പി. കൃഷ്​ണദാസ്​

ആഴത്തിന്റെ വക്കത്തെ ഒതുക്കുകല്ല്

കിണറിന്റെ വക്കത്ത്
മരണത്തിന്റെ മണം
വമിക്കുന്ന അടുപ്പ് കല്ല്
ചോര തുപ്പി കിണറ്റിലാണ്ട്
പോയ ഒരുവളുടെ
കറുവപ്പട്ട മണമുള്ള ഓർമ.

ആ പൂച്ചയുടെ നോട്ടപ്പാടിൽ
അവളുടെ ഗന്ധം
ദേഹമാകെ അവളുടെ
രോമകനപ്പിന്റെ തൊടൽ

ഒരു മരണത്തിലും പടുതി
മാറ്റാതെ പൂച്ച
അതേ കിടപ്പ് തുടരുന്നു
ഇന്നലെയും ഇന്നും
തോന്നിയെങ്കിൽ നാളെയും

എത്ര ആഴത്തിലാണ് അവൾ
ഇരുപ്പുറപ്പിച്ചത്
മറവിയുടെ മുങ്ങിയാഴാൻ
പാങ്ങുള്ള ദേശത്ത്

മരണം ആ കിണറിന്റെ
അടിപടവുകളിൽ
പായൽപടർപ്പ് പോലെ
ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്നു

കറുത്തൊരാ ഉടലും
വിട്ടുമാറാത്ത നോട്ടവും
വീണ്ടുമൊരു ഭയത്തിലേക്ക്
നിദ്രയുടെ നിത്യതയിലേക്ക്
ഒരു കാൽപ്പെരുമാറ്റത്തെ
കൂടി വലിച്ചിടുന്നു. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


പി. കൃഷ്​ണദാസ്​

കവി, കഥാകൃത്ത്​. കേരള സർവകലാശാല മലയാളവിഭാഗത്തിൽ ഗവേഷകൻ. യുവകഥാകൃത്തുകളുടെ കഥകൾ ചേർത്ത് ‘എന്നിട്ട് ' എന്ന പുസ്തകം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments