നിലംതേടി ഇണതേടി
പോയൊരു വേഴാമ്പലേ
നിൻ്റെ കുഞ്ഞിൻ്റെ
പേരിടലിന്നു കഴിഞ്ഞോ
നിൻ്റെ കുഞ്ഞിൻ്റെ
കണ്ണെഴുത്തിന്നു കഴിഞ്ഞോ ...
പുള്ളിമാൻ തുള്ളിയ കാറ്റത്ത് ഓടിയും
നീലക്കുറിഞ്ഞികൾ നീലിച്ച രാത്രിയിൽ
തുമ്പ വെളുത്തോല നെയ്തിട്ട പായയിൽ
ചന്ത്രനും സൂര്യനും വന്നു കിടപ്പൂ ...
കഥ പറയില്ലേ കണ്ണാടി
മൂക്കത്ത് നുള്ളില്ലേ കണ്ണാടി
പൂതുമ്പി മുള്ള് മറച്ച് മറച്ച്
മടിച്ച് മടിച്ച്
തൊട്ടില്ല തൊട്ടാവാടിക്കൊരുമ്മ കൊടുത്തു മയങ്ങി
തൊട്ടില്ല തൊട്ടാവാടിക്കൊരുമ്മ കൊടുത്തു മയങ്ങി.
മല ചുറ്റി തിരിയുന്ന മേഘകൂടാരങ്ങൾ
ഇന്നലെ കണ്ട നക്ഷത്രപ്പൂക്കളെ
മരവാഴ ചില്ലയിൽ കണ്ണിട്ടു വെച്ചിട്ട്
എത്തിപ്പിടിക്കുവാൻ കൊമ്പ് വളച്ചെന്ന് ...
ആയി ആഹ ...
പുഴ പറഞ്ഞുവോ മെല്ലെ മെല്ലെ
മുങ്ങി കുളിച്ച കിളിയറിഞ്ഞുവോ,
ചേമ്പില തണ്ടിലൊളിച്ച തവള വായന
മഴക്കാറ്റ് താഴ് വാരം നനച്ചു പാടിയതും
ഞാനൊരു കൂവൽ കൂവിയതും
കൂ .... കൂ.... കൂ....
ആന കരഞ്ഞതോ കുരുവീ ....
ഉടുമ്പുണക്കുന്ന മണ്ണിൻ ചൂടിൽ
ഉറുമ്പുകൾ പെറ്റിട്ട കുഞ്ഞുങ്ങൾ
ഭൂമിയളക്കാതെ മേയുന്നു ...