എസ്. ജോസഫ്‌

കറുത്ത ഗാനം

റുത്ത ഗായിക
പാടുന്നു
വിഷാദമധുര ഗാനം

" കറുപ്പ് ഒരു രാജ്യമാണ്
അത് എവിടെയാണ് ?
കറുപ്പ് ഒരു നഗരമാണ്
അത് എവിടെയാണ് ?
കറുപ്പ് ഒരു ആഴം
എവിടെയാണത് ?"

മരുഭൂമിയിൽ
തടാകക്കരയിൽ
മുകളില്ലാത്ത
കറുത്ത കാറിലെ യാത്രയിൽ
അവൾ പാടുന്നു

അവളെ പിൻതുടരുന്നുണ്ട്
കറുത്ത ബൈക്കിലൊരാൾ

അടുത്തെത്തുമ്പോഴേക്കും
അവൾ മായുന്നു

മറ്റൊരിടത്തെത്തുന്നു
സ്റ്റെയർ കേസ് കയറുന്നു
കോഫിബാറിൽ ഇരിക്കുന്നു
ടെക്സ്റ്റെയിൽസിൽ തുണി നോക്കുന്നു

അയാൾ പിൻതുടരുന്നു
അവൾ മായുന്നു

ഇസ്താംപൂളിൽ തെളിയുന്നു
പിരീസിൽ
പീറ്റേഴ്സ് ബർഗിൽ
ബീജിംഗിൽ
നൈൽ നദിയിൽ
നെയ്റോബിയിൽ

അവളെത്തേടി നടക്കുന്നു
കറുത്ത യാത്രക്കാരൻ

ഒരു ഗലിയിൽ
കണ്ടുമുട്ടുന്നു
ഒരുമിച്ച് ബൈക്കിൽ പോകുന്നു.
ഒരു കട്ടിലിൽ
ഉറങ്ങുന്നു.


എസ്. ജോസഫ്

കവി. എറണാകുളം മഹാരാജാസ്​ കോളേജിൽ മലയാളം അധ്യാപകനായിരുന്നു. കറുത്ത കല്ല്, മീൻകാരൻ, ഐഡന്റിറ്റി കാർഡ്, ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം, വെള്ളം എത്ര ലളിതമാണ് തുടങ്ങിയവ പ്രധാന കൃതികൾ.

Comments