നീതു കെ.ആർ

​​​​​​​മുളങ്കാട്ടിൽ

വെയിൽ താഴുന്ന മുളങ്കാട്
മഴമൂളി*യുടെ രാഗം...

കണ്ണടച്ചാൽ ഉൾക്കാടിൽ മഴ
മേഘച്ചെരുവിറങ്ങി
ഇലകളെ ചുംബിച്ചടർത്തി
കാറ്റിന്റെ നൃത്തം...
ആകാശത്തിനുകീഴെ
നക്ഷത്രങ്ങളെനോക്കി
ഇണചേരുന്ന രണ്ടു പേർ...

മൈഥുന കലമ്പത്തിൻ
മുളപ്പൂവിനുതിർച്ചകൾ
വെറ്റിലക്കറയാൽ പൊള്ളും
ചുംബനത്തുടിപ്പിൽ
ഇല ഞരമ്പിൽ ആഴ്ന്നിറങ്ങും
കൈ നഖപ്പാടുകൾ ...
കായെല്ല്* പൊട്ടും മാറിൻ
നറും ഗന്ധത്താൽ
ഇല്ലിക്കാടുലയും സുരതാവേഗത്തിൽ
മുടിത്തെയ്യമാടുന്ന
പെണ്ണുടലുകൾ...

രാവിനെ പിഴിഞ്ഞ്
കണ്ണെഴുതി പൊട്ടുതൊട്ടവർ
മുളങ്കാട് നിലാവ് കായുന്ന
മൗനത്തെയുണർത്തി
തീയെരിച്ച് തണുപ്പാറ്റി
മുളങ്കുറ്റിയിലെ തേൻ പകർന്ന്
പ്രണയമൂട്ടുന്നു...

പുലരിയിലേക്ക് നടക്കാവുന്ന
ദൂരമാകവേയവർ പരസ്പരം
മുടി കോതി പിന്നിയിട്ടും
പുണർന്നും നുകർന്നും
മുളയരി ചേറും താളത്തിൽ
താരാട്ടിയുറങ്ങവെ
അകലെ ആനക്കൂട്ടം
ഇല്ലിയൊടിക്കും ആരവം..

ഓടപ്പാട്ടീണത്തിൽ
കാറ്റിന്റെ സംഗീതം...
കരിവള കിലുങ്ങും
നേർച്ചയിൽ
ദൈവത്തായുടെ കാവൽ.

മഴമൂളി : മുളയുടെ കുറ്റി ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു സംഗീത ഉപകരണം. കായെല്ല് : മുളങ്കൂമ്പ്.


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം


നീതു കെ.ആർ.

കവി, കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാള കേരള പഠനവിഭാഗത്തിൽ ഗവേഷക. പാറമുക്കിൽ നിന്ന് ഫറോക്കിലേക്ക് (പ്രാദേശിക ചരിത്രം), പെൺവിനിമയങ്ങൾ എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments