ബിബിൻ ആന്റണി

ആവി പോട്ടെ മക്കളെ ചേന തിന്നാം​

മ്മേടമ്മ
പുഴുങ്ങിയ ചേനയൂറ്റി
ചെരണ്ടിയ തേങ്ങാ ചേർക്കുമ്പോ
നെയ്ച്ചേനമണമുള്ള
ആവിപൊന്തും,
കൊതിയും വിശപ്പും
വഴക്കടിക്കുന്ന
വൈകുന്നേരങ്ങളപ്പോൽ
തൂശൻകീറി
അടുക്കളത്തറയിലിരിക്കും.
അടച്ചൂറ്റിക്കുഴിയിൽ
ചെറിയുള്ളി ചേർത്തു ചതച്ച
കാന്താരിയിൽ
വെളിച്ചെണ്ണ ചേർന്ന്
മയം വരും.

നെയ്ച്ചേന,
വെളിച്ചെണ്ണ ചേർത്ത
മുളകു ചതച്ചതിനൊപ്പം
നഗരികാണിക്കാൻ എടുക്കുന്ന
സെബസ്ത്യാനോസ് പുണ്യാളനെപ്പോലെ
സുന്ദരനായിട്ടിരിക്കും.

അമ്മേടമ്മ
ചേനയൂറ്റിവെച്ച
അന്നേരം
ആവിയെന്ന് അമ്മേടമ്മയൊഴികെ
നാട്ടുകാരെല്ലാം വിളിക്കുന്ന
ശുദ്ധൻ
‘ആവിയിൽ ഔസേപ്പേട്ടൻ'
പെരക്കാത്ത് കേറിവന്നു;
അമ്മേടപ്പനോട്
വിത്ത് വിത
കന്ന് കള
എന്നങ്ങനെ
കഥയായകഥയൊക്കെക്കൂട്ടി
വാക്കായ വാക്കൊക്കെ കൊറിച്ച്
കാപ്പികുടിച്ചോണ്ടിരുന്നു.

ഊറ്റിവെച്ച ചേനക്കുമേലെ
തിളച്ചുനിന്ന വിശപ്പും കൊതിയും
മക്കടെ രൂപത്തിൽ
ചേന താ അമ്മേ
ചേന താ അമ്മേന്ന്
ആവിച്ചു പൊന്തി.

ആവി പോട്ടെ മക്കളേ ചേനതിന്നാംന്ന്
അടുക്കളേന്ന് അമ്മേടമ്മ.
അത് "ആവികേട്ടതും'
ഞാനിറങ്ങിയേക്കുവാ ചേടത്തീന്ന്
കാപ്പിമട്ട്
ഊക്കിൽ
ഈടിക്കുഴീലോട്ടു നീട്ടിയൊഴിച്ചോണ്ട്
ഔസേപ്പേട്ടൻ പോയി

അതൊരു
കോപ്പിലെ വാർത്താനമായി പോയെടീന്ന്
അമ്മേടമ്മയോടും,
വേകുവോളം ക്ഷമിക്കാങ്കി
ആറുവോളം ക്ഷമിച്ചൂടേന്ന്
അമ്മയടക്കമുള്ള ആറ്
കൊതിവിശപ്പുകളോടും
അമ്മേടപ്പൻ കയർക്കുമ്പോ
ചൂട് ചേനയെക്കാൾ വേഗത്തിൽ
കാര്യമറിയാതെ
അമ്മേടമ്മേടെ
ആവിപോയി.

അങ്ങനെയാണ്
അടുക്കളക്ക് പുറത്തെത്തുമ്പോൾ
അർത്ഥം മാറിപ്പോകുന്ന
വാക്കുകളുമുണ്ടെന്ന്
​അമ്മ പഠിച്ചത്.▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ബിബിൻ ആൻറണി

കവി. ഉത്തർപ്രദേശ് അലിഗഢ് മുസ്​ലിം സർവകലാശാലയിലെ ആധുനിക ഭാരതീയ ഭാഷാ വിഭാഗത്തിൽ ഗവേഷകൻ.

Comments