ഇടം ഉള്ളടക്കത്തെ ഉൾക്കൊള്ളുന്ന പാത്രമല്ല എന്നും ഇടത്തിലെ ഘടകങ്ങൾ ആശയത്തെ വഹിച്ചു കൊണ്ടുപോകുന്നവയാണെന്നും ഏവർക്കും അറിയാം. എന്നാൽ ഇടത്തിലെ ഘടകങ്ങളുടെ നേരിയ മാറ്റം അർത്ഥവ്യത്യാസവും ആശയ വ്യത്യാസവും ഉണ്ടാക്കുന്നു. ആ സവിശേഷത ശ്രദ്ധിക്കുമ്പോഴല്ലാതെ കവിതാനുഭവം ഉണ്ടാവുകയുമില്ല. കാണാതെ പോകുന്ന അനുഭവങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിടുമ്പോഴാണ് കവിത ശക്തി കൈവരിക്കുന്നതും, കവി വേറിട്ട് നിൽക്കുന്നതും.
അജയൻ മടൂർ എന്ന ഗോത്രകവി എഴുതിയ വയനാടൻ തുടിതാളം, നായാട്ട്, കാലിച്ചെക്കൻ, വേടന്റെ കെണി, കാത്തിരിപ്പ് എന്നീ അഞ്ചു കവിതകളുടെ പഠനമാണിത്. ഇതിൽ ഒരു സാധാരണ ദൃശ്യത്തെ കലയായി അനുഭവിക്കാൻ ക്ഷണിക്കുന്നുണ്ട്, വായനയിൽ സഞ്ചരിക്കാനുള്ള സ്ഥലങ്ങൾ തുറന്നു തരുന്നുണ്ട്, യാഥാർഥ്യങ്ങളെ കലയായി രൂപപ്പെടുത്തുന്നുമുണ്ട്. നാം ഏത് വഴി സഞ്ചരിക്കണമെന്ന് വാച്യമായി കവിതന്നെ സൂചിപ്പിക്കാതെ,അത് നമ്മെ പലയിടങ്ങളിലും കൊണ്ടുചെന്നെത്തിക്കുന്നു. പീഡനങ്ങളും ദുരിതങ്ങളും അനുഭവിക്കുന്നവർക്ക് അതൊന്നും കവിതയല്ല, മാനസിക സഞ്ചാരം നടത്തുമ്പോഴാണ് അത് കവിതയാകുന്നത്. വിഷാദിക്കാമെന്നോ, ആ വിഷാദം ആസ്വദിക്കാമെന്നോ ദുരന്തസ്വഭാവം അന്തർലീനമായിരിക്കുന്നുവെന്നോ എന്നല്ല; ഇതാണ് യാഥാർഥ്യം എന്ന ഉത്തരവാദിത്വപ്പെടുത്തലും കൂടിയാണത്. ചരിത്രത്തിലേക്കും വാർത്തമാനത്തിലേക്കും ഉറ്റു നോക്കി മനുഷ്യാവസ്ഥ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ഒരു ഉത്തരാധുനിക അന്വേഷണവും ഇതിൽ കാണാം. ഇവിടെ കവിത ഒരു ഇടത്തിനു പുതിയ അർഥങ്ങൾ നൽകി നിർമ്മിക്കുന്നു.ഇടമാണോ കവിതയാകുന്നത്, കവിതയാണോ ഇടത്തെ അടയാളപ്പെടുത്തുന്നത് എന്ന് വേർതിരിച്ച് പറയാൻ കഴിയാത്ത വിധം ഇഴ ചേർന്നു നിൽക്കുന്ന കവിതകളുടെ പഠനമാണിത്.
‘നായാട്ട്’ എന്ന കവിതയിൽ ഒരൊറ്റ വായനയിൽ തന്നെ കാടിളക്കുന്നവരെയും മരണത്തിന്റെ ഭയം നിറച്ച ശബ്ദം കേൾക്കുന്ന, കാട്ടുമെത്തകളിൽ മയങ്ങുന്ന മൃഗങ്ങളുടെ ചിത്രം കിട്ടും. ഒരു ഭയം വായനക്കും ലഭിക്കും. വനാന്തർഭാഗമെന്ന ഇടം ഇതിലേറെ എങ്ങനെ അടയാളപ്പെടുത്താനാണ്?
ഗോത്രസാഹിത്യത്തിലെ ‘ഇടം’
ജീവിക്കുന്ന സാഹചര്യവും ഇടവും ഏതൊരു എഴുത്തുകാരെയും സ്വാധീനിക്കുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ടതാണ്. തങ്ങളുടെ അധ്വാനഫലം ദാനം ചെയ്യുന്നതിലാണ് മഹത്വമെന്നും, കീഴാളരുടെ അധ്വാനഫലം ഏറ്റുവാങ്ങാൻ എല്ലായ്പ്പോഴും യോഗ്യരാണെന്ന് മറ്റൊരു വർഗ്ഗവും എപ്പോഴും നിലനിൽക്കുന്നതുകൊണ്ടാണ് ഇടം എന്നത് സാഹിത്യ സൃഷ്ടിയിൽ, പ്രത്യേകിച്ച് ഗോത്ര സാഹിത്യത്തിൽ പ്രസക്തമാകുന്നത്. ചൂഷണം കൊണ്ടുണ്ടാകുന്ന കൊടിയ ദാരിദ്ര്യവും, അവഗണനകൊണ്ടുണ്ടാകുന്ന മുരടിപ്പും, വിവേചനം കൊണ്ടുണ്ടാകുന്ന അരികുവൽക്കരണവും അത് കൊണ്ടു തന്നെ വിഷയകേന്ദ്രമാകുന്നു.
കാലത്തോടൊപ്പം ഇടത്തെയും അടയാളപ്പെടുത്തുക എന്നത് അറിയാതെ സംഭവിക്കുന്ന ആഖ്യാനരീതിയാണ്. ഇത്തരത്തിലുള്ള ഇടത്തെ സാഹിത്യത്തിൽ സങ്കൽപ്പമെന്നോ യാഥാർത്ഥ്യമെന്നോ വേർതിരിക്കുന്നുണ്ടെങ്കിലും ഗോത്രസാഹിത്യത്തെ അത്തരത്തിൽ കാണാൻ സാധിക്കില്ല. അവർക്ക് യാഥാർത്ഥ്യം മാത്രമെ പറയാനറിയൂ. പുറമെ നിന്ന് നോക്കുമ്പോൾ ഒരാൾക്ക് പക്ഷെ സങ്കൽപ്പമായി തോന്നാം.
വളരെ കുറച്ച് കവിതകൾ മാത്രം എഴുതിയിട്ടുള്ള ഗോത്രകവിയാണ് അജയൻ മടൂർ. മുഖ്യധാരാആഴ്ചപ്പതിപ്പുകളിൽ പ്രസിദ്ധീകരിച്ച വയനാടൻ തുടിതാളം, നായാട്ട്, കാലിച്ചെക്കൻ, വേടന്റെ കെണി, കാത്തിരിപ്പ് എന്നീ കവിതകളെ കുറിച്ചുള്ള പഠനമാണിത്.

‘വയനാടൻ തുടിതാളം’ എന്ന കവിത നോക്കാം. സ്ഥലനാമം തലക്കെട്ടിൽ വരുമ്പോൾ തന്നെ നമുക്ക് പരിചിതമായ ഒരു കാറ്റ് വരുന്ന പ്രതീതി ഉണ്ടാകുന്നു. ഒരു പ്രദേശത്തെയും പ്രദേശവാസികളുടെ പൊതു സാംസ്കാരിക രീതികളേയും അടയാളപ്പെടുത്തുന്നു. തലക്കെട്ടിലെ രണ്ടാം ഭാഗം ഒരു പ്രത്യേക വിഭാഗത്തെ നേരിട്ട് കാണിച്ചുതരുന്നു. ഒരു ചുരം കയറിയാണ് നാം സഞ്ചരിക്കേണ്ടതെന്ന് ചെറുതായി ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു.
“ചെറുചാറ്റൽ മഴയുടെ
ഇലതാളങ്ങൾ നേർത്ത് നേർത്ത്
ഇല്ലാതായ ഈ രാത്രിയിൽ
ചെറുകുടിലിൽ നിന്നുമൊരു
തുടിതാളം ഉയർന്നുയർന്നുവരുന്നത്
കല്യാണത്തിന്റെ
ആഘോഷത്തിനായോ
മരിച്ചവരുടെ
ആത്മശാന്തിക്ക് വേണ്ടിയോ”
വയനാടൻ തുടിതാളം തുടങ്ങുന്നത് ഇങ്ങനെയാണ്. വേദി തയ്യാറാക്കി വെച്ചിട്ടുണ്ട് കവി. തുടിയാണ്, താളമാണ്, ശബ്ദമാണ്. അത് ഉയരുന്നത് ചെറുകുടിലിൽ നിന്നുമാണ്. ഗോത്രപരിസരം എന്ന് ഒന്നു രണ്ടു വാക്കുകൾ കൊണ്ട് കവിക്ക് സാധ്യമാകുന്നു. മാത്രവുമല്ല, തുടി ഉപയോഗിക്കുന്ന സന്ദർഭങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ ആ വാദ്യമുപയോഗിക്കുന്ന വിഭാഗങ്ങളെക്കൂടി അവതരിപ്പിക്കാൻ കഴിയുന്നു.
“കറുത്ത കൈകളും മനസ്സും ഒന്നിച്ച്
ചേർന്ന് ചേർന്ന്
മധുരമുള്ള
സംഗീതതാളമായി ഇരുട്ടിലൂടെ
ഒഴുകിയൊഴുകിവരുന്നുണ്ട്
അത് നിശ്ശബ്ദമായവരുടെ
പ്രതിഷേധമായി ഇരുട്ടിന്റെ
വിശാലതയിൽ നേർത്ത് നേർത്ത്
പോകുന്നുണ്ട്.”
എന്ന് തുടരുമ്പോൾ നിസ്സാരമായ ഒരു കാര്യമല്ല പറഞ്ഞുതുടങ്ങുന്നത് എന്നും ഗൗരവമായ ഒരു ശ്രദ്ധ വായനയിൽ ആവശ്യമുണ്ട് എന്നും ബോധ്യപ്പെടും. കറുത്ത കൈകളിൽ നിന്നും മനസ്സിൽ നിന്നും പുറത്തുവരുന്നത് അടിച്ചമർത്തപ്പെട്ടവരുടെ പ്രതിഷേധമാണെങ്കിലും ഇരുട്ടിൽ അത് അലിഞ്ഞുപോകുന്നു. എവിടെ വെച്ചാണ് തങ്ങളുടെ സന്തോഷം കൈമോശം വന്നത് എന്ന് അന്വേഷിക്കുകയാണ് കവി. ഒരു പരിധി വരെ ജീവിതാന്വേഷണം കൂടിയാണ്. എന്തൊക്കെയായിരുന്നു ജീവിതപരിസരമെന്ന് ചികഞ്ഞ് അന്വേഷിക്കുമ്പോൾ തുടിതാളത്തിന് മുറുക്കം കൂടുന്നു.
“ആ താളത്തിൽ വിശപ്പകറ്റിയ
പുഴകളിലെ മീനുകൾ
പാടങ്ങളിലെ ഞണ്ടുകൾ നൂഞ്ചികൾ
എല്ലാം പെറ്റു പെറ്റു പെരുകുന്നുണ്ട്.
തീറ്റക്കിറങ്ങിയ കാട്ടുമുയലുകൾ
ചെവി കൂർപ്പിച്ച് കൂർപ്പിച്ച്
നിൽക്കുന്നുണ്ട്
ചേമ്പിൻ തണ്ടുകളും ഇലകളും
കാട്ടുകിഴങ്ങ് വള്ളികളുമെല്ലാം
നിലവിൽ ഉയർന്ന് ഉയർന്ന്
തളിർക്കുന്നിണ്ട്.
അരപ്പട്ടിണിയായവരുടെ വിശപ്പ്
മറന്ന് മറന്ന് പോകുന്നുണ്ട്
കടുത്ത തണപ്പിലും
പുതപ്പില്ലാത്തവരുടെ തണുപ്പ്
അകന്ന് അകന്ന് പോകുന്നുണ്ട്
കല്യാണപ്രായമാകും മുന്നെ
പ്രണയങ്ങൾ പൂത്തുപൂത്തുലയുന്നുണ്ട്
കൊയ്ത്തുപണിക്കായി
നെൽക്കതിർമണികൾ
പച്ച ഉടുപ്പ് ഊരി ഊരിമാറ്റുന്നുണ്ട്
കിളച്ചുമറിക്കുന്നതിനായി
കടുപ്പമേറിയ മണ്ണിനെ
മണ്ണിരകൾ അരിച്ച് അരിച്ച്
നേർപ്പിക്കുന്നുണ്ട്”
പെറ്റ് പെറ്റ് / കൂർപ്പിച്ച് കൂർപ്പിച്ച് /ഉയർന്ന് ഉയർന്ന് /അകന്ന് അകന്ന് / പൂത്ത് പൂത്ത് /ഊരി ഊരി /അരിച്ച് അരിച്ച്- ഇങ്ങനെ ഒരു വാക്ക് അടുത്തടുത്ത് രണ്ട് തവണ ഉപയോഗിച്ച് പറയുന്ന കാര്യങ്ങളെ അമർത്തി മുദ്രപ്പെടുന്നത് കാണാം. എന്നാൽ ഒട്ടും ഭംഗി കുറയാതെ വയനാടിന്റെ തുടിപ്പ് എന്തായിരുന്നു എന്ന് പറയുന്നുണ്ട്.

പ്രകൃതിയുടെ വൈവിധ്യഭംഗിയാണ് വയനാടിനെ ഇന്നും വേറിട്ടു നിർത്തുന്നത്. തണുപ്പാണ് ആകർഷണം. പുതപ്പില്ലാത്തവരുടെ തണുപ്പിനെക്കുറിച്ചും പൂത്തു പൂത്തുലയുന്ന പ്രണയത്തെക്കുറിച്ചും മാത്രമല്ല, പ്രകൃതിയിലേക്ക് തന്റെ ലെൻസ് സൂം ചെയ്ത് വെക്കുകയാണ് കവി. അങ്ങനെയാണ് മീനുകളും, ഞണ്ടുകളും, കാട്ടുമുയലും, ചേമ്പിൻതണ്ടുകളും, ഇലകളും, കാട്ടുകിഴങ്ങുവള്ളികളും അതിലകപ്പെടുന്നത്. ഇതെല്ലാം ചേർത്തു വെയ്ക്കുമ്പോൾ കിട്ടുന്ന ഒരു ഭൂമികയുണ്ട്. ഒരു ഇടമുണ്ട്. അവിടെ നിശ്ശബ്ദരാക്കപ്പെട്ടവരുടെ തുടിയുടെ ശബ്ദവും താളവും കനത്ത ശബ്ദത്തിൽ കുരയ്ക്കുന്ന മുതലാളിത്തത്തിൽ അലിഞ്ഞ് അലിഞ്ഞ് ഇല്ലാതാകുന്നു എന്ന് പറഞ്ഞാണ് കവിത അവസാനിക്കുന്നത്.
“പക്ഷെ ഈ രാത്രിയിലും
പകലന്തിയോളം എല്ലുമുറിയെ
പണിയെടുത്ത കൊട്ടാരങ്ങളിലെ
കാവൽ നായ്ക്കൾ
നിറുത്താതെ കുരയ്ക്കുന്ന
കനത്ത ശബ്ദത്തിൽ
ആ താളം
അലിഞ്ഞ് അലിഞ്ഞ്
ഇല്ലാതാവുന്നുണ്ട്’’.
അജയൻ മടൂരിന്റെ മറ്റൊരു മികച്ച കവിത ‘നായാട്ട്’ ആണ്. നായാട്ടിന് പോകുന്നത് ആരാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്തായിരിക്കും കവിതയിലെ ഉള്ളടക്കമെന്നത് തീർച്ചയായും ആകാംക്ഷ ജനിപ്പിക്കുന്നത് തന്നെയാണ്. നായാട്ട് തുടങ്ങുന്നത് ഇങ്ങനെയാണ്.
“കാട്ടുപൊന്തത്തണുപ്പിൽ
കാട്ടിലപോലും അനങ്ങാത്ത
കാട്ടുപന്നിയുടെ ശ്വാസം
കാട്ടുമരങ്ങൾ വിറക്കുമാറ്
കാട്ടുപാറയുടെ തലപ്പിൽ തൂവൽ
ചുറ്റിയ കാരിരുമ്പിന്റെ തീ തീ
തീപ്പൊരി മിന്നും പാട്ട്
കാടേറും കൈവിരലുള്ളങ്ങളിൽ
കാട്ടുവള്ളികളുണങ്ങി കെട്ടിയ
ഞാണൊലി
കാട്ടുചോലകളിൽ നിന്നുള്ള
നനഞ്ഞ കാൽപ്പാടുകളിൽ
വേട്ടനായ്ക്കളുടെ പ്രതീക്ഷയുടെ ചുടുനിശ്വാസം
കാടിളക്കി കാടിളക്കി കാട്ടുചില്ലകൾ
കളം വരച്ച കാൽപാദങ്ങളിൽ
കാട്ടുതീ കരിയുടെ തഴമ്പ്
കാട്ടുമരങ്ങൾ കുലുങ്ങി
ഇലകൾ വിറച്ച്
കാട്ടുമെത്തകളിൽ മയങ്ങുന്ന
മൃഗങ്ങളുടെ കാതിൽ
മരണത്തിന്റെ ഭയം നിറച്ച
കാടിളക്കുന്നവരുടെ ശബ്ദം’’.
ഒരൊറ്റ വായനയിൽ തന്നെ കാടിളക്കുന്നവരെയും മരണത്തിന്റെ ഭയം നിറച്ച ശബ്ദം കേൾക്കുന്ന, കാട്ടുമെത്തകളിൽ മയങ്ങുന്ന മൃഗങ്ങളുടെ ചിത്രം കിട്ടും. ഒരു ഭയം വായനക്കും ലഭിക്കും. വനാന്തർഭാഗമെന്ന ഇടം ഇതിലേറെ എങ്ങനെ അടയാളപ്പെടുത്താനാണ്? വില്ലിനേയും തൂവൽ ചേർത്തുപിടിച്ച അമ്പിനെയും കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. നായാട്ടിനു പോകുന്ന വേടനും ഏത് നിമിഷവും അമ്പേൽക്കാൻ സാധ്യതയുള്ള ഉൾക്കാട്ടിലെ മൃഗവും നേർക്കുനേർ എപ്പോൾ വേണമെങ്കിലും വരാൻ സാധ്യതയുള്ള ഒരിടം. ആദിവാസികൾക്ക് ഇതൊരു സാധാരണ ദൃശ്യമാണ്. സാധാരണ ദൃശ്യത്തെ കലയായി കവിതയായി അനുഭവിപ്പിക്കുമ്പോഴാണ് കവി വിജയിക്കുന്നത്. കാട് എന്ന പരിസരത്തെ കൃത്യമായി അവതരിപ്പിക്കുകയും നമുക്ക് സഞ്ചരിക്കാനുള്ള സ്ഥലങ്ങൾ തുറന്ന് തരുകയുമാണ് കവി ചെയ്യുന്നത്. ആ സഞ്ചാരത്തിൽ നമുക്ക് സ്വാതന്ത്ര്യമുണ്ട്. ഒരു അമ്പ് എപ്പോൾ വേണമെങ്കിലും ശബ്ദമുണ്ടാക്കികൊണ്ട് ലക്ഷ്യത്തിലെത്താം എന്ന പ്രതീതി ജനിപ്പിക്കുമ്പോൾ, ഉൾക്കാട്ടിലെത്തിയ പ്രതീതി വായനക്കാർക്കുമുണ്ടാകുന്നു. അങ്ങനെയാണ് ഇടത്തിലെ എല്ലാ ഘടകങ്ങളും ആശയത്തെ വഹിച്ചുകൊണ്ടു പോകുന്നു എന്നും ഇടം ഉള്ളടക്കത്തെ ഉൾക്കൊള്ളുന്ന പാത്രമല്ല എന്നും പറയാനാവുക. തൂവൽ ഒരു അടയാളമായി പിന്നീടുള്ള ഭാഗങ്ങളിൽ വരുന്നുണ്ട്.

ഞാണുകളിൽ അമ്പ് കൊരുത്ത്
മരമറവുകളിൽ മറഞ്ഞിരിക്കുന്ന
എയ്ത്തുകാരുടെ
കരിയിലയനക്കങ്ങൾക്കായ്
ശ്വാസംപിടിച്ച കാത്തിരിപ്പ്.
കരിയിലയനക്കങ്ങളിലറിയാം
കലമാനോ കാട്ടുപോത്തോ
കാട്ടുപന്നിയോ എന്ന്.
പായുന്ന ദൂരം നോക്കി, വലുപ്പം നോക്കി
ഇലമറവുകളിൽ നിന്നും
തൂവൽചുറ്റിയ ഒരമ്പ്
പച്ചിലകളിലൂറിയ രക്തം
നായാട്ട് നായ്ക്കളുടെ കിതപ്പ്
ച്ച് ച്ച് ച്ച് ച്ച് ച്ചു ച്ചു
ഭൂവോ ഭൂവോ ഭൂവോ
ചൂ ചൂ ചൂ ചൂ ചൂ
(കാട്ടിൽ പതുങ്ങിയിരിക്കുന്ന മൃഗങ്ങളെ ഓടിക്കാൻ വേണ്ടി ഉപയോഗിക്കുന്നത്. ഈ ശബ്ദങ്ങൾ കേൾക്കുമ്പോൾ മൃഗങ്ങൾ ഇളകും.)
നോക്കൂ എത്ര മനോഹരമായാണ് നായാട്ട് നടത്തിയത്. കരിയില അനങ്ങുന്ന ശബ്ദം കേട്ടിട്ടാണ് മൃഗം ഏതാണെന്ന് എന്ന് തരിച്ചറിയുന്നത്, എത്ര ഭാരമുണ്ട് എന്ന് മനസ്സിലാക്കുന്നത്, ഏത്ര വേഗതയിൽ പാഞ്ഞുപോകുമെന്ന് തീരുമാനിക്കുന്നത്, അതിനനുസരിച്ചാണ് അമ്പ് തൊടുക്കുന്നത്. എന്തൊരു ശാസ്ത്ര സമീപനമാണിത്. ഉള്ളടക്കത്തിലേക്ക് ചെന്നാൽ ആരാണ് ഈ ശാസ്ത്രസമീപനം ഇവരെ പഠിപ്പിച്ചത്? എങ്ങിനെയാണ് തലമുറകൾ ഈ ജ്ഞാനം കൈമാറ്റം ചെയ്തത് എന്നൊക്കെ സ്വതന്ത്രമായി ചിന്തിക്കാനുള്ള ഒരു ഇടം കവി അവിടെ ഉപേക്ഷിച്ച് പോകുന്നുണ്ട്. വീണ്ടും തൂവൽ അവിടെ പ്രത്യക്ഷപ്പെടുന്നത് കാണാം. ഒരറ്റത്ത് തൂവലിന്റെ മൃദുലതയാണെങ്കിൽ മറ്റേ അറ്റത്ത് രക്തമാണ് എന്നൊരു ഇരുതലയേയെും അടയാളപ്പെടുത്തുന്നു ഈ കാവ്യ സംസ്കാരത്തിൽ.
“മരണത്തിന്റെ നിലവിളി
വേട്ടക്കാരന്റെ ആവേശം
ഇരയുടെ അവസാന ശ്വാസം
തോൽ കരിച്ച മണം
ചുട്ട ചെവിയും കാലും നായ്ക്കൾക്ക്
കുടൽ കാത്തിരിക്കുന്ന കഴുകന്
കാട്ടിലയിൽ പൊതിഞ്ഞ ചുട്ട ഇറച്ചി
തോളിലേറ്റി കാടിറക്കം.”
നേരത്തെ പരാമർശിച്ച തൂവൽ വ്യംഗ്യമായി വരുന്നത് നോക്കൂ. ഒരറ്റത്ത് ഇരയെ കിട്ടിയ ആവേശമായി തൂവൽ നിൽക്കുന്നു. തൊടുക്കുന്നിടത്തെ ആവേശം തന്നെയാണ് ലക്ഷ്യത്തിലേക്കെത്തിക്കുന്നത്. മറുവശത്ത് മരണത്തിന്റെ നിലവിളിയാണ്. അവിടെ ചോരയാണ്. അമ്പിന്റെ രണ്ടറ്റത്തെയും ഇങ്ങിനെ അടയാളപ്പെടുത്താനാകുന്നത് കവി ഗോത്രവിഭാഗത്തിലായതുകൊണ്ട് മാത്രമാണ്. ആ ഗോത്രകവിയെ നമ്മൾ വായിച്ചില്ലെങ്കിൽ ഈ സന്ദർഭം നമുക്ക് അറിയാതെ പോകുമായിരുന്നു. മലയാള സാഹിത്യത്തിൽ രേഖപ്പെടുത്താതെ, സാഹിത്യം കുതിക്കുമായിരുന്നു.
നായാട്ടിനു പോകുന്നവർ ചെയ്യുന്ന ചില സോഷ്യലിസ്റ്റ് ചിന്താഗതിയും കൂടി അജയൻ മാടൂർ രേഖപ്പെടുത്തുന്നുണ്ട് എന്ന് പറയാതെ പോകാൻ പറ്റില്ല. മനുഷ്യന് ആവശ്യമുള്ളത് മനുഷ്യൻ എടുത്തു. മറ്റ് ജീവികളുമുണ്ട്. അവർക്ക് ആവശ്യമുള്ളത് കൃത്യമായി കൊടുത്താണ് നായാട്ട് അവസാനിപ്പിക്കുന്നത്. ഇതിൽപ്പരം എങ്ങിനെയാണ് ഇടത്തെ വർണ്ണിക്കുക? ഇതിലധികം എങ്ങിനെയാണ് യാഥാർത്ഥ്യത്തെ കലയായി മാറ്റം വരുത്തുക?

“ഇന്ന് കാട് കാണുമ്പോൾ
കളഞ്ഞുപോയ ഒരമ്പിനെ
തിരഞ്ഞു തിരഞ്ഞു
കണ്ണ് മടുക്കുന്നു.
ഞാണൊടിച്ച ഒരു വില്ലിനെ
കുലച്ച് കുലച്ച് കൈ മടുക്കുന്നു
കാത്തിരുന്ന് വിശന്ന
കഴുകനും പരുന്തും
കുറച്ച് തൂവലുകൾ കൊത്തിപ്പൊഴിച്ച്
ദൂരത്തേക്ക് പറന്നുപോയി’’.
ആദ്യ കവിതയിൽ പരാമർശിച്ച ഒരു കാര്യം ഇവിടെ കൂടുതൽ പ്രസക്തമാകുന്നതു പോലെ. തിരഞ്ഞു തിരഞ്ഞു / കുലച്ച് കുലച്ച് / എന്ന പ്രയോഗം മടുപ്പിനെ അങ്ങേയറ്റം എത്തിക്കുവാൻ സഹായിക്കുന്നുണ്ട്. ആ മടുപ്പ് വിശന്ന കഴുകനിലേക്കും പരുന്തിലേക്കും സ്വന്തം തൂവൽ പൊഴിക്കാൻ നിർബന്ധിക്കുന്നു. മടുപ്പ് കൈമാറ്റം ചെയ്യപ്പെടുന്നു എന്ന് മാത്രമല്ല, പ്രതീക്ഷയില്ലാത്ത ഒരു കാടായി കാട് മാറുന്നതിന്റെ അടയാളമായി മടുപ്പ് മാറുന്നു. കഴുകനും പരുന്തിനും മറ്റൊരു കാട് അല്ലെങ്കിൽ മറ്റൊരിടം തേടി പോകാം. എന്നാൽ കളഞ്ഞുപോയ അമ്പ് തിരഞ്ഞ് കണ്ണു മടുത്ത വേടൻ എങ്ങു പോകും? അതൊരു ക്ലാസിക്കൽ ചോദ്യമാണ്. ഇതാണ് യാഥാർത്ഥ്യം എന്നത് പറഞ്ഞുവയ്ക്കുമ്പോൾ വായനക്കാരനാണ് ഉത്തരവാദിത്വം കൂടുന്നത്. ആ ഉത്തരവാദിത്വം കൊണ്ടുവരലാണ് അജയൻ മടൂർ ഇടത്തെ ഉപയോഗിക്കുന്ന രീതിയിൽ കാണിക്കുന്ന മാന്ത്രികത.
“കളഞ്ഞു പോയ അമ്പ് തിരഞ്ഞും
ഞാണൊടിഞ്ഞ വില്ല് കുലച്ചും
തളർന്ന വേടൻ
കുറച്ച് തൂവലെടുത്ത് കിരീടം വെച്ചു
ഒരു തൂവൽ കൊണ്ട്
തളർന്ന ശരീരം തലോടി
കുറച്ച് തൂവലുകളെടുത്ത്
കൈയിൽ ചുരുട്ടി നെഞ്ചിലമർത്തി.
കണ്ണുകളടഞ്ഞപ്പോൾ
രക്തങ്ങൾ ഉറഞ്ഞ തോളിൽനിന്ന്
ലക്ഷ്യം തെറ്റാത്ത കണ്ണുകളിൽനിന്ന്
അമ്പേറ്റ് മരിച്ച കാട്ടുപന്നിയും
കലമാനും കാട്ടുപോത്തും
തൂവലുകൾ പകുത്ത്
ചിറകുകൾ തുന്നി
കാടുകൾ തിരഞ്ഞ്
പറന്നുപോയി’’.
