മേരി വന്ന്
ഓഫീസ്
അടിച്ചുവാരുന്നു.
അടിച്ചുവാരാൻ
തുടങ്ങുമ്പോൾ
മേരി
മനസിനെയൊരു
വെളുത്ത നൂലിൽ കെട്ടി
പുറത്തു പായിക്കുന്നു.
ഒരിറ്റു മിണ്ടലില്ല.
ഒരിറ്റു കേൾക്കലില്ല.
ഇവൾക്കിതെന്തു
ജാഡയാണെന്ന്
ചിലരുടനെ
അടക്കം പറയുന്നു.
മേരിയുടെ
മനസപ്പോൾ
അവളുടെ
അടിച്ചുവാരാത്ത
വീടിനുള്ളിൽ
നിൽക്കുന്നു.
അതിന്റെ
പൊടിമണക്കുന്ന
മുറിക്കുള്ളിലെ
തുണിത്തൊട്ടിലാട്ടുന്നു.
പരിപ്പുപാത്രത്തിലെ
പഴയ നോട്ടിലൊട്ടാതെ
തന്റെ കുടിയനപ്പനെ
പ്രാകിയോടിക്കുന്നു.
മേരിയപ്പൊഴും
ഓഫീസ്
അടിച്ചുവാരുന്നു.
അടിയുടെ താളം
മുറിക്കാതെ
ഞങ്ങളപ്പോൾ
കാലുപൊക്കി
കൊടുക്കുന്നു.
ചെരുപ്പിനടിയിലെ
മൺതരികളെ
അവളുടെ ചൂല്
അതിന്റെ ഉമ്മയിൽ
കൊരുത്തെടുക്കുന്നു.
മേരിയുടെ
മനസപ്പോൾ
സ്‌ക്കൂളിന്റെ
വരാന്തയിൽ
നിൽക്കുന്നു.
ഉച്ചവേവുന്ന
മണം മറക്കുവാൻ
ടാപ്പുമോന്തുന്ന
മൂത്ത ചെക്കനെ
നോക്കുന്നു.
എന്തൊരടക്കമാണ്
അവന്റെ വിശപ്പിന്.
ഒട്ടിയവയറിൽ
അതെന്തൊരു
പാവമായ്
കിടക്കുന്നു.
മേരിയപ്പൊഴും
ഓഫീസ്
അടിച്ചുവാരുന്നു.
അടിക്കുന്ന താളം
മുറിക്കാതെ
ഞങ്ങളപ്പോൾ
മേശക്കു താഴത്തെ
ബാഗുമാറ്റി കൊടുക്കുന്നു.
മൂലയിൽ തൂങ്ങുന്ന
മാറാലകളെ
അവളുടെ ചൂല്
അതിന്റെ ഉമ്മയിൽ
കൊരുത്തെടുക്കുന്നു.
മേരിയുടെ
മനസപ്പോൾ
ബാങ്കിനുള്ളിൽ.
അടവുതീരാത്ത
വലിയ ദുഃഖങ്ങൾ
ഒരവധികൂടിയെന്ന്
അവിടിരുന്ന്
ഇരക്കുന്നു.
ഒരിറ്റു മിണ്ടലില്ല.
ഒരിറ്റു കേൾക്കലില്ല.
ഇവൾക്കിതെന്തു
ജാഡയാണെന്ന്
ചിലരു വീണ്ടും
അടക്കം പറയുന്നു.
മേരിയപ്പൊഴും
ഓഫീസ്
അടിച്ചുവാരുന്നു.
ഒരേയിടത്തു
തുടങ്ങുന്നു.
ഒരേയിടത്തു
തീർക്കുന്നു.
പുറമേ
കാണുമ്പോൾ
ഇത്രമേൽ
ഏകാഗ്രമായ്
തോന്നിയതില്ല
വേറൊരൊറ്റ
ധ്യാനവും.
▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.