‘സച്ചിദാനന്ദന്റെ
രക്തസാക്ഷിക്കവിതകളോട്
എനിക്ക് പ്രതിഷേധമുണ്ട്’

News Desk

‘‘ആധുനികതയുടെ വക്താക്കളായ, സച്ചിദാനന്ദൻ അടക്കമുള്ളവർ, രക്തസാക്ഷികളെക്കുറിച്ച് നിരന്തരമായി കവിത എഴുതുന്നത് കണ്ടിട്ടുണ്ടായ പ്രതിഷേധമാണ് 1994-ൽ എഴുതിയ ശിഷ്ടം എന്ന കവിത. അവിടുന്നുതൊട്ട് ആധുനികതക്കെതിരായ എതിർപ്പ് എന്റെ മനസ്സിൽ അങ്കുരിച്ചിട്ടുണ്ട്. ഈ പ്രതിഷേധം പലപ്പോഴും നിരാശാഭരിതമായ വിപ്ലവാത്മകതയ്ക്ക് എതിരായ, അതായത്, വിപ്ലവാത്മകത എന്ന ഉട്ടോപ്യൻ ഡിസയറിന് എതിരായ ഒരു dystopian reality-യായി മാറുകയാണ്. അതാണ് വാസ്തവത്തിൽ എന്റെ കവിതയിൽ കാണുന്നത് എന്നാണ് തോന്നുന്നത്’’- കെ.ആർ. ടോണി പറയുന്നു.

‘‘ധീരന്മാർ സമരം നടത്തിയതിന്റെ ഫലം തന്നെയാണ് ഞാനിപ്പോൾ അനുഭവിക്കുന്ന നല്ല സാമൂഹികാവസ്ഥ. സമ്മതിക്കുന്നു. പക്ഷെ, ഇതൊക്കെ നവോത്ഥാനകാലത്ത് മനുഷ്യർ കഷ്ടപ്പെട്ടതിന്റെ ഫലമാണെന്നോർക്കണം. ജനാധിപത്യം വന്നതിനുശേഷം ഇവിടെ ഒന്നും നടന്നിട്ടില്ല. വോട്ടുബാങ്കിനെ നിലനിർത്താനുള്ള കാര്യങ്ങൾ മാത്രമാണ് സംഭവിക്കുന്നത്. നവോത്ഥാനത്തിനുശേഷം ഒന്നും ചെയ്യാതിരിക്കുന്ന അവസ്ഥയോടാണ് എനിക്ക് എതിർപ്പ്. അല്ലാതെ, സമരം ചെയ്തവർക്കും കഷ്ടപ്പെട്ടവർക്കും മരിച്ചുപോയവർക്കും ഒന്നും എതിരല്ല’’.

‘‘കണ്ണൂരിൽ കൊലപാതകം നടക്കുമ്പോൾ അതിനെതിരെ കവിതയെഴുതും. കവിതയെഴുതുന്നതിനനുസരിച്ച് അവ വീണ്ടും ഉണ്ടാകും!. വീണ്ടും ഉണ്ടാകുമ്പോൾ വീണ്ടും കവിതയെഴുതും. പരസ്പര സഹവർത്തിത്തത്തോടെ വർത്തിക്കുകയാണോ ഇവ എന്നു തോന്നും. കവികൾ എഴുതിയെഴുതി ലോകം എവിടെയെത്തിനിൽക്കുന്നു? കേരളം എവിടെനിൽക്കുന്നു? സുപ്രീംകോടതിവിധിയുണ്ടായിട്ടുപോലും ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ പറ്റില്ല എന്ന അവസ്ഥയല്ലേ?’’

‘‘പൊതുബോധം ഒരു കവിതയായി എഴുതുന്നതിൽ വലിയ കാര്യമില്ല. അഥവാ, പൊതുബോധത്തിന്റെ അംശം എന്റെ കവിതയിൽ വരുന്നുണ്ടെങ്കിൽ, അതിൽ ഒരു ഉടക്ക് വച്ചിട്ടുണ്ടാകും. അതിൽ കേറി കളിച്ചാൽ പരിക്കുപറ്റും. ആ മാതിരിയുള്ള എന്തെങ്കിലും പൊതുബോധമേ ഞാൻ കവിതയിലേക്ക് എടുക്കാറുള്ളൂ’’.

‘‘എനിക്ക് ആദർശവാദങ്ങളോട് ഭയങ്കര എതിർപ്പാണ്, അല്ലാതെ ഞാൻ ഇടതുപക്ഷ വിരുദ്ധനല്ല. ആദർശാത്മകത എവിടെയുണ്ടോ, അപ്പോൾ എനിക്കത് പൊളിക്കണം, അത്രേയുള്ളൂ. കവിതയിലാണ് ആദർശാത്മകതയെങ്കിൽ, ഞാനതിന് നേരെ ഓപ്പോസിറ്റ് ചെയ്യും. ഞാൻ ജീവിക്കുന്നത് ഏറ്റവും സമകാലികമായ രാഷ്ട്രീയ- സാമൂഹിക സന്ദർഭത്തിലാണ്. ഏതാണ് കോൺടെക്‌സ്റ്റ് എന്ന് എനിക്കറിയാം. അതുമായി എന്റെ അറിവുകളും ജ്ഞാനവും കൂട്ടിയിരച്ചിട്ടാണ് എന്നിൽ ചിന്തയുണ്ടാകുന്നത്. ചിന്തയില്ലാതെയുള്ള കേവലമായ അറിവിനെ ഞാൻ ബഹുമാനിക്കുന്നില്ല. എന്റെ കവിതയിൽ അറിവിനെയല്ല, ചിന്തയെയാണ് ഉപയോഗിക്കുന്നത്. ചിന്തിക്കുന്നവർക്കേ മറ്റുള്ളവരെ ചിന്തിപ്പിക്കാനും കഴിയുകയുള്ളൂ. അതുകൊണ്ടാണ് എന്റെ കവിതയിലുള്ള ചിന്ത മറ്റുള്ളവരെ കുറച്ചെങ്കിലും ചിന്തിപ്പിക്കുന്നത്. Formal Resolution of Art- ന് എതിരാണ് എപ്പോഴും ഞാൻ’’- എസ്. കണ്ണനുമായുള്ള സംഭാഷണത്തിൽ കെ.ആർ. ടോണി പറയുന്നു.

തേങ്ങേടെ മൂട് കവിത

എസ്. കണ്ണനും കെ.ആർ. ടോണിയും
തമ്മിലുള്ള സംഭാഷണത്തിന്റെ
പൂർണ രൂപം സൗജന്യമായി വായിക്കാം,​
ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 213.

Comments