‘നായാട്ട്’ അവസാനിക്കുന്നത് ഇങ്ങനെയാണ്. വല്ലാതെ നൊമ്പരപ്പെടുത്തുന്ന വല്ലാതെ വെന്ത ഒരു നോവിറച്ചിയുടെ മണം കിട്ടാത്ത ആരുമുണ്ടാകില്ല. ഇത് കാടല്ല എന്നുതന്നെയാണ് പറഞ്ഞുവെയ്ക്കുന്നത്. അമ്പേറ്റ് മരിച്ച മൃഗങ്ങളൊക്കെയും ചിറക് തുന്നി കാട് തിരഞ്ഞ് പറന്നു പോയത്രെ... അതു മാത്രമല്ല തളർന്ന വേടനെ കാണാം. വേടൻ ചെയ്യുന്ന പ്രവൃത്തികൾ നോക്കൂ. തൂവൽ പ്രയോഗത്തിലൂടെ കാടത്തമല്ലാത്ത മറ്റൊരു ഭാഗം കൂടി കാട്ടുവാസികൾക്കുണ്ട് എന്ന് പറഞ്ഞുവെയ്ക്കുന്നു. തൂവൽ സിമ്പോളിക്ക് ആകുന്നത് അങ്ങനെയാണ്. നെഞ്ചിലമർത്തിയപ്പോൾ കണ്ണുകളടയുന്ന ശാന്തത പറയുന്നതാണെങ്കിലും തോളും കണ്ണും ശൌര്യത്തെയാണ് പറയുന്നത്. പക്ഷെ അടുത്ത ഭാഗങ്ങളിലേക്ക് പോകുമ്പോൾ ഇത് ഇപ്പോൾ തന്റെ കാടല്ല എന്ന വിശ്വാസത്തിലേക്ക് വേടൻ എത്തുന്നു. സത്യത്തിൽ വേടൻ എന്ന പ്രയോഗം തന്നെ ചർച്ചചെയ്യുന്ന കാലഘട്ടമന്നിരിക്കെ, ഈ കവിതയ്ക്ക് മറ്റൊരു മാനവും കൈവരുന്നു. കാട്ടുവാസികൾക്ക് കാട് അന്യമായിക്കൊണ്ടിരിക്കുന്നു എന്ന സാമാന്യവൽക്കരണത്തിലേക്ക് ഗൗരവമായ നിരീക്ഷണത്തിലേക്ക് കവിത കൊണ്ട് ചെന്നെത്തിക്കുന്നു.
ഇതിനോട് ചേർത്തുവായിക്കേണ്ടതാണ് ‘കാലിച്ചെക്കൻ’ എന്ന കവിത.
“യാദൃച്ഛികമായാണ്
വർഷങ്ങൾക്കുശേഷം
എന്റെ കാട്ടിലൂടെ പിന്നെയും
യാത്ര തുടങ്ങിയത്.
പിന്നെയൊരു ദിവസം പോയപ്പോളാണ്
കാലിച്ചെക്കന്റെ കാലിലൊരു
കാരമുള്ള് കുത്തിക്കേറി പഴുത്തത്.
കാലുകളിലൂടെ അട്ടകളൊഴുക്കിയ
ചോരച്ചാലുകൾ തുടച്ചെറിഞ്ഞ
പച്ചിലകളെണ്ണിയത്.
മരച്ചില്ലകളിൽ കിളികളെ തിരഞ്ഞ്
ഉന്നം പിടിച്ച്
ചുട്ട ഇറച്ചി ചവച്ച് ചവച്ച് മടുത്തത്.
കാട്ടുപഴങ്ങളുടെ ചവർപ്പറിഞ്ഞത്.
മഴയിൽ മരച്ചുവടുകളിൽ
മാറി മാറി നിന്ന്
ഇലത്തുമ്പിളിലെ മഴത്തുള്ളി
തണുപ്പിൻ കുളിരേറ്റത്’’.
കവിതയുടെ തുടക്കം ഇങ്ങിനെയാണ്. ഇവിടെയും മുൻപ് പരാമർശിച്ച കവിതകളിലെ ഒരു പൊതുസ്വഭാവം കാണാം. ചവച്ച് ചവച്ച് / മാറി മാറി / എന്ന പ്രയോഗം നോക്കൂ. എത്രമാത്രം ഊന്നിപ്പറയുന്നു. അതിനുശേഷം വരുന്ന വാക്കുകളെ ദ്യുതിപ്പിക്കുന്നതാണത്. കാടിറങ്ങിയ ഗോത്രവാസിയുടെ വേവലാതി നമുക്കതിൽ കാണാം. വർഷങ്ങൾക്കു ശേഷം ‘എന്റെ’ കാട്ടിലൂടെ എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. വല്ലാത്തൊരു നോവ് വായനക്കാർക്ക് കിട്ടുമെന്ന് തീർച്ച.

“വെയിലിൽ പതിയെ നീങ്ങുന്ന
കാട്ടുമരത്തണലുകളിൽ
മാറി മാറി മയങ്ങിയത്
കാട്ടുകോഴിയും കുയിലും
മരംകൊത്തിയും, അണ്ണാനും
കാട്ടുമൃഗങ്ങളും പേടിയോടെ മറഞ്ഞത്.
പിന്നെ കാട്ടുപൂക്കളിൽ മാറി മാറി
തേൻ നുകരുന്ന ശലഭങ്ങളെപ്പോലെ
യൗവനസ്വപ്നങ്ങളുടെ
ഉള്ളൊരുക്കങ്ങളുരുകിയ
കാട്ടുപൊന്തയ്ക്കുള്ളിൽ
കണ്ണടച്ചിരിക്കുന്നത്’’.
വല്ലാത്തൊരു വ്യത്യസ്തമായ കാടനുഭവം നമുക്ക് തരുന്നു ഈ വരികൾ. മനുഷ്യന് (വേടന്) മാത്രമല്ല, പ്രകൃതിയിലെ ചരാചരങ്ങൾക്കൊക്കെയും ഈ അനുഭവമുണ്ട് എന്ന് പറയുന്നിടത്ത് യാഥാർത്ഥ്യം ഇതാണെന്നാണ് കവി പറഞ്ഞുവെയ്ക്കുന്നത്. ആ യാഥാർത്ഥ്യം മറ്റൊരു തരത്തിൽ പറഞ്ഞാൽ വായനക്കാർക്കുള്ള ഉത്തരവാദിത്വം കൂടിയാണ്. കാട് തിരിച്ച് പിടിക്കണമെന്ന ഉത്തരവാദിത്വം. കവിതയിലൂടെ ഉത്തരവാദിത്വം കൊണ്ടുവരിക എന്നത് നിസ്സാര കാര്യമല്ല. അതിൽ കവി വിജയിക്കുന്നു എന്നു വേണം കരുതാൻ. അവിടെയാണ് അജയൻ മടൂർ എന്ന കവി കാടനുഭവം നാട്ടുകാരോട് പങ്കുവെയ്ക്കുന്നത്. ടൂറിസം എന്നത് കാട് നശിപ്പിക്കലല്ല എന്നും അതിനൊരു മാധ്യമം ആകരുതെന്നും ഓർമ്മപ്പെടുത്തുന്നു. എന്നാൽ ഈ കവിത അവസാനിക്കുന്നത് മറ്റൊരു പടക്കം പൊട്ടിച്ചുകൊണ്ടാണ്.
