യഹിയ മുഹമ്മദ്​.

ചിത്രകാരൻ

രു ചിത്രപ്രദർശന
ശാലയിൽ
വിൽക്കാൻ വെച്ച
ചിത്രങ്ങൾക്ക് നടുവിലായ്
തികച്ചും അപരിചിതനായ
ഒരാൾ
ഹൃദയത്തിന്റെ
ചിത്രം വരച്ചുവെച്ചു.
ജീവിതകല.

ഒരു ദീർഘനിശ്വാസത്തിന് ശേഷം
അയാൾ
ധ്യാനത്തിലേക്കാണ്ടുപോയി.
പടർന്നു കയറാൻ
ചില്ലകളില്ലാത്ത
ഒറ്റമരച്ചുവട്ടിൽ
ഏകാകി
ചിത്രകാരൻ.
അയാളിപ്പോൾ
ഹൃദയത്തെ തന്നെ
ക്യാൻവാസാക്കുന്നു.

ചുവന്ന ക്യാൻവാസിന് മുകളിൽ
കറുപ്പും, വെളുപ്പും
നിറങ്ങളിൽ മാത്രം
കുത്തി വരയ്ക്കാൻ
ശീലിക്കുന്നു.

ഇരുട്ടാണ് സത്യമെന്നും
വെളിച്ചം ഇരുട്ടിനെ
പൊതിയുന്ന കവചംമാത്രമാണെന്നും
അയാൾ
ജ്ഞാനിയാവുന്നു.

ഇടതു കൈയ്യിൽ
ചുരുട്ടിപ്പിടിച്ച
കറുത്ത ഹൃദയവുമായി
ഈ രാത്രി തന്നെ
മലയിറങ്ങാൻ
അയാൾ
തീരുമാനിച്ചു.
ഇരുട്ടിൽ
വഴി തെളിയിക്കാൻ
ചന്ദ്രപ്പൊട്ടു പോലും
വെളിച്ചമായില്ല.

പന്തവും ചുഴറ്റി ചുഴറ്റി
അന്ധത കയറി വരുന്നൂ ഒരാൾ.
‘ഈ പട്ടാപ്പകലിൽ
പന്തവുമായി മനുഷ്യനെ തിരഞ്ഞു നടക്കുന്നു.'

ഒറ്റുകാരനാണെന്ന് കരുതിയാവും
പ്രവാചകൻ ഒളിച്ചിരുന്ന
മലഞ്ചെരുവിലെ
ഗുഹാമുഖത്ത് ചിലന്തിവല നെയ്തതും
മാടപ്പിറാവുകൾ അടയിരുന്ന് കുറുകിയതും.

വില്ലോ തോട്ടങ്ങൾക്കിടയിലെ
കുള്ളൻ ധ്യാനമരങ്ങളുടെ
വേരുകളിൽ നിന്നും
പൊടിയുന്ന ഈയ്യാംപാറ്റകൾ
വെളിച്ചം തേടുന്നു.

ഇനിയൊരു
ചിതൽപുറ്റിൽ നിന്നോ
ബോധി മരത്തണലിൽ നിന്നോ
ജ്ഞാനികൾ പിറക്കില്ലല്ലോ.

മഴവെള്ളപ്പാച്ചലിലെങ്ങനെയോ
കരയ്ക്കുപെട്ടുപോയ ഒരു സ്വർണ്ണമത്സ്യത്തെ
അയാൾ കൈക്കുമ്പിളിൽ കോരിയെടുത്തു.
വരയായ്ഒഴുകുന്ന
പുഴയിലേക്ക് ഓളം തല്ലാൻ
കൂട്ടിനയക്കുന്നു.

പടിഞ്ഞാറുനിന്ന്
ഒരു ചന്ദ്രപ്പൊട്ട് ഉദിച്ച് പൊന്തി.
ഈയ്യാംപാറ്റകളെല്ലാം
അങ്ങോട്ടക്ക് ചിറകുകളടിച്ചു.

വെളിച്ചം വലുതാവുന്നു
നിലവിളികളും, രോദനങ്ങളും
ഇപ്പോൾ വ്യക്തമായി കേൾക്കാം.​


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


യഹിയ മുഹമ്മദ്​

കവി. ഒരു വാക്ക് പോലും മൊഴിയാതെ, പറയാൻ കൊതിച്ചത്, ഒരു ആത്മാവിന്റെ ഡയറി എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments