ചിരിച്ചാശകൾ തീർക്കാത്ത
കാനന സൗന്ദര്യമേ...
ചിലവിടാൻ എനിക്കും
നിൻ കാട്ടിലൊരിടം തരുമോ...
മലകളെയുണ്ടാക്കി പറക്കുന്ന
കുയിലിനെ പോലെയും,
മഴയാട്ടമാടുന്ന മയിലിനെപോലെയും
ഞാൻ മാനായ് പൂത്തിടാം...
നീലചുണ്ടിലെ നൂൽപ്പുഴയെ
കെട്ടിയിട്ട മരതടിയിനറ്റത്ത്
മാരുതൻ മറന്നുവെച്ച
ചെവിനുള്ളിപൂക്കൾ ഒളിച്ചിരുപ്പുണ്ട്.
വാലിളക്കങ്ങളിൽ നിലാവിനെ
പിടിക്കുമ്പോൾ, വസന്തങ്ങൾ
നീട്ടിവെച്ച കൺകുളിരുകൾ
ഉമ്മകളായി ചുവടുവെയ്ക്കുന്നു.
തെളിനീരിൻ താരാട്ടിനെ
മീൻച്ചിറകിൽ പൂമാലകളാക്കി
പുരനിറയ്ക്കുന്ന സൂര്യനെ കാണാൻ
ഒച്ചയിടാതെ കാത്തിരിക്കുന്ന
പൊൻമാൻകുഞ്ഞായി ഞാനും
കാടുകയറട്ടെ കാട്ടുപക്ഷീ.
നാടുവിടാത്ത രാജ്യം
ഒറ്റയ്ക്കാണ് ഒറ്റപ്പരുന്ത്
ഒച്ചയില്ലാമര കൊമ്പിലിരുന്ന്
നീർപ്പുഴമീനിന്റെ ചേലുംകണ്ട്
ഒഴിവുള്ള മൂലയിൽ വെളിച്ചങ്ങളെ
കൂട്ടിവെച്ച് ഭൂമിക്ക് തീവെച്ചപ്പോൾ
മുറുകിപ്പോയ പുഴയിൽ രണ്ടാൾ -
താഴ്ച്ചയിൽ തല പൊക്കിപ്പിടിച്ച്
മുകളിലേക്ക് പൊന്തി വരുന്ന
മീനിന്റെ ചുണ്ടത്ത് പൊൻമാൻ
നട്ടിട്ടുപോയ സൂര്യനുണ്ടായിരുന്നു.
അപ്പോഴേക്കും നിലമ്പൂരിലെ പക്ഷികൾ നിലമുഴുതി വിതയ്ച്ച
ദൂര രാജ്യങ്ങളുടെ
ഭാഷകളെ മലമ്പുഴ കാണാതെ പഠിച്ച്
മലകൾ തീരുവോളം സംസാരിച്ചിരിക്കേ
ഇടുക്കിയിലെ നീലക്കുറിഞ്ഞികൾ
അയൽ ഗ്രാമങ്ങൾക്ക് പച്ചമലയിലെ
പൂമ്പാറ്റകളെ നൽകി നാടുകൾതേടി
നഗരംതേടി യാത്രപോവാനൊരുങ്ങി
മഞ്ഞുമൂടിയ വയനാടൻ ഹിമാലയങ്ങൽ
ആറുമാസ തൈമരങ്ങൾ നട്ട്
ഉദയവും അസ്തമയവും കണ്ട്
നാടുവിടാത്ത രാജ്യമായി.
സ്വന്തമായ സ്വപ്നം
കാട് കലാക്കാരിയായ അന്ന്
അന്തിനേരങ്ങളിലെ ആറുമണിപ്പൂവ്
നിറഞ്ഞാട്ടം കഴിഞ്ഞ്
ഇതളഴിച്ച് മടങ്ങുമ്പോൾ
പക്ഷിക്കൂടുളിൽ ചിലവഴിച്ച
കിളിശബ്ദങ്ങൾ മാനത്ത് നീന്തി
കൂടേറുമ്പോൾ ഇരുട്ടും അവരോടൊപ്പം
തൂവൽ മുളയ്ക്കാത്ത ഭൂമിയാകുന്നു .
നാളെ ആദ്യം ഇരിക്കുവാൻ
അടയാളമിട്ട കൊമ്പിലെ ഉറുമ്പുകൾ
അവസാനത്തെ കായയുമുരുട്ടി
ചെറിയ മടയടച്ച് പണി നിർത്തി.
തൊഴിലുറപ്പും കഴിഞ്ഞ്
പറന്നു പോയിരുന്ന അടുത്ത-
പഞ്ചായത്തിലെ കൊക്കുകൾ
ഇപ്പോൾ വിമാനത്തിലാണ് പോക്ക്...
കാടുകൾ നീക്കിവിടുന്ന മൃഗങ്ങൾ
ഇന്നിറങ്ങും പനമരം നിരങ്ങും.
ചാലിഗദ്ധ സ്വന്തമായൊരു
സ്വപ്നം കണ്ടുറങ്ങും.
നേരം പുലരുമ്പോൾ സൂര്യൻ ഒരു
തേരാളിയെപോലെ മേയാനിറങ്ങും
ആനകളുടെ ഉൽസവം തീരും.
പിന്നെ പൊരിയാണ്.
▮