“ഇപ്പോൾ, പൊട്ടിയ
ലഹരിക്കുപ്പികൾ പൂക്കുന്ന മലകൾ
താഴ് വാരങ്ങളിൽ
പ്രണയത്താൽ വിരഹത്താൽ കനത്ത
ആഴത്തെ പ്രണയിച്ച, കാമുകി
കാമുകന്മാരുടെ ആത്മാക്കളുടെ
വിഷാദക്കാറ്റ്
കൂട്ടുകൂടാത്ത
കാട്ടുമൃഗങ്ങളൊക്കെയും
നാട്ടിലേക്കന്വേഷിച്ച് വരുന്നുണ്ട്
കാടിന്റെ മൗനവും ഉള്ളിലൊതുക്കി
കാടിറങ്ങിയ
ആ കാലിച്ചെക്കൻ നിശ്ശബ്ദനായി
നഗരത്തിലൂടെ ദിവസവും
നടന്നുകൊണ്ടിരിക്കുന്നു’’.
ഇപ്പോഴത്തെ കാടിനെ അടയാളപ്പെടുത്തുകയാണ് ഈ കവിതയുടെ അവസാന ഭാഗത്ത്. മലകളിലും താഴ് വാരങ്ങളിലും വിഷാദക്കാറ്റാണ് വീശിക്കൊണ്ടിരിക്കുന്നത്. ഗോത്രവിഭാഗങ്ങൾ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട ഒരു വിഷയം സമൂഹത്തിനു നേരെ എറിഞ്ഞു കൊണ്ടാണ് ‘കാലിച്ചെക്കൻ’ അവസാനിപ്പിക്കുന്നത്. വന്യജീവികൾ ജനവാസകേന്ദ്രങ്ങളിൽ വന്ന് സ്വൈരജീവിതത്തിന് തടസ്സമുണ്ടാക്കുന്നതിനെ കൃത്യമായി ഇവിടെ അടയാളപ്പെടുത്തുന്നു. വന്യജീവികൾ കാടിറങ്ങി നാട്ടിലേക്ക് വരുന്നതും കാലിച്ചെക്കൻ കാടിന്റെ മൗനം പേറി നഗരത്തിലൂടെ നടക്കുന്നതും മറ്റൊരു രാഷ്ട്രീയ വിഷയത്തിലേക്കു കൂടി വിരൽ ചൂണ്ടുന്നു. ഷിനിലാലിന്റെ ചോല എന്ന കഥയിൽ ചോദിച്ചതുപോലെ, ആദിവാസികളെ നഗരവത്കരിക്കുകയാണ് വേണ്ടതെങ്കിൽ കേരളത്തെ യൂറോപ്പുമായി ബന്ധിപ്പിക്കുകയല്ലേ ചെയ്യേണ്ടത് എന്ന ചോദ്യം തന്നെ വായനക്കാർക്കും തോന്നും.
തന്റെ ചുറ്റുപാടിൽ നിന്നും ജീവിതസാഹചര്യത്തിൽ നിന്നും എടുത്തിട്ടുള്ളതാണ് ഈ വിഷയങ്ങളത്രെയും. അതുകൊണ്ടുതന്നെ കലർപ്പില്ലാത്ത കവിതയായി നമുക്ക് തോന്നുന്നുവെങ്കിൽ തെറ്റില്ല.
ആത്മാവിന്റെ ആവിഷ്കാരം ആഹ്ലാദമല്ലാതാവുകയും ആഹ്ലാദമൊക്കെയും അകലേക്ക് മാഞ്ഞുപോവുകയും ചെയ്യുന്ന അവസ്ഥ ഗോത്രവിഭാഗക്കാർ അനുഭവിക്കുന്ന മറ്റൊരു നോവാണെന്ന് ‘വേടന്റെ കെണി’ എന്ന കവിത പറയുന്നു. പ്രലോഭനവും വ്യാജമായ ആഹ്ലാദനിർമ്മിതിയും മുതലാളിത്തമല്ലാതെ മറ്റെന്താണ്?
“ തെളിഞ്ഞ പുഴയിൽ നിന്ന്
കലങ്ങിയ പുഴയിലേക്ക്
തീറ്റതേടിപ്പോയ മീനിന്റെ
തൊണ്ടയിലൊരു കൊളുത്ത്
ഉണക്കമലയിൽ നിന്ന്
പച്ചമലയിലേക്ക് തീറ്റതേടിപ്പോയ
പന്നിയുടെ കഴുത്തിലൊരു കമ്പി
ഉണക്കമരത്തിൽ നിന്ന്
പൂത്തമരത്തിലേക്ക്
തേൻ കുടിക്കാൻ വന്ന
പക്ഷിയുടെ ചങ്കിലൊരമ്പ്’’.
‘വേടന്റെ കെണി’ തുടങ്ങുന്നതിങ്ങനെയാണ്. ആദ്യഭാഗം വായിക്കുമ്പോൾ വേടൻ കെണി വെയ്ക്കുന്നു എന്ന പ്രതീതിയാണ് ജനിപ്പിക്കുന്നത്. കൊളുത്തും കമ്പിയും അമ്പും കെണിയുടെ ഭാഗം കൂടിയാണ്. പിന്നീടുള്ള ഭാഗം വായിക്കുമ്പോഴാണ് വ്യവസ്ഥയുടെ കെണി വേടനുള്ളതാണെന്നും, മറ്റെല്ലാം തിരികെ വരുമ്പോഴും കെണിയിലകപ്പെട്ട വേടന് മാത്രം മോചനമില്ലാത്ത അവസ്ഥയാണെന്നും നമുക്ക് ബോധ്യപ്പെടുക.

“പുഴകളെല്ലാം വറ്റി
മീനുകൾ ചത്തു തീർന്നു.
മലകളെല്ലാം കത്തി
പന്നികളെല്ലാം തീർന്നൊടുങ്ങി
മരങ്ങളെല്ലാം ഉണങ്ങി
പക്ഷികളെല്ലാം തീർന്നുപോയി
പിന്നെ വേടൻ കാടിറങ്ങി
നാട്ടിൽ പണിക്ക് പോയി
വേടനും കിട്ടി
കൈയിൽ ഒരു ഗ്ലാസ് ചാരായം.
