ദീഷ്​ണ സുരേഷ്​

വട്ടത്തിലുണങ്ങുന്നനിരാശ

ലയ്ക്കു​ഭാഗത്ത് മഞ്ഞ ജനാലയും
അതിനുചേർന്ന്
പച്ചവിരിമേശയും
മാത്രമുള്ള കവിതയാണിത്.

നിരാശയെന്ന വാക്ക്
ഈ കവിതക്കുമുന്നേ ജനിച്ചിരുന്നു.

അതുകൊണ്ട്,
ആത്മാർത്ഥമായൊന്ന്
കരഞ്ഞാൽ പോലും
മഞ്ഞയിൽ നിന്ന്
പഴുക്കാത്ത പച്ചയിലേക്ക്
ജനാല തുറക്കപ്പെടില്ല.

ഞരമ്പരിഞ്ഞ് കമിഴ്ന്നുകിടന്നിട്ടോ,
ചോരയിട്ടാറ്റിയ
വെള്ളംമുക്കിയപ്പം കഴിച്ചിട്ടോ
കാര്യമില്ല.

മേശവിരിയൊരിക്കലും
അതിന്റെ പച്ച കാട്ടി
തണുപ്പിക്കില്ല.

ഈ കവിതയിലെത്തും വരേക്കും
നിസ്സംഗതയെന്ന വാക്കിൽ
എവിടെയുമൊരു വീടുണ്ടായിരുന്നില്ല.

ഹോ!
കവിത തുടങ്ങിയാൽ
വഴിതെറ്റിയാണേൽപ്പോലും
വീട്ടിൽ മാത്രം തിരിച്ചെത്തുന്നത്
തീർച്ചയായും അപകടമാണ്.

തലക്കുഭാഗത്ത് മഞ്ഞജനാലയും,
അതിനുചേർന്ന്
പച്ചവിരിമേശയുമുള്ള
കവിതക്കുതാഴെ
സ്നേഹിക്കുമ്പോൾ
മുടി കൊഴിയുന്ന പെൺകുട്ടി
ഒളിച്ചുപാർക്കുന്നു.

ആരുടെ തലക്കുമുകളിലാണീ
മഞ്ഞച്ച ജനാലയെന്ന്
ഇന്നേവരെയാരും
ചോദിക്കാത്തതിനാൽ
ഈ വേനലുമവളുടെ
തൊലിപ്പുറത്ത്
വട്ടത്തിലുണങ്ങുന്നു.

വരി നീളുന്തോറും
കവിത നിരാശപ്പെടുത്തുന്നു.


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ദീഷ്​ണ സുരേഷ്​

കവി. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ രണ്ടാം വർഷ എം. എ. മലയാളം വിദ്യാർത്ഥി.

Comments