ഒന്ന്
ഒരു വെളുപ്പാൻ കാലത്ത്
ആരുടെയോ അഴിഞ്ഞുവീണിരിക്കുന്നു,
കരിയിലകളോടൊത്ത് ഉറുമ്പരിക്കുന്ന ഒരു വിരൽ.
മൂന്ന് ദിവസം കാറ്റു വീശി മഞ്ഞുകാലമായതുകൊണ്ട്
ഇലകൾ പൊഴിഞ്ഞുകൊണ്ടേയിരുന്നു
ഞാൻ അതെടുത്ത് പോക്കറ്റിലിട്ടു.
‘‘അതാ എന്റെ കൈ പോകുന്നു”വെന്ന്
ആ കുഞ്ഞുവിരൽ വിളിച്ചുപറഞ്ഞിരുന്നുവെങ്കിൽ
ഉറപ്പായും ആ കൈയ്ക്ക് ഞാൻ അത് തിരിച്ചു നൽകുമായിരുന്നു.
കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ്
ഞാൻ പതിവുപോലെ
വീട്ടിലേക്ക് നടന്നു.
മുറ്റത്ത് വിരലുകൾ ഒന്നും തന്നെയില്ല
പക്ഷേ മുല്ലച്ചെടിയുടെ താഴെ
തിളക്കമറ്റ ഒരു കണ്ണ്.
രണ്ട്
പുറത്ത് മഞ്ഞുവീഴ്ച കൂടുതലാണ്
ചുവരുകളിൽ ചോര പൊടിയുന്നുണ്ട്
അടുക്കളയിൽ ഒരു കാൽപാദം മുറിഞ്ഞു കിടപ്പുണ്ട്.
ഒരു കുഞ്ഞു പാദസരം
അതിൽ ചുറ്റി കിടക്കുന്നു.
ഞാൻ അതുമായി പിന്നിലേക്കോടി
രാത്രിയിൽ ഞാൻ ഇതെവിടെ കുഴിച്ചിടും?
നക്ഷത്രങ്ങൾ കൊരുത്ത
പാവപ്പെട്ടവരുടെ ക്ലബ്ബിലെ പുൽക്കൂട്ടിൽ അത് വെച്ചു.
മറിയം, അവൾ അവളുടെ കുഞ്ഞിന് ആ പാദങ്ങൾ
തിരികെ നൽകും.
വളർത്തുമൃഗങ്ങൾ അവരുടെ മരണാനന്തരം നമ്മളെ കാണാൻ വരുന്നതുപോലെ ജീർണിച്ച ശരീരാവശിഷ്ടങ്ങൾ, മണങ്ങൾ…
കുരിശുകളും കുഞ്ഞുങ്ങളുടെ അവയവങ്ങളും
ആകാശങ്ങളിൽ നിന്ന്
ഭൂമിയിൽ നിന്ന്
അഗ്നിക്കിരയാക്കപ്പെട്ട സ്ത്രീപുരുഷന്മാർ
ലെബനനിൽ നിന്ന്
മണിപ്പുരിയിൽ നിന്ന്...
എന്റെ ചിറക് കുഴഞ്ഞു
ഞാൻ അതുമായി കുറ്റിക്കാടുകളിൽ
ഇഴഞ്ഞു.
ഉറങ്ങൂ
ഉറങ്ങൂ…
അമ്മ പറഞ്ഞു.
എന്റെ പുലി യാതൊരു സന്ദേഹവുമില്ലാതെ
കാൽച്ചുവട്ടിൽ കിടന്നു.
എന്തുകൊണ്ട് അവൻ പ്രതികരിക്കുന്നില്ല; ആരും പ്രതിഷേധിക്കുന്നില്ല?
മൂന്ന്
പുലർച്ചെ മുറ്റം നിറയെ മുടി.
ചാക്ക് തലയിൽകെട്ടിയ പെൺകുട്ടി മുറ്റമടിക്കുന്നു. മറ്റൊരു ചാക്കിലേക്ക് അവൾ മുടി കോരിയിട്ടു കൊണ്ടിരുന്നു. ഞാൻ ചാക്കിന്റെ വായ തുറന്നുപിടിച്ചു. അത് തലയിൽ വെച്ചുകൊടുക്കാൻ അവൾ ആവശ്യപ്പെട്ടു. അവൾക്ക് പിന്നിൽ ഞാൻ നടന്നു. വഴിനീളെ മഞ്ഞുപുരണ്ട തലമുടിച്ചുരുളുകൾ…
‘‘നീ എന്നെക്കുറിച്ച് പാടാത്തതെന്ത്’’
അവൾ ചോദിച്ചു.
‘‘നീ കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കുന്നുണ്ടോ?’’
‘‘ഉണ്ട്’’, അവൾ പറഞ്ഞു:
“നീ എങ്ങനെ അവശേഷിച്ചു
ആരെ കാത്തിരിക്കുന്നു?’’
ഞങ്ങൾ കാറ്റിനൊപ്പം നടന്നു.
“നിനക്ക് മരിക്കണോ’’
ചുമടിറക്കിവെച്ച് അവൾ ചോദിച്ചു.
അവൾ ചാക്കും മുഖാഭരണവും മാറ്റി
വെയിൽ ഞങ്ങളെ പൊള്ളിച്ചു.
“ഉം…” ഞാൻ പ്രതിവചിച്ചു.
അവൾ എന്റെ മുറിവുകളിൽ തൊട്ടു
വേദനക്കായി പരിണമിക്കുന്ന ജീവിയാണ് മനുഷ്യൻ.
അവൾ എന്റെ മുഖം ചേർത്തുപിടിച്ചു
“എന്റെ പ്രിയനേ…” അത്രമേൽ മധുരിതമായി ആരുമെന്നെ വിളിച്ചിരുന്നില്ല.
“നിന്നെ ആർക്ക് കൊല്ലുവാനാകും’’.
ഉണങ്ങിയ കുറ്റിക്കാട്ടിലൂടെ
അവൾ ഓടിപ്പോയി.
അവളുടെ സ്പർശനമേറ്റ ഇടങ്ങളിൽ
കാട്ടുപൂക്കൾ മണത്തു.
കൊച്ചു മാലാഖമാരെപ്പോലെ പച്ചപ്പുല്ല് കിളിർത്തു.
നാല്
“സാറേ ഒരു കവി വന്നിരിക്കുന്നു”വെന്ന് പോലീസുകാരി പറഞ്ഞു.
ഞാൻ എസ് ഐയുടെ മുറിയിലേക്ക് കടന്നു.
“എഴുതുവാനുള്ള ലൈസൻസ് ഉണ്ടോ”, അയാൾ ചോദിച്ചു.
ഞാൻ അത് കാണിച്ചു കൊടുത്തു;
മുഷിഞ്ഞ ഒരു തുണ്ട് കടലാസ്. പിന്നിപ്പോയ ഭാഗം പശയൊട്ടിച്ച് അയാൾ തിരികെ തന്നു.
ഒരു പോലീസുകാരൻ
കടലാസും പേനയും
എന്റെ മുന്നിൽ വെച്ചു മരവുരിയെക്കുറിച്ചും പുഷ്പകവിമാനത്തെക്കുറിച്ചും സമവൃത്തത്തിൽ
ഒരു കവിതയെഴുതാൻ ആവശ്യപ്പെട്ടു.
“ഞാൻ എഴുതുന്ന കവിയല്ല സാർ”
വസന്തതിലകത്തിൽ ചില വരികൾ ചൊല്ലാൻ ആവശ്യപ്പെട്ടു.
“കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നു
പാവങ്ങൾ കൊല്ലപ്പെടുന്നു”
“ തെളിവുണ്ടോ?’’
ഞാൻ പോക്കറ്റിലെ വിരലിൽ
പതുക്കെ തൊട്ടു.
അത് പുറത്തെടുത്താൽ ഇസ്രായേലിന്റെ മുഴുവൻ കുറ്റവും എന്റെ തലയിൽ അടിച്ചേൽപ്പിക്കുമെന്ന് എനിക്കറിയാം.
“രാത്രിയിൽ കരച്ചിൽ കേൾക്കുന്നു
സർ’’, എല്ലാരും നിശബ്ദമായിരുന്നു.
വേദപുരുഷന്റെ പാദങ്ങളെക്കുറിച്ച് ഞാൻ സ്മരിച്ചു. ഛന്ദസ്സുകളെ മറവിയിൽ ചികഞ്ഞു നോക്കാൻ വെറുതെ ശ്രമിച്ചുകൊണ്ടിരുന്നു.
ബൂട്ടിട്ട ഒരു കാൽ എന്റെ അടിവയറ്റിൽ ആഞ്ഞു ചവിട്ടി.
പത്തുവർഷം ഞാൻ കോടതി കയറിയിറങ്ങി.
അഞ്ച്
മരുന്നു തളിക്കാതെ പുല്ലുകൾ
ഉണങ്ങിത്തുടങ്ങി.
പാമ്പുകൾ ചത്തു കിടന്നു.
അയൽക്കാർ അവരുടെ കമ്പി വേലിയിൽ പടർന്ന
കൈപ്പവല്ലരിയുടെ വേരറുത്തു.
സിറ്റൗട്ടിൽ അവരുടെ പെൺപട്ടി
ചോര വീഴ്ത്തുന്നതായറിഞ്ഞ്
അതിന് എലിവിഷം നൽകി.
ഗ്രാമം പുരോഗതിയിലേക്ക് എന്ന നോട്ടീസ്
ഇടയ്ക്കിടെ ഇറങ്ങിക്കൊണ്ടിരുന്നു.
മെലിഞ്ഞിരുണ്ട തൊഴിലാളികളോടൊപ്പം
ഞാനും വെയിൽ കൊള്ളാനിറങ്ങി.
ഞങ്ങളുടെ ഗ്രാമം ഒരു കോൺസെൻട്രേഷൻ ക്യാമ്പാണ്.
പൊരിവെയിലിലെ റോഡ് പണിക്കാർ
കൊടുംമഴയിലെ കൊയ്ത്തുകാർ
നൂറ്റാണ്ടുകളോളം പണിയെടുക്കുന്നവർ അവർ എവിടെപ്പോയി?
ആറ്
ഉറങ്ങൂ
ഉറങ്ങൂ…
അമ്മ പറഞ്ഞു.
മറുഭാഷ ചൊല്ലി ചൊല്ലി
അജ്ഞാതമായ ഒരു ആശയത്തെ ഉറക്കി; ഞാൻ ഉണർന്നിരുന്നു.
നനഞ്ഞ പുസ്തകങ്ങൾ രാത്രിയിൽ ഉണക്കുവാനിട്ടു. ചോരക്കറയിൽത്തന്നെ കവിത വായിച്ചു.
ഉള്ളം കയ്യിൽ മണ്ണെടുത്ത് ഞാൻ ഒരു വിത്ത് നട്ടു. അതിന് ജലവും സ്നേഹവും സൂര്യപ്രകാശവും നൽകി. ധ്യാനിക്കുമ്പോൾ ചന്ദ്രികയിൽ അവൾ മുഴുകി. അവൾ കിളുർത്തു.
മനുഷ്യർക്ക് മാത്രം കുടിക്കുവാനുള്ള ജലമേ തരുകയുള്ളൂവെന്ന് അവർ പറഞ്ഞു. ‘‘ഞങ്ങളിൽ മനുഷ്യർ മാത്രമല്ല” എന്ന് ഞാൻ മുരണ്ടു. ഞങ്ങളുടെ കിണറുകളിൽനിന്ന് വെള്ളമെടുക്കാൻ അനുവദിക്കണമെന്ന് ഞാൻ അപേക്ഷിച്ചു. അവർ അത് സീൽ ചെയ്ത്, ഒരു പോലീസുകാരനെ കാവൽ നിർത്തി. കലാപത്തിന് മുതിരുകയാണെങ്കിൽ കിണറിൽ വിഷം കലക്കുമെന്ന് അവർ പറഞ്ഞു. കൈവെള്ളയിലെ മുളച്ച വിത്ത് ഞാൻ അവർക്ക് കാണിച്ചു കൊടുത്തു…
ഏഴ്
കഴിഞ്ഞവർഷത്തേക്കാൾ പുകമഞ്ഞ് ഞങ്ങളുടെ ഗ്രാമത്തെ വിഴുങ്ങി.
തീവ്രമായ പ്രണയത്താലും താന്ത്രിക വിദ്യകളാലും
ഞാൻ എന്റെ യൗവനത്തെ നിലനിർത്തി.
“ആർക്കുവേണ്ടി എഴുതുന്നു”വെന്ന് കോടതി ചോദിച്ചു.
എനിക്കുവേണ്ടിയെന്നു പറഞ്ഞാൽ അവരെന്നെ ഭ്രാന്താശുപത്രിയിൽ അടയ്ക്കും.
ജനങ്ങൾക്ക് വേണ്ടിയെന്ന് പറഞ്ഞാൽ വെടിവെച്ചു കൊല്ലും. “ആമസോണിലെ മുള്ളൻ പന്നികൾക്ക് വേണ്ടി”, ഞാൻ പറഞ്ഞു. അവർ അത് വിശ്വസിച്ചില്ല.
“ഉത്തര ധ്രുവത്തിലെ കുള്ളൻ ആനകൾക്ക് വേണ്ടി” ഞാൻ പറഞ്ഞു. കോടതി ചിരിച്ചു.
എന്നെ ഒരു പോലീസുകാരൻ പുറത്തേക്കു വലിച്ചെറിഞ്ഞു.
കുന്നിൻപുറത്തെ ഉണങ്ങിയ മരത്തിന് താഴെ നിന്ന് ഞാൻ കരഞ്ഞു. ശിവഭക്തരുടെ കണ്ണുനീർ ഭൂമിയിൽ വീഴരുതെന്ന് അമ്മ പറഞ്ഞത് ഞാൻ ഓർമിച്ചു. പുറം കൈകൊണ്ട് കണ്ണീർ തടഞ്ഞ് മറുകൈകൊണ്ട് മരത്തെപ്പുണർന്നു. ആ അത്തിമരം പൂത്തു; കായ്ച്ചു.
“ദിനോസറുകളുടെ കാലമായിരുന്നു നല്ല’’തെന്ന് ഞാൻ വിലപിച്ചു. വാർദ്ധക്യത്തിൽ എനിക്കുള്ള കളിപ്പാട്ടങ്ങളുമായി, അച്ഛൻ വരുന്നത് ഞാൻ കണ്ടു. സമയമായില്ലെന്ന് ഒരു കിളി പൂമരത്തിലിരുന്ന് പാടി. അച്ഛൻ മടങ്ങിപ്പോയി.
എന്റെ വരയൻ പുലിയുടെ മുരൾച്ച ഞാൻ കേട്ടു. കാവ്യ പുരോഹിതന്മാരുടെ സംഘത്തോടൊപ്പം ഞാൻ ആ കുഞ്ഞുവിരൽ മണ്ണിൽ കുഴിച്ചിട്ടു.
എട്ട്
വേദനിക്കുന്നു എന്ന് എഴുതി
ഞാൻ അത് മായ്ച്ചു.
ഇപ്പോൾ അവിടെ ചോരക്കറ മാത്രം.
വേദനിക്കുന്നു
വേദനിക്കുന്നു…
ഭൂമി പറഞ്ഞു.
ഉറങ്ങൂ,
ഉറങ്ങൂ…
അമ്മ പറഞ്ഞു.
ഓടിപ്പോകാൻ ഒരിടവും ഇല്ലാത്തവർക്ക് വേണ്ടി ഞാൻ ജൽപ്പനങ്ങൾ നടത്തി. ഏതു കുഞ്ഞിന്റെ വിരലാണതെന്ന് അന്വേഷിച്ചുപോയ ദൈവം മടങ്ങിയെത്തി.
പ്രവാചകർ മറുഭാഷ ചൊല്ലുന്നത് എന്തുകൊണ്ടെന്ന് ഞാൻ അറിഞ്ഞു. ഭാഷയ്ക്ക് ബോധത്തിന്റെ പരിധികളുണ്ട്. ആഴമേറിയ മുറിവുകളിലേക്ക് അതിനൊഴുകാൻ കഴിയുന്നില്ല. അതിനാൽ അജ്ഞാതവും കാവ്യാത്മകവുമായ ഒരു മറുഭാഷ ഞങ്ങൾ ചൊല്ലുന്നു. അത് ഭൂമിയുടെ ആഴങ്ങളിലേക്ക് പോകുന്നു. ആകാശത്തിന്റെ പരിധികളെ ലംഘിക്കുന്നു.
ഒമ്പത്
ഞങ്ങൾക്ക് കടലില്ല.
ഐലൻ തുർക്കിയിലെ
കടൽത്തീരത്ത് മരിച്ചുകിടന്ന ദിവസം
ഞാൻ അമ്മയോട് പൈസ വാങ്ങി
തീവണ്ടിയിൽ നഗരത്തിലേക്ക് തിരിച്ചു.
രാത്രിയിൽ കടൽത്തീരത്തെത്തി
കടൽ ആർത്തലയ്ക്കുന്നു.
ഞാൻ അവളെ തെറി വിളിച്ചു.
നെഞ്ചുപൊട്ടി നിലവിളിച്ചു.
‘‘അവൻ തിരകൾക്കു മീതെ നടക്കുകയായിരുന്നു
ഇടയ്ക്ക് വഴുതി വീഴാതിരിക്കാൻ
ഞാൻ അവനെ ഉയർത്തിപ്പിടിച്ചു
ഇല്ലാത്ത രാജ്യങ്ങളുടെ ഭാരം
അവനെ ചവിട്ടിത്താഴ്ത്തി”
കടൽ കരഞ്ഞു.
തുറയിലെ പട്ടികൾ കൂട്ടത്തോടെ കടൽക്കരയിലേക്ക് വന്നു.
അവരുടെ യജമാനനെ കണ്ട് അവർ മണലിൽ കൈകൾ ഉയർത്തി കിടന്നു എനിക്ക് അവരെ അഭിവാദ്യം ചെയ്യാൻ കഴിഞ്ഞില്ല.
തലകുനിച്ച് നടന്നു.
വേദനകൊണ്ട് വളഞ്ഞു
ഞാൻ ഒടിഞ്ഞുവീണു
മണലിലേക്ക് മുഖം പൂഴ്ത്തി
കിടന്നു.
കടൽ എനിക്ക് വേണ്ടി മറുഭാഷയിൽ പ്രാർത്ഥനകൾ ചൊല്ലുന്നു.
പത്ത്
ഉണർന്നപ്പോൾ മഞ്ഞുകാലം അവസാനിച്ചിരുന്നു. “ശ്രദ്ധിക്കൂ… നീ നമ്മുടെ പുതിയ വീട്ടിലേക്ക് വരണം”, അമ്മ വിളിച്ചു. മുഖത്തെ മണൽ തുടച്ചുകളഞ്ഞ് ഞാൻ കടലിന്റെ പൊൻതിളക്കം നോക്കിയിരുന്നു.