എം.പി. പ്രതീഷ്

ഒരു കിളിയെക്കുറിച്ച്​

ല്ലാ വീടുകളുടെയും ജനാലയ്ക്കൽ വന്ന് ഇരിക്കുന്നു.
വെളിച്ചത്തിൽ കാഴ്ചയില്ലാത്ത വലിയ കണ്ണുകളും ആൽമരത്തിന്റെ വേരുകൾ പോലെ പടർന്ന
കാൽനഖങ്ങളും അതിനുണ്ട്.
അത് മിണ്ടില്ല. മുരളുന്നു.
അത് ചിരിക്കില്ല. ഒരു ചൂളം പുറപ്പെടുവിക്കുന്നു.
അതിന് നൂറു വയസ്സുണ്ടായിരിക്കും.
അതിന് നാന്നൂറ് വയസ്സുണ്ടായിരിക്കും.
കുട്ടികൾ വിരലുനീട്ടിയതിനെത്തൊട്ടു.
വളർത്തുമൃഗങ്ങൾ അടുത്ത മുറിയിൽ ഒളിച്ചു.
വയസ്സായവർ മണം പിടിച്ചു.
ഉച്ചയിൽ വീണ്ടും വീണ്ടും വന്നു.
ഇരുട്ടുമ്പോൾ അലിഞ്ഞു പോയി. കാണാതായി.
എല്ലാ തെരുവിലും
എല്ലാ ജനാലയിലും ഒരേ നേരത്ത്.
എല്ലാ ജനാലയിലും ഒരേ ഇരിപ്പ്.

കുട്ടിക്കാലത്ത് എന്നോ ഒരുനാൾ
ഞാനതിനെ തിരഞ്ഞു തിരഞ്ഞു ചെന്നു.
നഗരത്തിന്റെ വക്കിൽ, കാടുകൾ തുടങ്ങുന്നിടത്ത്,
പുരാതനമായൊരു മരത്തിൽ,
അതിന്റെ പൊത്തു കണ്ടു.
രാത്രിയാവുന്നതും ആ കിളി മടങ്ങിവരുന്നതും കാത്ത് ഞാൻ നനഞ്ഞ മരച്ചില്ലയിൽ മുറുക്കെപ്പിടിച്ചു നിന്നു.


എം.പി. പ്രതീഷ്

കവി, ഫോട്ടോഗ്രാഫർ. മീൻ പാത, മണ്ണും വെള്ളവും, സങ്കടപ്പുസ്തകം തുടങ്ങി ആറു കാവ്യസമാഹാരങ്ങൾ. Migrations, Soil alphabets എന്നിവ ദ്യശ്യ കവിതാ സമാഹാരങ്ങൾ.

Comments