സിദ്ദിഹ

ള പറിച്ചു
കള പറിച്ചു
വിളവില്ലാ പാടത്തു
കറ്റയറുത്തു
നോക്കുകുത്തി
മടുത്ത
വെല്ലിമ്മ

നെല്ല്
എള്ള്
ഉഴുന്ന്
നിലക്കടല
കരിമ്പ്
ചോളം
പഞ്ഞ-പ്പുല്ല്
മാറി മാറി
കപ്പയിലെത്തി
മണ്ണുകപ്പി

മാട്ടുവണ്ടിയിൽ
അട്ടിക്കിട്ട
ചോളത്തട്ടകൾക്കൊപ്പം
പശ്ചിമഘട്ടം
കേറിപ്പോയി

വണ്ടിച്ചക്രങ്ങൾ
കൺമറയുവോളം
ചേലത്തുമ്പു കടിച്ചു
കണ്ണീരുവറ്റി
നിന്നു പാടം

മറവാടിയ
പൈതലൊഴികെ
ഉള്ളതെല്ലാം
മാറാപ്പ് കെട്ടി
മാറു പൊത്തിക്കിടന്നു
പുലരുവോളം

പാറക്കെട്ട് താണ്ടി
വഴിയരുവിയിൽ
തൊണ്ട നനച്ചു
നനഞ്ഞ ചേല വീണ്ടും ചുറ്റി

തേനിയുടെ ഉച്ചിയിൽ
ചുടുചായയിൽ
മഞ്ഞിനൊപ്പം
പുക പോലെ
കനമില്ലാതുയർന്നലിഞ്ഞു
കനവുകൾ

ദൂരെ ദൂരെ
ഗതിയില്ലാതെ മലർന്നു
അവളുടെ വയൽ

റബ്ബർഷീറ്റിൽ
ഒട്ടുപാലിൻചിരട്ടയിൽ
മൂക്ക് വിടർത്തി
കൊതിച്ചു നടക്കുന്നു
പുന്നെല്ലിൻ മണം

ഓടിയോടി
ഓടാനിനിയിടമില്ലെങ്കിലും
കടല് കടലിൽ ചാടിയാൽ
ചാവതെങ്ങനെ?
കരയ്ക്കടിഞ്ഞു കിടക്കുന്നു
പൊട്ടാത്ത കൺഞരമ്പുകളിൽ
കടൽ നിറയ്ക്കുന്നു

കതിരില്ലാ കളയില്ലാ
ഉപ്പുപാടങ്ങളിൽ
കള തിരഞ്ഞു
കതിർ തിരഞ്ഞു
പതിർ തിരഞ്ഞു
കൂനിക്കൂടുന്നു
കാരച്ചെമ്മീനോളം

ദില്ലിയ്‌ക്കെത്ര
മല കടക്കണമെന്നു
എത്ര വണ്ടി കയറണമെന്നു
എത്ര പൊതിച്ചോറുകൾ
കെട്ടണമെന്നു
വഴി വളഞ്ഞിട്ടോ
ചൊവ്വിനോ എന്ന്
അവിടം തണുപ്പോ
തിളപ്പോ എന്ന്
പിറുപിറുത്തു
തലചൊറിഞ്ഞു
നിലമുഴുന്നൊച്ചയാണോ
റേഡിയോപ്പെട്ടിയിലെന്നു
കാതോർത്തു കിടക്കുന്നു
കാക്കക്കാലുകൾ
കണ്ണിനു ചുറ്റും
എന്തോ തിരയുന്നു.


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments