ഫീലിംഗ് എന്ന് പറയുന്നതിനെക്കുറിച്ചുതന്നെ - പ്രവീണ കെയുടെ കവിത

ഫീലിംഗ് എന്ന് പറയുന്നതിനെക്കുറിച്ചുതന്നെ

മോതിരംമാറ്റം കഴിഞ്ഞ്
കഴിക്കാനിരിക്കുമ്പഴേ
സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തു.
‘Got Engaged'

ഓടി പാഞ്ഞാരും
കേറി വരണ്ട
ആളായീന്നാണ്
മലയാളം

രണ്ടാളും
ഫേസ്ബുക്കിലും
വാട്‌സ്അപ്പിലും
ഇൻസ്റ്റയിലും
ആളെ ചൂണ്ടി
പരസ്പരം
ബോഡ്
തൂക്കിയിരുന്നു.

ന്നാലും
ചിലരൊക്കെ വന്ന്
തട്ടി നോക്കും.
ഞാനാ വാതില്
മലർക്കെ
തുറക്കാതെ
പടിപ്പുരക്കൽ
ജനാലപ്പൊളി
തുറന്ന് വെക്കും.

അവനാ വാതിലപ്പടി
തുറന്ന്
പടിപ്പുരക്ക്
കാവാലാകും.

ന്ന് ട്ടോ
ഇതുപോലെ
തുറന്നു പിടിച്ച
ജനാലക്കൽ
ഒരെത്തിനോട്ടം

പടിപ്പുരയിലിരുന്ന്
എത്താവുന്ന
ദൂരത്തേക്കൊക്കെ
അവനും നോട്ടമെറിയുന്നുണ്ടാവും

ഇടക്കിടെ
തിരിഞ്ഞിരുന്ന്
അകത്തളം നോക്കി
തുറന്ന് വരുന്ന
എല്ലാ പഴുതുകളും
കൊട്ടിയടക്കും.

പിന്നെ
എത്ര മുട്ടിയാലും
തുറക്കാൻ
ഇടയില്ലാത്ത
വിധം
ഓരോ
പഴുതിനും
താഴ് വെക്കും.

അപ്പഴ്‌ത്തേക്കും
Single
മാറ്റി
സ്റ്റാറ്റസ്
മാരിഡ്
എന്നായി
അപ്‌ഡേറ്റഡായിരിക്കും.

ഇവിടെ മുട്ടൽ ക്രമേണ
കുറയും.
പുറത്തെ പാറാവുകാരൻ
ആവുന്നടത്തൊക്കെ
മുട്ടുന്നുണ്ടാവും.

ജനൽ തുറക്കുന്നിടത്ത്
ഇങ്ങനെയും
വാതിൽ
തുറക്കുന്നിടത്ത്
അങ്ങനെയും
പോയി വരുന്നുണ്ടാകും.

പിരിച്ചുവിട്ട്
പുതിയൊരു നിയമനം
നടത്താൻ
നൂറു തവണ
ആലോചനയുണ്ടാകും.

പക്ഷേ
നടക്കാൻ
ഇടയില്ല.

പിന്നെയൊ

ഉത്തരം പൊളിച്ചങ്ങട്
പുറത്ത് ചാടിയാൽ
പരിക്ക് പറ്റും.
ന്നാലും ശരി
രക്ഷപ്പെടണംന്നായി

ഇച്ചിരി
പരിക്കുണ്ടേലും
രക്ഷപ്പെടാം ന്നായി.

അതൊരു
കയ്യാങ്കളിയായിരുന്നു.
കമിഴ്ന്നടിച്ചാണ്
വീണത്.
എണീക്കാൻ പാട് പെട്ടു.

സെക്കന്റ്ഹാന്റായി
മാർക്കറ്റൈസ് ചെയ്തപ്പോഴേയ്ക്കും
ഡിമാന്റിടിഞ്ഞ്
കുറേയേറെ
താഴെ പോയിരുന്നു.

അങ്ങനെ വീണ്ടും സിങ്കിൾ
എന്ന് സ്റ്റാറ്റസ്
അപ്‌ഡേറ്റ് ചെയ്തു.

ബ്രാക്കറ്റിൽ
ഡിവോഴ്‌സ്ഡ് എന്നു
വെച്ചു.

ഹെയർസ്റ്റെൽ മാറി
കോസ്റ്റ്യും മാറി
സ്വർണം പാടെ മാറ്റി
മൊത്തത്തിലൊരു
അഴിച്ചുപണി
നടത്തി

നിരന്തരം
ഒറ്റക്ക്
പ്രദർശനം നടത്തി.

അങ്ങനെയൊരിക്കെ
പിന്നെയും
പഴയബോർഡ്, ഗോട്ടെൻഗേജ്ഡ്
തൂക്കി.

പക്ഷേ
ഇത്തവണ
കാവൽക്കാരനെ
നിയമിച്ചില്ല.

എന്റെ
പടിപ്പുരക്കൽ ഞാനും
അയാളുടെ
പടിപ്പുരക്കൽ അയാളും.

ഞങ്ങൾക്ക്
രണ്ട് പേർക്കും
സന്ദർശകരൊക്കെ
ഉണ്ടായിരുന്നു.

ചിലരൊക്കെ
കുറച്ച് നാൾ
പാർക്കും.
ചിലരങ്ങ് വേഗം
പോവും.

പ്രിയവും
ഹിതവും
തമ്മിലുള്ള
അകലമാണ് ഇപ്പോൾ
ഞങ്ങളും ഞങ്ങളും
തമ്മിൽ.

വീണ്ടും
സ്റ്റാറ്റസ് അപ്‌ഡേറ്റഡ്

ഫീലിങ് റിലാക്‌സ്ഡ്!

Comments