കെ. രാജഗോപാൽ

ബാക്കിവെച്ചത്

ണ്ടികൾ പോയിവന്ന്
ആംബുലൻസിൽ കൊണ്ടിറക്കി
കിടത്തിയ നേരം;
എന്തിനായിരുന്നു? എന്നൊരു ചോദ്യം
അങ്ങുമിങ്ങും മുഴങ്ങുന്ന നേരം

എന്നുമാരും കടന്നുചെല്ലാതെ
ലക്ഷണക്കേടുറങ്ങുന്ന ചായ്പിൽ
എങ്ങനോ വന്നുപെട്ടൊരാൾ മാത്രം!
എന്നമട്ടാണ് അവന്റെ കിടപ്പ്!

മച്ചിലെ നരിച്ചീറുകൾ
തമ്മിൽ മത്സരിച്ചു മിനുക്കിയ
കുപ്പിച്ചില്ലുവെച്ച കമത്തോടിലൂടെ
മുൻനിലാവ് എത്തിനോക്കുന്ന ഭാവം.

വന്നുപോകുന്ന ചായപ്പണിക്കാർ
പിൻചുമരിൽ മറന്ന്,
കൈയ്യെത്താഞ്ഞ്,
എപ്പോഴും മിനുക്കാൻ വിട്ടുപോകും
ഉത്തരത്തി,ന്നടിപ്പടിയിൽ നിന്ന്

ഇത്തിരി ചിലന്തിച്ചപ്പിനൊപ്പം
പിത്തള നാണയത്തിന്നടുക്ക്
ഉച്ചിയിലേയ്ക്ക് തെറ്റിവീണ്
ഓർമ്മക്കണ്ണു നീറ്റും കര,ടെന്ന ഭാവം.

കൊമ്പുലുത്തിയ കച്ചവടക്കാർക്ക്
ഉന്നമെത്താഞ്ഞ് ഇലപ്പൊത്തിലെങ്ങോ
കാറ്റിനും കിളിക്കും മാറ്റിവെച്ച
മൂപ്പു കെട്ടൊരു മാമ്പഴം പോലെ,

നിത്യപാരായണപ്പുസ്തകത്തിൽ
ഒട്ടിനിൽക്കും ഇണപ്പേജിലാരോ
ഒട്ടും അർത്ഥം ഗ്രഹിക്കാതെ വായിച്ച്
ഇട്ടുപോകും അടിവര പോലെ,

റാസ തീർന്ന്, വെടിപ്പറമ്പിൽ
തീകായും ഓലച്ചുരുളുകൾക്കുള്ളിൽ
കുപ്പവാരുന്ന കുട്ടിക്ക് കാറ്റ്
കാത്തുവെയ്ക്കുന്ന പൊട്ടാസുപോലെ.

ബാക്കിവെച്ചവയാൽ ജീവിതത്തെ
മാറ്റിവീണ്ടും എഴുതുന്ന പേജിൽ
ചേർക്കുവാൻ അവൻ പുഞ്ചിരിക്കുന്ന
ചിത്രമൊന്ന് തിര,ഞ്ഞവസാനം;

ഒന്നിനും കണക്കുംകൈയ്യുമില്ലാതെ
പണ്ടു നിങ്ങൾ പ്രണയിച്ച കാലത്ത്
ഉമ്മവെയ്ക്കാൻ അറച്ച,തോർത്ത്
എന്നും സങ്കടപ്പെടാനായ് ബാക്കിവെച്ച

സെൽഫിയുണ്ട് നിൻ കൈഫോണിലെന്ന്
ഇപ്പോഴാരോ പറഞ്ഞതുകേട്ട്
ഫ്‌ളെക്‌സടിക്കാനിറങ്ങിയ ബൈക്ക്
ഫ്‌ളാഷടിപ്പൂ നിൻ വീട്ടുപടിക്കൽ.


കെ. രാജഗോപാൽ

കവി. മുദ്ര, പിന്നാമ്പുറം, ഒട്ടും ദൂരമില്ല തുടങ്ങിയവ പ്രധാന കൃതികൾ.

Comments