സന്ധ്യ എൻ.പി.

രണ്ടു കവിതകൾ

ഉറക്കത്തിൽ വേദന

രാത്രിയിൽ
ഉറക്കത്തിലാണതു സംഭവിച്ചത്..
രാവിലെ വരും വരെ
ഞാൻ അതിന്റെ
വേദനയിൽ ഞരങ്ങി
മുറിവിൽത്താങ്ങി
ഉറക്കത്തിനവസാനം വരെ നടന്നു.

വളരെ
പരിചിത
മുഖം.
മുഷ്ടിക്കുള്ളിലിട്ട് ഞെരിച്ച്
ചുരുട്ടിയ
കടലാസ്
നിവർത്തിയ പോലെ.
മഷി തീർന്ന പേനയാൽ
അമർത്തി വരച്ച പോലെ
കണ്ണ്.
ചുരുട്ടലിന്റെ ശക്തിയിൽ
തുള വീണ ചുണ്ട്!

ഇത്രയുമേ കണ്ടുള്ളൂ.
രക്തബന്ധത്താലല്ലാതെ
വളരെ വേണ്ടപ്പെട്ടവൾ.

ഉറങ്ങിക്കിടക്കും
കിടക്കയിൽത്തന്നെ
കിടത്തി
വയറ്റിൽ വലിയൊരു മുറിവുണ്ടാക്കി
ഘനമുള്ള ഉരുണ്ട പാത്രം എടുത്തു പുറത്തേയ്ക്കു കളയും പോലെ
അവർ
അത്
എടുത്ത് എവിടേയ്ക്കു
കളഞ്ഞു?

തൊലി ചേർത്തുതുന്നി
മുറിവ് മാത്രം
എനിക്ക് തന്ന്
ആ സ്ത്രീ
മുറിവിട്ടു പോയി

മുറി
വേദന എന്ന നീളൻ മുറിവ്
ഞാൻ മാത്രം!

നിറ ബലൂൺ

വളുടെ മകൾ
പ്രസവവേദനയുമായി ചുമരിന്നപ്പുറം
ചുമരൊരു തുണിശീല.
നോക്കിയിരിക്കേ
വലിയ കാലുകൾക്കിടയിൽ
രണ്ടു ചെറിയ കാലുകൾ താഴോട്ടു
മുളയ്ക്കും
നിഴൽ.
അവൾ
പാഞ്ഞു ചെന്ന് അതിൻ ചോടെ
കൈകൾ കുമ്പിളാക്കിപ്പിടിച്ചു
പ്രാർത്ഥിച്ച കൈകൾ വിടർത്തി
നീട്ടിപ്പിടിച്ചു ഞാനും.

രണ്ടു പേരുടെയും
കൈകൾക്കിടയിലൂടെ
നിലത്തേക്കൂർന്നു,
പൊക്കിൾക്കൊടിയറ്റം
പാലു നിറച്ച
ബലൂൺ പോലെ
വീർത്ത
കുഞ്ഞു പയ്യൻ.
ഞെട്ടിപ്പിന്നിലേക്കു മാറി
കണ്ണുമിഴിച്ചു നോക്കുമ്പോൾ
പൊക്കിൾക്കൊടിബലൂൺ,
പതുക്കെ
മുകളിലേക്കു പൊങ്ങി
കുഞ്ഞുമായി മുറി മുഴുവൻ
പറക്കുന്നു!

ബലൂണിൽ നിന്നും
പാലു തന്നെ പുറത്തേക്കു കവിഞ്ഞൊഴുകുന്നു.
നിലത്തൊഴുകും പാലിൽച്ചവിട്ടി
പിന്നാലെ പായുമ്പോൾ
പാരച്യൂട്ടിലെന്നണ്ണം താഴേക്കിറങ്ങി
നിലത്തൂടെ
തുരുതുരാ പാഞ്ഞു
ഒരു മുക്കോണിൽ
പതുങ്ങുന്നു കുഞ്ഞ്!

അവൾ
അവനെ കൈയ്യിലെടുത്തു
മെല്ല പൊക്കിൾക്കൊടി പൊട്ടിച്ചു.
വേരിൽ നിന്നടർന്ന കാപോലെ
കുഞ്ഞു പയ്യൻ,
അവളുടെ കൈയ്യിൽക്കിടന്നു.
അവൾ കുഞ്ഞിനെ ഊയലാട്ടി.

കാറ്റത്തനങ്ങാത്തിലയായ്
എന്റെ കണ്ണുകൾ
ഒരൊറ്റ ദിശയിൽ
നോക്കി നിന്നു.

ചുമർത്തിരശ്ശീലയിൽ അവളുടെ മകൾ
കുഞ്ഞിൻ വായിൽ അമ്മിഞ്ഞ തിരുകുന്നു!

​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


സന്ധ്യ എൻ.പി.

കവി. ശ്വസിക്കുന്ന ശബ്​ദം മാത്രം,​ പെൺബുദ്ധൻ എന്നിവ കവിത സമാഹാരങ്ങൾ

Comments