എൻ.കെ. സലീം

പാത കാടുകയറുമ്പോൾ

വർ ഒരുമിച്ചിരുന്ന
കൂറ്റൻ മരച്ചോട്...
അവർ വരുമ്പോൾ മരമൊന്നിളകും...
ഇലകൾ പൊഴിയും
വന്യമായ ആനന്ദത്താൽ
പരസ്പരം ഇല്ലാതാകും...
ഏറ്റവും ഏകാകികളായി
അവർ കൈകൾ കോർത്ത് പിടിക്കും...
ഒരു പൂവിടരും..
ഒരു വേര് ജലത്തെ തൊടും....

പെട്ടെന്നാണ്
കാടിന് നടുവിലൂടെ
ഒരു പാത കാടുകയറിയത്.

അവർ പിന്നീട് കണ്ടതേയില്ല....
വള്ളികളും മരങ്ങളും
കൂടുകളും പൊത്തുകളും
ഇലകളും പൂക്കളും വേരുകളും
പാത കൊണ്ടുപോയി...

ഒരാൾ മുലയൂട്ടി നിൽക്കുമ്പോഴായിരുന്നു
പാത കാടു കയറിയത്
പരക്കം പാച്ചിലിