ആദി⠀

കളിക്കവിതകൾ

ആദി⠀

ഒന്ന്

കുട്ടിക്കാലത്തെ
കളികളിൽ
ഞാൻ പെണ്ണ്
കാലമർത്തിപ്പിടിച്ച്
ഒളിച്ചുകളിക്കുന്നൂ
എൻ്റെ ഉടൽ.

രണ്ട്

എട്ടാം ക്ലാസിലെ കൂട്ടുകാരൻ
എന്നെ തൊട്ടു
അവൻ്റെ വിരൽ
എൻ്റെ
ഉടലിലൊട്ടി.

മൂന്ന്

ഉടുപ്പൂരി ഉടൽ താ
ഉടലൂരി ഉയിരും താ
ഞാൻ നിലവിളിച്ചു.

നാല്

വാ പാതി തുറന്ന് ശ്വാസം
പകുക്കുമ്പോൾ
എൻ്റെ ചുണ്ടിലെ വിശപ്പ്
അവൻ്റെ ചുണ്ടിലും പറ്റി
അവൻ്റെ ശ്വാസം
എൻ്റെ പശി മാറ്റി.

അഞ്ച്

ധൃതിയിൽ അഴിക്കെ
ട്രൗസറിൻ്റെ കുടുക്ക് പൊട്ടി
മഴയൊട്ടിയ ഷർട്ട് പിന്നി
അമ്മയോടെന്ത് പറയും?

ആരും അറിയാതെ
ഇരുട്ടുണ്ടാക്കി ഉമ്മ വെക്കുന്ന
കളി ഞങ്ങൾ സ്വയം
കണ്ടുപിടിച്ചെന്നോ?

ആറ്

വിശപ്പ്
വിനാശകാരിയായിരുന്നു
അയാൾ എൻ്റെ വലത്തെ കൈയിൽ
നാരങ്ങ മിഠായിയും
ഇടത്തെ കൈയിൽ
ഒരു കഷണം ഇറച്ചിയും വെച്ചു
ഞാൻ അയാളെ കഴിച്ചു,

ഇത്തവണ
എനിക്ക് കുറ്റബോധമുണ്ടായില്ല.

ഏഴ്

ഊരി വെച്ച
എൻ്റെ കുപ്പായങ്ങൾ
ആരോ കട്ടെടുത്തു
ഞാൻ മുഖം
പൊത്തി.

മറച്ചുവെയ്ക്കാൻ മറ്റൊന്നും
എൻ്റെ
ഉടലിലില്ലായിരുന്നു.

എട്ട്

എൻ്റെ പകൽ,
അതിൻ്റെ ഉദരത്തിലെ
ചുവന്ന കുഞ്ഞ്
ക-കി-ള- ളി തിന്നാ പഴം

വിശപ്പ്.


ആദി⠀

കവി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാലയിൽ റിസർച്ച് സ്കോളർ. പെണ്ണപ്പൻ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments