ലോകം മാറുന്നില്ല

(ലോക്ക് ഡൗൺ കാലത്ത് ഡൽഹിയിൽ നിന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് നടന്നു പോകുന്ന ദിവസത്തൊഴിലാളികളെ കാണുമ്പോൾ )

നീ നഗ്‌നപാദനായി നാഴികകൾ താണ്ടുന്നു
കാലടികൾ വിണ്ട് തളർന്നു കുഴഞ്ഞു വീഴുന്നു
നിന്റെ സ്ത്രീയും കുഞ്ഞുങ്ങളും നിലവിളിക്കുന്നു

ലോകം മാറുന്നില്ല

നീ റൊട്ടിക്കുവേണ്ടി കൈ നീട്ടുന്നു
വേനലും വിശപ്പും നിന്നെ അടിച്ചു വീഴ്ത്തുന്നു
നടക്കുന്തോറും നിന്റെ വീട് അകന്നു പോകുന്നു

ലോകം മാറുന്നില്ല

നിന്റെ മിഴികളിൽ രോഷമില്ല, ഹേമന്തം മാത്രം
നിന്റെ വരണ്ട ചുണ്ടുകളിൽ വസന്തത്തിന്റെ മുദ്രാവാക്യങ്ങളില്ല
നിന്റെ വെറുംകൈകളിൽ ആയുധമില്ല, ശരത്കാലം മാത്രം

ലോകം മാറുന്നില്ല

നീ മരിച്ചിട്ടില്ല, ജീവിക്കുന്നുമില്ല
ഞങ്ങൾ നിന്നെ കാണുന്നില്ല, കേൾക്കുന്നുമില്ല
നീ ശൂന്യാകാശത്താണ്, ഞങ്ങളുടെ ഭ്രമണപഥത്തിനു പുറത്ത്

ലോകം മാറുന്നില്ല

ഒരു ദിവസം നീ ശരിക്കും മരിക്കുമ്പോൾ
ലോകം നിന്റെ തയമ്പിച്ച കൈകളിൽ തുറിച്ചു നോക്കിയേക്കാം
ആ കൈകളാണ് അതിനെ ജീവിപ്പിച്ചു നിർത്തിയതെന്ന് തിരിച്ചറിഞ്ഞേക്കാം

അറിഞ്ഞില്ലെന്നും വരാം.


സച്ചിദാനന്ദൻ

കവി, വിവർത്തകൻ, എഡിറ്റർ. കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്നു. അഞ്ചുസൂര്യൻ, പീഡനകാലം, ഇവനെക്കൂടി, സാക്ഷ്യങ്ങൾ, സമുദ്രങ്ങൾക്ക്​ മാത്രമല്ല തുടങ്ങിയ കവിതാ സമാഹാരങ്ങൾക്കുപുറമേ വിവിധ കാലഘട്ടങ്ങളിൽ എഴുതിയ കവിതകളുടെ സമാഹാരങ്ങൾ, നാടകം, പഠനങ്ങൾ തുടങ്ങിയ മേഖലകളിൽ നിരവധി കൃതികൾ. കവിതകൾ ലോകഭാഷകളിലേക്ക്​ വിവർത്തനം ചെയ്യപ്പെട്ടു.

Comments