എത്ര ദൂരങ്ങൾ തേടി നടന്നു
മടങ്ങിപ്പോകാമെന്നു വിചാരിക്കേ
കൂവൽ കേട്ടു
അടുത്തെത്തുമ്പോൾ
ദൂരെ കണ്ടു
വരണ്ടു കിടക്കുന്ന ഭൂമി
കരിമ്പനകൾ
ഗ്രാമം
പുളിമരങ്ങൾ
ആകാശച്ചെരിവ്
പുഴയുടെ പൂഴിമണലിൽ
കാല്പാടുകൾ കണ്ടു.
കറുപ്പു നിറത്തിൽ
ചാർക്കോൾ കൊണ്ടു വരച്ചിട്ട മഴമേഘങ്ങൾ
പായുന്നു
എത്രയും സ്വരം താഴ്ത്തി പാടിയ
ഗാനം ഒഴുകുന്നു
കറുത്ത പൊള്ളുന്ന ചുണ്ടുകൾ
സ്വപ്നം കണ്ടു
സ്വപ്നങ്ങളിൽ ജീവിച്ചു മരിക്കാനും ചിലരുണ്ട്
ഞാനും അങ്ങനെ.