1. വെയിലിൽ
മടക്കി വെച്ച കുപ്പായങ്ങൾക്കിടയിൽ
ചുളിയാതെ
ഇരുന്നു
അനക്കമില്ലാതെ
നിറമുള്ള ഉടലിലെപ്പൊടി പോലും നൂലിഴയിൽ പടർത്താതെ
ശ്വാസം പിടിച്ച്
രണ്ടു ചിറകും പരത്തി വെച്ച്
2. ചുണ്ടുകൾ
കാറ്റുകൾ
അതുകഴിഞ്ഞിലകൾ
ചെറിയ ചന്ദ്രക്കലകൾ
നനവിൽ വന്ന് ഒട്ടിപ്പിടിച്ചു നിന്നു
കുടഞ്ഞു കളയാൻ വയ്യ
ദേഹത്തുരയുന്നു
അവയുടെ ചുണ്ടുകൾ
3. നിഴൽ
ആഴ്ചയിൽ രണ്ടു തവണ നഖം വെട്ടുന്നു
ദിവസവും ഞാറയിലെ ഇലകൾ താഴെ വീഴുന്നു
മടക്കുകളിലും ചുളിവുകളിലുമെല്ലാം
ഒളിച്ചിരിക്കുന്നു
മുറിഞ്ഞ ചന്ദ്രന്റെ വെളിച്ചം
മുറിഞ്ഞ നഖങ്ങളുടെ വെളുപ്പ്
മുറിഞ്ഞ ഇലകളിലെയീർപ്പം
എല്ലാ ദിവസവും വളരുന്നു,
ചെറിയ വാക്ക്,
കടലാസിൽ ഉണ്ടാക്കിയ
നിഴൽ.
▮