന് നോക്കി

അതിനിനിയും സമയം പിടിക്കും

വല്ല ഓന്തോ തവളയെയോ വച്ച്

തൽക്കാലം അഡ്ജസ്റ്റ് ചെയ്യാം

അല്ലേൽ പുഴുവോ മണ്ണിരയോ കഴിക്കുമോ

ജിൽ ജിൽ കണ്ണിൽ പെട്ട

ഒരു മണിപ്പഴം കൊത്തിയെടുത്ത്

പെൺപക്ഷിക്കരികരികിലേക്ക് പറന്നു

പഴം അവൾക്കരികിലേക്ക് നീക്കിയിട്ട് കാത്തു

അപ്പോഴവൾ ചോദിച്ചു

"ആരാണാരാണാരാണ്

എന്താണെന്താണെന്താണ്

പോവല്ലേ പോവല്ലേ പോവല്ലേ"

ഓ അപ്പോഴേക്കും പിണങ്ങിയോ

ഇത് കഴിക്കെന്നേ

ഓ എന്താണ് മീൻ മാത്രേ കഴിക്കൂന്നാണോ

ഭയങ്കര പവറുകാരിയാണല്ലോ

അല്ലാ പേരിതു വരേം പറഞ്ഞില്ലല്ലോ

"നമുക്കങ്ങോട്ട് പോകാം

നമുക്കങ്ങോട്ട് പോകാം

നമുക്കങ്ങോട്ട് പോകാം"

പെൺപക്ഷി പറന്നു പോയി

ജിൽ ജിൽ പിറകിലായിപ്പറന്നു

ഓ ഇതിനു പിണങ്ങാതെ

ഞാൻ പോയി മീൻ കിട്ടോ നോക്കട്ടെ

ഇവിടെത്തന്നെ നിക്കുമോ

പ്രോമിസിട്

പോയിട്ട് വേഗം വരാമേ

ഇവിടെത്തന്നെ നിക്കണേ

ജിൽ ജിൽ വെള്ളം നോക്കിപ്പറന്നു

അരമണിക്കൂറെടുത്തു

ലക്ഷണമൊത്തൊരു മീനെപ്പിടിക്കാൻ

ആദ്യത്തെ സമ്മാനമല്ലെ

ചിതമ്പലുകളിൽ നിറമുള്ളതു

തന്നെ ഇരിക്കട്ടെയെന്ന്

കൊണ്ടു ചെന്നപ്പോൾ

ആളെക്കാണാനില്ല

ചുറ്റും നോക്കി

കാണാനില്ല

ജിൽജിലിനു കരച്ചിൽ വന്നു

അവൻ കരഞ്ഞു

അതു കേട്ടെങ്കിലും അവൾ

വരുമെന്ന് കരുതി

ഇല്ല വരുന്നില്ല

അവൻ മീൻ താഴെയിട്ട്

ഉയർന്നു പറന്നു നോക്കി

കണ്ടോരുണ്ടോ

കണ്ടോരുണ്ടോ

എന്റെ പെൺപക്ഷിയെ

കണ്ടോരുണ്ടോ

കണ്ടവരോടൊക്കെ തിരക്കി

ആർക്കുമൊന്നും പറയാനുണ്ടായില്ല

മിന്നാമിന്നികളോടും

ചീവീടുകളോടും

പുഴുക്കളോടും

ഒച്ചുകളോടും

ഒച്ചകളോടും

തിരക്കി

അവർ പേടിച്ച്

വീടുകളിലൊളിച്ചു

ആ ദ്വീപിലെ ഏറ്റവും ഉയരമുള്ള

മരത്തിനേക്കാളുയരത്തിൽ പറന്നു നോക്കി

ഇല്ല കണ്ടില്ല

ഒടുവിൽ അണ്ണാറക്കണ്ണനാണ് പറഞ്ഞത്

അവിടാരോ കിടപ്പുണ്ട്

ഉറുമ്പുകൾ അരിക്കുവാൻ

കൂട്ടിൽ നിന്നിറങ്ങിയിട്ടുണ്ട്

കണ്ണുനീരൊഴുകിയ മുഖവുമായി

ജിൽജിൽ താഴ്ന്നിറങ്ങി

കിടക്കുന്നതാകിടക്കുന്നൂ പക്ഷി

അനക്കമില്ലാതതാകിടക്കുന്നൂ

അവൻ കൊക്ക് വച്ച് തട്ടി നോക്കി

നോക്കൂ ഞാൻ വന്നത് കണ്ടില്ലേ

എന്റെ പേരു ജിൽ ജിൽ

കുട്ടീടെ പേരെന്താണ്

ചോദിക്കൂ എന്നോട്

ആരാണാരാണാരാണാരാണെന്ന്

എന്താ‌ണെന്താണെന്താണെന്താണെന്ന്

പോകരുതേ പോകരുതെപോകരുതേയെന്ന്

ഞാൻ മീൻ കൊണ്ട് വന്നിരിക്കുന്നു

അതും ചെതുമ്പലിൽ നിറമുള്ള മീൻ

എണീറ്റ് നോക്കൂ

അടിപൊളിഅടിപൊളിയെന്ന് പറയൂ

അങ്ങോട്ടു പോകാം

എങ്ങോട്ട് വേണേലും പോകാം

എഴുന്നേൽക്കൂ

ജിൽ ജിൽ കരഞ്ഞുകൊണ്ട്

ചുറ്റിനും ചിറകടിച്ചു

പെൺപക്ഷിയെ

എടുക്കാനായാഞ്ഞ

മനുഷ്യനെ കൊത്തിയാട്ടി

ജിൽ ജിൽ പെൺപക്ഷിയുടെ

ചിറകിൽ തല ചായ്ച്ചു

എന്നിട്ട് പാടി

ആരാണാരാണാരാണാരാണെന്താണെന്താണെന്താണ്

പോകരുതേ പോകരുതേ പോകരുതേ പോകരുതേ

പാട്ടിനുള്ളിൽ മഴ വന്നു

പാട്ടിനുള്ളിൽ വേനൽ വന്നു

പാട്ടിനുള്ളിൽ മഞ്ഞു വന്നു

പാട്ടിനുള്ളിൽ പൂക്കാലം വന്നു

പാട്ടിനുള്ളിൽ ഇലകൊഴിയും കാലം വന്നു

പാട്ടിനുള്ളിൽ സങ്കടം നിറഞ്ഞു

കാത്തിരുന്ന പാട്ട്

കാത്തിരുപ്പിന്റെ പാട്ട്

പാട്ടു നിന്നു

പാട്ടു നിന്നു

ഒരു മഞ്ഞു കാലത്ത്

ജിൽജിൽ തന്റെ

പെൺപക്ഷിക്കുമേൽ

അനക്കമില്ലാതെ

ചാഞ്ഞുകിടന്നു

അതിന്മേൽ

മഞ്ഞ്

തന്റെ ആവരണം

തൂവി

അങ്ങനെ ദേശാടന പക്ഷിയായ ജിൽ ജിൽ തന്റെ ഇണപക്ഷിയെ കാത്ത് പാട്ട് പാടി മഞ്ഞിലുറഞ്ഞ് പോയി. പക്ഷെ ഈ ഇണ യഥാർത്ഥ പക്ഷി ആയിരുന്നില്ല. പിന്നെയോ?


ജിൽജില്ലിന്റെ ഇണയെ പറ്റി അറിയുന്നതിന്

പോലീസുകാരനിലേക്ക് തിരികെ പോകുന്നതിന്

സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ  ടീമുമായി സംസാരിക്കുവാൻ


അരുൺ പ്രസാദ്

കവി, നോവലിസ്റ്റ്. ആകാശം ഭൂമി കടൽത്തീരങ്ങൾ etc (കവിത), 3AM (നോവൽ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments