ദിവാകരൻ വിഷ്ണുമംഗലം

ന്മത്ത കാവ്യാനുഭൂതി തന്നാഗ്‌നേയ-
ദിവ്യലഹരിയിലാമഗ്‌നമായ് മനം
ഉത്തുംഗവാനത്തിനപ്പുറത്തായുവാൻ
ദഗ്ദ്ധപ്രയാണം തുടരുന്നു ചിന്തകൾ

ആലക്തികോജ്ജ്വലമാസക്തവേഗങ്ങ-
ളാജന്മമാളിപ്പടർന്നുനീറി സ്വയം
നിത്യനിരാലംബ സ്വപ്നസരിത്തിതിൽ
ഗത്യന്തരംവിനാ ദിക്കറ്റ നാവികൻ
ദീനക്കടൽച്ചുഴിക്കുള്ളിലകപ്പെട്ടു
കാവ്യത്തുഴയ്ക്കായുഴന്നൂ വൃഥാവിലായ്

ഏതോ വിദൂരമാമാദിവേഗങ്ങളി-
ലാവിർഭവിക്കും പ്രപഞ്ചപ്രകാരങ്ങൾ
ഓരോ ദിനത്തിലുമാദിത്യതൂലിക -
യാകെത്തിരുത്തുന്ന ശൂന്യാന്ധകാരത്തിൽ

ഭാവിതൻ പൊൻതാരകങ്ങൾ സ്വരാരോഹ-
രേണുവുമായ് വരാൻ കാക്കും നിശകളിൽ
രാഗലോഭാസക്തചിത്തത്തിൽ വൻ തിര-
ക്കോളുയർത്തുന്നൂ മദാന്ധ സഞ്ചാരണം

ജീവന്റെയോരോ കണങ്ങളും മൃത്യുവിൻ
ഘോരാനലൻ കാർന്നൊടുക്കുന്നനുക്ഷണം
പ്രാണന്റെ കണ്ഠം ഞെരിക്കും മൃഗാരവം
ഭീതിതമെന്നും മുഴക്കുന്നു ഹൃത്തടം

കാലാഗ്‌നിയിൽ വെന്തെരിഞ്ഞു സമസ്തവും
ചാരമായൊന്നായ് ലയിച്ചുമായുന്നൊരീ
ജീവിതത്തിൻ പൊരുൾ തേടുന്ന മൃത്യുതൻ
താളക്രമത്തിന്നണുമാത്രമാണു ഞാൻ!


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ദിവാകരൻ വിഷ്ണുമംഗലം

കവി. ഭൂശാസ്ത്ര വകുപ്പിൽ സീനിയർ ജിയോളജിസ്​റ്റായിരുന്നു. നിർവചനം, ജീവന്റെ ബട്ടൺ, ധമനികൾ, കൊയക്കട്ട, ഉറവിടം തുടങ്ങിയവ പ്രധാന കവിതാ സമാഹാരങ്ങൾ.

Comments