എം.പി. പ്രതീഷ്

സങ്കടപ്പുസ്തകം

2

പാറ്റയുടെ
ഇതളുകൾ കൊഴിയുന്നതും
മീനുകൾ ഉണർന്നിരിക്കുന്നതും കണ്ടു
അമാവാസി എല്ലാം കാണിച്ചു തന്നു
ചന്ദ്രന്റെയിരുണ്ട ദേഹത്തു
കാട്ടുമുള്ളിന്റെ പോറലുകൾ

വേനലിന്റെ സ്വരം മാതിരി
മഴക്കാലത്തിന്റെ ശബ്ദവും വളരുകയാണ്
എന്റെ ഇരുവശത്തേയും മുറികൾക്കുള്ളിൽ

3

ഇരുണ്ട നിറമുള്ള
മുലകൾ
മൂങ്ങയുടെ രണ്ടു കണ്ണുകൾ പോലെ
മരത്തിനു താഴേക്കിറ്റിക്കുന്ന പാല്

4

മരങ്ങൾ അവയുടെ സ്വരം
ചീവീടുകൾക്കു കൈമാറി
മൗനത്തിൽ വളർന്നു

5

മരങ്കൊത്തിയുടെ ചുണ്ടുകൾ
പുഴുക്കളെത്തേടിക്കൊണ്ട്
ഓരോ പേജിലും
കൊത്തുന്നു

6

വെളിച്ചം പൊടിപൊടിയായി
അഴുകുന്ന മൃഗത്തിന്റെ മണ്ണിൽ നിന്നു
പുറപ്പെട്ടു

7

കാതുകൾ ആണ് ഏറ്റവും മനോഹരമായ അവയവങ്ങൾ
എകരം കൂടിയ
മഴക്കാല വൃക്ഷങ്ങളിൽ
കുതിർന്നിലകൾ പോലെ

8

അകത്തെ കുളിമുറിയിലയാൾ
നഗ്‌നനായി നനയുന്നു
കഴുകുന്നു
കുന്നിറങ്ങി വന്ന് ഇറയത്ത് തൂക്കിയ മഴക്കോട്ടിൽ
ഇലച്ചെടികളുടെ ഗന്ധം കടിച്ചു തൂങ്ങി നിന്നു

9

കാടിന്റെ വക്കിൽ പോയി തിരിച്ചെത്തിയ ദിവസം
ആരും കണ്ടിട്ടില്ലാത്ത ഒരു പൂമ്പാറ്റയെ
കാണാൻ
നേരത്തേ വിളക്കണച്ചു കിടന്നു

10

ഒരു മരത്തിൽ
മറ്റൊരു ചെടിയുടെ വേരുകൾ
വെയിലോരോയിലയിലും
തൊട്ടു

11

പൂട്ടി വെച്ചിരുന്ന അറകളെല്ലാം തുറന്നു
മുറിയിലെ വായുവും വെളിച്ചവും മണവും
ഉള്ളിൽ കലർന്നു
മുറുക്കെ പൂട്ടി വെച്ചു. ▮


എം.പി. പ്രതീഷ്

കവി, ഫോട്ടോഗ്രാഫർ. മീൻ പാത, മണ്ണും വെള്ളവും, സങ്കടപ്പുസ്തകം തുടങ്ങി ആറു കാവ്യസമാഹാരങ്ങൾ. Migrations, Soil alphabets എന്നിവ ദ്യശ്യ കവിതാ സമാഹാരങ്ങൾ.

Comments