വിജയലക്ഷ്മി

കിനാവള്ളി

ഒന്ന്​

...എന്തൊരു നിലാവാണ് ,
മുക്കുവൻ, പെരുംതോണി
കൈവിടാതന്നും നീട്ടി
ത്തുഴയും കടൽക്കോളിൽ,

ചന്ദ്രിക വഴിഞ്ഞൊറ്റ
പ്പാറമേൽ , വെളിച്ചത്താൽ
സങ്കടം തുടയ്ക്കുന്ന
മത്സ്യകന്യയെക്കണ്ടു.

തിര കൺചിമ്മി, കൈയു
വിട്ടുപോയ് , അകന്നേപോയ്
തുഴയും, പെരുംതോണി
തേങ്ങിയോ പാറക്കെട്ടിൽ...

രണ്ട്​

ആരുടെ പനീർപ്പൂവോ
പാറ, യിങ്ങരക്കെട്ടിൽ
താണിരുന്നെന്നോ മേഘം?
ആരു കണ്ണടയ്ക്കുന്നു ?

തളരും ചുണ്ടത്താരോ
തളിരാൽ, ഇളന്നീരോ
പകരുന്നിപ്പോൾ ? കടൽ
ക്കോളുപോൽ സ്വപ്‌നോദ്വേഗം .

ദീർഘചുംബനം ഗാഢ-
മാക്കിയ രാത്രിക്കാറ്റും
യാത്രയായ് , മോഹത്തിന്റെ
കാറ്റുപായകൾ കെട്ടി.

മൂന്ന്​

പാതിയും മുഖം മൂടി
യെത്തിയ സൂര്യൻ വെള്ള -
സ്രാവുകൾ വലംവയ്ക്കും
പാറ വീണ്ടെടുക്കുമ്പോൾ

പാടവീണതാം കൺകൾ
ഞണ്ടുകൾ തുരന്നിട്ടും
വാ പിളർന്നതിൽ നിന്നും
മൂടൽമഞ്ഞുയർന്നിട്ടും

നാകവിസ്മയം പൂണ്ടു
കിടക്കുന്നോനെച്ചുറ്റി,
പോവുകില്ലെന്നേ കെട്ടി -
പ്പുണർന്നൂ കിനാവള്ളി.
​▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വിജയലക്ഷ്​മി

കവി. മൃഗശിക്ഷകൻ, തച്ചന്റെ മകൾ, മഴതൻ മറ്റേതോ മുഖം, ഒറ്റമണൽത്തരി, വിജയലക്ഷ്മിയുടെ കവിതകൾ, വിജയലക്ഷ്മിയുടെ പ്രണയകവിതകൾ എന്നിവ പ്രധാന സമാഹാരങ്ങൾ.

Comments