‘‘സാഹിത്യചരിത്രത്തിൽ ചിലരെ തമസ്കരിക്കുകയും തങ്ങളുടെ ആളുകളെ ഉയർത്തുകയും ചെയ്യുന്ന പരിപാടി എസ്. ജോസഫിനുണ്ട്. അദ്ദേഹം എഴുതുമ്പോൾ എന്റെ പേര് പറയില്ല, പകരം പി. രാമന്റെ പേര് പറയും. രാമൻ ഒരുവശത്തുണ്ടെങ്കിലേ ജോസഫിന് ഇപ്പുറത്തുനിന്ന് ബാലൻസ് ചെയ്യാൻ പറ്റുകയുള്ളൂ. എന്നെയാകട്ടെ, വെറുമൊരു പാരഡിക്കാരൻ എന്ന മട്ടിൽ ഒതുക്കി. മനോജ് കുറൂർ എന്താണ് മലയാള സാഹിത്യത്തിന് ചെയ്തിട്ടുള്ളത് എന്ന് ജോസഫ് ചോദിച്ചു. അങ്ങനെ മറ്റെല്ലാവരും റദ്ദാക്കപ്പെട്ടു, താൻ മാത്രം ജൈത്രയാത്ര തുടരുന്നു. 'ദലിത് കവിതയിൽ ഞാനാണ് ഏറ്റവും മികച്ചത്, പിന്നീടേ രേണുകുമാറും എം.ബി. മനോജും വരുന്നുള്ളൂ'- അങ്ങനെയൊരു ലീഡർഷിപ്പിനുവേണ്ടി മത്സരിക്കുകയാണ് അദ്ദേഹം’’- കെ.ആർ. ടോണി പറയുന്നു.
‘‘എസ്. ജോസഫ് എമർജിങ് പോയട്രി എന്ന പ്രസ്ഥാനവുമായി വരികയും അവസരം കിട്ടാതെ നിന്നിരുന്ന ജൂനിയേഴ്സായ കവികളെയൊക്കെ അടിച്ചുവാരിക്കൂട്ടി തന്റെ പ്രസ്ഥാനത്തിനകത്തേക്ക് കൊണ്ടുവരികയും പുസ്തകമെഴുതുകയും അവരുടെ പേര് അതിൽ പരാമർശിക്കുകയുമൊക്കെ ചെയ്തു. അപ്പോൾ അവർക്ക് വലിയ സന്തോഷമായി. അദ്ദേഹത്തിന്റെ പുതുകവിതയുടെ സഞ്ചാരങ്ങൾ എന്ന പുസ്തകത്തിൽ യാഥാർഥ്യങ്ങൾ അപ്പടി തമസ്കരിച്ചിരിക്കുകയാണ്. ചരിത്രത്തെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ മാത്രമായി അവതരിപ്പിക്കുകയാണ്. അദ്ദേഹം അതിൽ പറയുന്നത്, അദ്ദേഹവും അനിതാതമ്പിയും അൻവർ അലിയും പിന്നെ കുറച്ചാളുകളും ചേർന്ന് തിരുവന്തപുരത്തുവച്ചിട്ടാണത്രേ പോസ്റ്റുമോഡേണിസം ഉണ്ടാക്കിയത്. ഞാൻ അതിൽ ഇല്ല എന്നാണ് എഴുതിയിരിക്കുന്നത്. എന്നാൽ, ഞാൻ അതിലുണ്ട്. ജോസഫ് വരുന്നതിനുമുമ്പ് ഞങ്ങൾ തിരുവനന്തപുരത്തുവച്ച് ചർച്ച ചെയ്യുകയും ഞാനതിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. എന്റെ പേര് തന്മയത്വത്തോടെ ഒഴിവാക്കി. ഞാനത് ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം വാട്സ്ആപ്പ് സന്ദേശമയച്ചു, ‘ശരിയാണ്, ഞാനത് തിരുത്താം’ എന്നു പറഞ്ഞ്. എന്നാൽ, ചരിത്രത്തെ വളച്ചൊടിച്ചത് അദ്ദേഹം തിരുത്തിയില്ല’’- കെ.ആർ. ടോണി പറയുന്നു.