കൽപ്പറ്റ നാരായണൻ

രണ്ടു കവിതകൾ

ആറിത്തണുത്ത ജീവിതം

ന്റെ കൂടെയല്ല
മറ്റാരുടേയോകൂടെയാണ്
അവൾ ജീവിക്കുന്നതെന്ന് സങ്കൽപ്പിച്ച
അവളുടെ ഭർത്താവ്
വലിയ മറവിക്കാരനായി.
വെച്ചതൊന്നും
വെച്ചിടത്തില്ലെന്ന് അയാൾ
നിരന്തരം കണ്ടെത്തി.
കാപ്പി ഇനിയും കുടിച്ചില്ലേ
എന്ന് അവൾ നിത്യവും
അയാളോട് ചോദിച്ചു
തണുത്താറിയതാണ് അയാൾ കുടിച്ചത്.!
​തണുത്താറിയ കാപ്പിയാണ്
അയാൾക്ക് പഥ്യമെന്ന് മനസ്സിലാക്കി
അയാൾക്കുള്ള കാപ്പി
അവൾ ആറിത്തണുക്കാൻ വെച്ചു

ചൂടുള്ള കാപ്പി കുടിക്കുന്നൊരാളെ
അവൾ മോഹിച്ചു തുടങ്ങി.

രാഷ്ട്രീയ കേരളം

നാട്ടിൽ നിന്നും പുലർച്ചെ
ഭാര്യയുടെ വിളി.
മകൻ കുമ്പിടാൻ തുടങ്ങി.
ദൈവമേ,
അടുത്ത വിളിയിൽ
അവൻ മുട്ടിലിഴയാനും തുടങ്ങും.


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


കൽപ്പറ്റ നാരായണൻ

കവി, നോവലിസ്റ്റ്, സാഹിത്യവിമർശകൻ, അധ്യാപകൻ. ഒഴിഞ്ഞ വൃക്ഷഛായയിൽ, ഒരു മുടന്തന്റെ സുവിഷേശം, കറുത്ത പാൽ (കവിതാ സമാഹാരങ്ങൾ), ഇത്രമാത്രം (നോവൽ), ഈ കണ്ണടയൊന്ന് വെച്ചുനോക്കൂ, കോന്തല, കവിയുടെ ജീവചരിത്രം, എല്ലാ ചലനങ്ങളും വ്യതിചലനങ്ങൾ തുടങ്ങിയവ പ്രധാന കൃതികൾ ​​​​​​​

Comments