മുലകൾ പിൻമുറ്റത്ത് വെക്കുന്ന സ്ത്രീ

മുലകൾ എന്തിനാണ് നിങ്ങൾ പിൻമുറ്റത്ത് വെക്കുന്നത്?

അത് പിന്നെ; ഇത് പുരുഷാധിപത്യം വാഴുന്ന സമൂഹം അല്ലേ?

അതെ, അതറിയാം, പക്ഷെ ഒന്ന് വിശദീകരിക്കാമോ...?

തീർച്ചയായും ഞാൻ വിശദീകരിക്കാം, തീർച്ചയായും:

ഇതൊരു പുരുഷാധിപത്യ സമൂഹമായതിനാലും 
മുലകളെപ്പറ്റിയുള്ള ഒച്ചപ്പാട് അറിയാവുന്നതിനാലും
മുലകൾ രണ്ടും പിൻമുറ്റത്ത് വെക്കാൻ ഞാൻ തീരുമാനിച്ചു.

ദിവസത്തിൽ ഒന്നോ രണ്ടോ തവണ നടക്കാനായി ഞാൻ അവരെ പുറത്തേക്കിറക്കും.
ചങ്ങലയിലാണ് അധികവും, 
പക്ഷെ ചിലപ്പോൾ അവരെ അഴിച്ചുവിടും.
അപ്പോൾ കുറച്ചുനേരം അവർ സന്തോഷത്തോടെ തുള്ളിച്ചാടി നടക്കും.
അങ്ങനെ ആണുങ്ങൾക്ക് അവരുടെ മുലനോട്ടം കിട്ടുകയും ചെയ്യും, എനിക്കെന്റെ മറ്റു ജോലികളുമായി മുന്നോട്ടുപോവുകയുമാവാം.

രാത്രിയിൽ നക്ഷത്രാങ്കിതമായ ആകാശത്തിന് ചോട്ടിൽ ഞാനവരെ നിറുത്താറുണ്ടായിരുന്നു.
പക്ഷെ അപ്പോൾ മതിൽ ചാടിക്കടന്ന് ക്ഷുദ്രപുരുഷന്മാർ കയറിവരാൻ തുടങ്ങി.

മുലകൾ മാത്രമല്ല മറ്റ് പലതിനെക്കുറിച്ചും എനിക്ക് ആലോചിക്കാനുണ്ട്:
ഉദാഹരണത്തിന്, ഓസ്‌ട്രേലിയ,
അതെ ഓസ്‌ട്രേലിയ.
സത്യം പറഞ്ഞാൽ, ഞാൻ ഓസ്‌ട്രേലിയയെക്കുറിച്ച് ധാരാളം ആലോചിക്കാറുണ്ട്.

ഞങ്ങളോട് സംസാരിച്ചതിന് വളരെ നന്ദി,
മിസ്സ് ഡീലിയ ഫെയർ. 

Comments