മഴ പെയ്തു
എല്ലാ പുഴകളിലും ജലം തുടിച്ചു
മീൻതുടിച്ചു, എല്ലാ മലകളിലും
പച്ചപ്പുരുവായ് പന്നി വന്നു.
എല്ലാ മരങ്ങളിലും പൂക്കൾ പൊട്ടി
പക്ഷികൾക്ക് തേനായ്
കാടിറങ്ങിയ വേടൻമാത്രം
ഇതുവരെ കണ്ണും തുറന്നിട്ടില്ല
കാട്ടിലേക്ക് മടങ്ങിയിട്ടുമില്ല’’.
‘കാത്തിരിപ്പ്’’ എന്ന കുഞ്ഞുകവിത ആരെയും കുറ്റപ്പെടുത്തുന്നില്ല. പൊതുവിൽ അജയൻ മടൂരിന്റെ കവിത ആർക്കെതിരെയും അമ്പെയ്യുന്നൊന്നുമില്ല. പക്ഷെ പച്ചയായ യാഥാർത്ഥ്യങ്ങളിലേക്ക് ടോർച്ച് അടിക്കുന്നുവെന്ന് മാത്രം.

കാട് തന്നെ കവിതയാകുന്നു. പ്രദേശം കവിതയാകുന്നു, കവിത പ്രദേശമാകുന്നു.
“കുറ്റപ്പെടുത്തുന്നില്ല ഞാൻ ആരെയും
കന്നുകാലികളുടെ കൂടെ
എന്നെ കാട്ടിൽ പറഞ്ഞുവിട്ടതിന്.
അമ്പും വില്ലുമായി നായാട്ടിന്
പറഞ്ഞുവിട്ടതിന്
വിശപ്പ് അറിയിക്കാതെ
കാട്ടുകിഴങ്ങ് കുഴിച്ച് തിന്നതിനും
പുഴയിൽ മീൻ പിടിച്ചതിനും.
എന്നാൽ ഇപ്പോൾ ഞാൻ
കുറ്റപ്പെടുത്തുന്നു
എന്റെ അപ്പനേയും അമ്മയേയും.
എത്ര നേരമായി ഈ നീണ്ട ക്യൂവിൽ
നിൽക്കുന്നു സൗജന്യറേഷൻ
കിട്ടാനുള്ള ഊഴവും കാത്ത്’’.
കവി തന്നെയാണിതിലെ കഥാപാത്രം. തന്റെ ചുറ്റുപാടിൽ നിന്നും ജീവിതസാഹചര്യത്തിൽ നിന്നും എടുത്തിട്ടുള്ളതാണ് ഈ വിഷയങ്ങളത്രെയും. അതുകൊണ്ടുതന്നെ കലർപ്പില്ലാത്ത കവിതയായി നമുക്ക് തോന്നുന്നുവെങ്കിൽ തെറ്റില്ല. ആത്മാർത്ഥതയും സത്യസന്ധതയും ഓരോ വരിയിൽ നിന്നും വായിച്ചെടുക്കാനാകും.
ജീവിതം കൊണ്ട് മുറിവേറ്റ മനസ്സ്
സ്ഥലത്തെ വെറുതെ പകർത്തിവെയ്ക്കുകയല്ല അജയൻ മടൂരിന്റെ കവിത. അഞ്ചു കവിതകളിലും സ്ഥലം പ്രകൃതിയാണ്, കാടാണ്. പ്രകൃതിസംരക്ഷണം എന്നത് മാത്രമല്ല ഗോത്രസംരക്ഷണം കൂടി ലക്ഷ്യമിടുന്നുണ്ട് കവിത. ഭാഷയും സംസ്കാരവും നിറഞ്ഞുനിൽക്കുന്നതിനോടൊപ്പം സാധാരണ ജീവിതമുഹൂർത്തങ്ങളെയും മാനസികസംഘർഷങ്ങളെയും അടയാളപ്പെടുത്തുന്നു. ജീവിതം കൊണ്ട് മുറിവേറ്റ മനസ്സുമായി ജീവിച്ചുകൊണ്ടേയിരിക്കുകയാണ് ഇതിലുള്ളവർ. ഉള്ളടക്കം എല്ലാവരും വായിക്കണമെന്നും അറിയണമെന്നും ഒരു ശാഠ്യം ഉള്ളതുപോലെ തോന്നും ഇതിലുപയോഗിച്ച ലളിതമായ ഭാഷ കാണുമ്പോൾ. എന്നാൽ വേണ്ടിടത്ത് ഗോത്രഭാഷയും നാമവും ഉപയോഗിക്കാൻ മടിക്കുന്നുമില്ല. അധികാരം, മുതലാളിത്തം, രാഷ്ട്രീയം, ഹിംസ, അധിനിവേശം, നിസഹായരായ മനുഷ്യരുടെ ജീവിതം, പ്രണയം എന്നിങ്ങനെ ബഹുമുഖമാണ് ഈ കവിതകൾ. ഭിന്ന ഭാവങ്ങളുടെ വൈവിധ്യം പുലർത്തുന്ന ഒരു വയനാടൻ ഭൂപടമായി ഈ കവിതകളെ ചേർത്തുവെയ്ക്കാം.
▮
ഗ്രന്ഥസൂചിക:
1. അജയൻ മടൂർ, കാലിച്ചെക്കൻ, മാധ്യമം ആഴ്ചപ്പതിപ്പ്, ലക്കം 1232.
2. അജയൻ മടൂർ, നായാട്ട്, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 25 സെപ്റ്റംബർ 2022.
3. അജയൻ മടൂർ, വേടന്റെ കെണി, ദേശാഭിമാനി വാരിക, ലക്കം 44.
4. ദേവേശൻ പേരൂർ, അജയ്യമായ ജീവിതത്തിനുള്ള അഭിവാദ്യം, കവല ഓണപ്പതിപ്പ്, 2025.
5. സുകുമാരൻ ചാലിഗദ്ധ, സുരേഷ്. എം. മാവിലൻ, ഗോത്രകവിത, ഡി.സി ബുക്സ്.
6. https://www.facebook.com/share/P/IDZMDSuX8x
