എന്നിരുന്നാലും
(ദീർഘ കവിതയിൽനിന്ന് ചില ഭാഗങ്ങൾ)
മറ്റൊന്നും ചെയ്യാനില്ലാത്തപ്പോഴാണ് ഒരു കവിത ഉയിർക്കുന്നത് എന്നിരുന്നാലും
ക്രമമില്ലായ്മ ഇനി ഒരിക്കലും സഹിക്കുക വയ്യാത്തപ്പോൾ ക്രമത്തിനായുള്ള ഒടുവിലത്തെ ഉദ്യമമാണ് കവിതയെങ്കിലും
സ്വാതന്ത്ര്യവും വിറ്റമിൻ സിയും വിനിമയോപാധികളും നിയമവും ഹൈപ്പർടെൻഷനുള്ള ചികിത്സയും പോലെ കവിതയും അത്യാവശ്യമായിരിക്കുന്നു എന്നിരിക്കിലും
കലാകാരനായിരിക്കുക എന്നാൽ പരാജയപ്പെടുക എന്നാണ് അർഥമെങ്കിലും, സാമുവൽ ബക്കറ്റ് പറഞ്ഞതുപോലെ കല എന്നത് പരാജയത്തോടുള്ള സത്യസന്ധത ആണെങ്കിലും
കവിത മനഷ്യന്റെ ഏറ്റവും ഒടുവിലത്തെ കാര്യങ്ങളിൽ ഒന്നല്ല, ഏറ്റവും പ്രഥമമായ കാര്യമാണ്.
വില്യം കാർലോസ് വില്യംസ് പറയുന്നതുപോലെ കവിത മഹായന്ത്രങ്ങൾക്കും മഹാടണ്ണുകൾക്കും മഹാ ഇലക്‌ട്രോൺ വോൾട്ടുകൾക്കുമിടയിൽ സ്പന്ദിക്കുന്ന ഒരു word machine അഥവാ വാഗ്‌യന്ത്രമാണെങ്കിലും
ഒരാൾക്ക് കവിതയുടെ ലോകത്തെന്നപോലെ മറ്റൊരു ലോകത്തും കൂടുതൽ നന്നായി ജീവിക്കാൻ കഴിയില്ലെങ്കിലും കവിതയുടെ ലോകം ഇരുണ്ടതാണെങ്കിലും അത് വിജനതയിൽനിന്ന് ഉൽഭവിച്ച് ആത്മീയചരിത്രത്തിന്റെ വിജനതയിൽ അകാലമൃത്യു വരിക്കുന്നുവെങ്കിലും
സൂസൺ സൊണ്ടാഗ് പറയുന്നതുപോലെ കല പ്രശ്‌നങ്ങൾ പരിഹരിക്കുകയല്ല, നിരന്തര ഉപയോഗത്തിലൂടെ പ്രശ്‌നങ്ങളുടെ പുതുമ നശിപ്പിക്കുകയാണ് ചെയ്യുന്നതെങ്കിലും
കവിത ഒരേയൊരു വാളും പരിചയുമാണ്.
എന്തെന്നാൽ സിദ്ധാന്തത്തിലും സത്തയിലും കവിത സ്വേച്ഛാധിപതികൾക്കും മോട്ടോർവാഹനങ്ങൾക്കും ഭ്രാന്തിനും അർബുദത്തിനും മരണത്തിന്റെ കവാടങ്ങൾക്കും എതിരല്ല.
പക്ഷെ, എല്ലാ കാലത്തും നമ്മുടെ അകത്തും പുറത്തും മുന്നിലും പിന്നിലും മധ്യത്തിലും എല്ലായിടത്തും നമ്മോടൊപ്പവും നമുക്കെതിരെയും അതുണ്ട്.
കവിത ശൂന്യതക്ക് എതിരാണ്. അത് ശൂന്യതക്ക് എതിരെയുള്ള ഒരു ഉണ്മ പോലെയാണ്. അത് പ്രധാനമായും അപ്രധാനമായും ശൂന്യതക്ക് എതിരാണ്.
ശൂന്യതയുടെ പരിമിതികൾ: മനുഷ്യന്റെ പരിമിതികൾ അവസാനിക്കുന്നിടത്ത് ശൂന്യതയുടെ പരിമിതികൾ ആരംഭിക്കുന്നു. മരിച്ച വസ്തുക്കളുടെ അവ്യവസ്ഥകൾക്കെതിരെ സ്വയം സജ്ജീകരിക്കുവാനും തീരുമാനമെടുക്കുവാനും കാണാനും ഉൾക്കൊള്ളുവാനുമുള്ള ആസൂത്രണത്തിന്റെ പരിമിതികൾ.
മനുഷ്യരുടെ പരിമിതികൾ ഈ ഊർജത്തിന്റെ നാഡിമിടിപ്പുകളാൽ വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നു.
മനുഷ്യർ ഉള്ളിടത്തേക്കാൾ മനുഷ്യർ ഇല്ലാത്തിടത്താണ് ശൂന്യത ഏറ്റവും പ്രബലം.
നക്ഷത്രങ്ങൾക്കിടയിലുള്ള സ്ഥലം ശൂന്യമല്ല, പക്ഷെ, തകർന്നടിഞ്ഞ ഒരു വീടുപോലെ ശൂന്യമായ മറ്റൊന്നുമില്ല.
നക്ഷത്രങ്ങളെ നിരീക്ഷിക്കുമ്പോൾ നാം അനുഭവിക്കുന്ന ശൂന്യത അവയുടേതല്ല.
ഒരു ദുരന്തം പോലെയോ പേമാരി പോലെയോ അല്ല ശൂന്യത അടുത്തേക്കുവരുന്നത്. ശൂന്യത പാദമൂന്നി വരുന്നു. കേടുപാടു തീർക്കാത്ത ഒരു മേൽപ്പുരയിലൂടെ, അല്ലെങ്കിൽ മലിനമായ ഒരു ഡസ്‌കിലൂടെ. റോഡുകളിലുള്ള വിള്ളലുകളിലൂടെ, അല്ലെങ്കിൽ സ്വപ്‌നങ്ങളിലുള്ള വിള്ളലുകളിലൂടെ.
ശൂന്യത പാദമൂന്നി വരുന്നു.
നെപ്പോളിയൻ
കുട്ടികളെ, നെപ്പോളിയാൻ ബോണോപാർട്ട്
എപ്പോഴാണ് ജനിച്ചത്?
അധ്യാപകൻ ചോദിക്കുന്നു.
ആയിരം വർഷങ്ങൾക്കുമുമ്പ്,
കുട്ടികൾ പറയുന്നു.
നൂറുവർഷം മുമ്പ്,
കുട്ടികൾ പറയുന്നു.
കഴിഞ്ഞ വർഷം,
കഴിഞ്ഞ ക്രിസ്മസിന്.
ആർക്കും അറിയില്ല.
കുട്ടികളേ, നെപ്പോളിയൻ ബോണോപാർട്ട്
എന്താണ് ചെയ്തത്?
ഒരു യുദ്ധം ജയിച്ചു, കുട്ടികൾ പറയുന്നു.
ഒരു യുദ്ധം തോറ്റു, കുട്ടികൾ പറയുന്നു.
ആർക്കുമറിയില്ല.
ഫ്രാൻടിസ്‌ക് എന്ന കുട്ടി പറയുന്നു:
ഞങ്ങളുടെ അറവുകാരന് ഒരു പട്ടിയുണ്ടായിരുന്നു.
അയാൾ അതിനെ അടിക്കുക പതിവായിരുന്നു.
പട്ടി വിശന്നുമരിച്ചു;
ഒരു വർഷം മുമ്പ്.
നെപ്പോളിയനെക്കുറിച്ചോർത്ത്
ഇപ്പോൾ കുട്ടികളെല്ലാം സങ്കടപ്പെടുന്നു.
കവിയുമായി സംഭാഷണം
നിങ്ങളൊരു കവിയാണോ?
അതെ
നിങ്ങൾക്ക് എങ്ങനെ അറിയാം?
ഞാൻ കവിതകൾ എഴുതിയിട്ടുണ്ട്
നിങ്ങൾ കവിതകൾ എഴുതിയിട്ടുണ്ടെങ്കിൽ നിങ്ങൾ കവിയാണ് എന്നർഥം. പക്ഷെ, ഇപ്പോൾ?
ഞാൻ മറ്റൊരു ദിവസം വീണ്ടും ഒരു കവിത എഴുതും
അങ്ങനെയാണെങ്കിൽ ഒരു ദിവസം വീണ്ടും നിങ്ങൾ കവിയാകും. പക്ഷെ, അതൊരു കവിതയായിരിക്കുമെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം?
അത് അവസാനത്തെ കവിത പോലെത്തന്നെ ഉള്ള ഒന്നായിരിക്കും.
അത് എങ്ങനെ നിങ്ങൾക്ക് ഉറപ്പിച്ച് പറയാനാകും?
കവിതയുടെ ഗുണം പോലും ഒരിക്കലേയുണ്ടാകൂ. അതാകട്ടെ, നിങ്ങളെ ആശ്രയിച്ചല്ല, സാഹചര്യങ്ങളെ ആശ്രയിച്ചാണ് സംഭവിക്കുന്നത്.
സാഹചര്യങ്ങളും ഒരേപോലെയായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു
നിങ്ങൾ അങ്ങനെയാണ് വിശ്വസിക്കുന്നതെങ്കിൽ നിങ്ങൾ കവിയായിരിക്കില്ല.
ഒരിക്കൽ നിങ്ങൾ കവിയായിരുന്നിരിക്കാം. നിങ്ങൾ ഇപ്പോഴും ഒരു കവിയാണ് എന്ന് വിശ്വസിക്കുന്നത് എന്തുകൊണ്ടാണ്?
അത്... എനിക്കത് ശരിയായി അറിയില്ല.
നിങ്ങൾ ആരാണ്?
കടലിനെ ശപിക്കുന്ന ഒരാൾ
ആരോ ഒരാൾ
ഒരു തൂക്കാംപാറയിൽ കയറിനിന്ന്
കടലിനെ ശപിക്കാൻ തുടങ്ങി
വിഡ്ഢിയായ വെള്ളമേ,
വിഡ്ഢിയായ ഗർഭിണി വെള്ളമേ,
ആകാശത്തിന്റെ പങ്കിലമായ പകർപ്പേ,
സൂര്യനും ചന്ദ്രനുമിടയിൽ അമാന്തിച്ചുനിൽക്കുന്നവളേ,
ചിപ്പികളുടെ കുതന്ത്രക്കാരിയായ കണക്കുപുസ്തകമേ,
ഒഴുകുന്ന, വലിയ വായുള്ള കാളേ,
ചോരയാൽ പാറകൾക്ക് വളക്കൂറുണ്ടാക്കുന്നവളേ,
കടലിലേക്ക് നീളുന്ന മുനമ്പിൽ
സ്വയം വെട്ടിക്കീറുന്ന ആത്മനാശകമായ ഖഡ്ഗമേ,
രാത്രിയെ സുഗന്ധപൂരിതമാക്കുന്ന ജലസർപ്പമേ,
നിശ്ശബ്ദതയുടെ ഉപ്പുപുരണ്ട മേഘങ്ങളെ ശ്വസിക്കുന്നവളേ,
വെറുതെ വെറുതെ... സ്വന്തം ശരീരത്തെ ആർത്തിയോടെ തിന്നുന്ന രാക്ഷസീ...
ഇങ്ങനെ അൽപസമയം അയാൾ കടലിനെ ശപിച്ചു.
മണലിലെ അയാളുടെ കാൽപ്പാദങ്ങളുടെ മുദ്രകൾ മുറിവേറ്റ ഒരു നായയെപ്പോലെ നക്കിയെടുത്തു.
പിന്നീടയാൾ താഴേക്കിറങ്ങിവന്ന്
കടലിന്റെ അളവറ്റ കൊടുങ്കാറ്റുകളുടെ ചെറിയ കണ്ണാടിയിൽ തലോടി.
വെള്ളമേ, നീയിവിടെയുണ്ട്:
അയാൾ പറഞ്ഞു.
അനന്തരം അയാൾ തന്റെ പാട്ടിനുപോയി. ▮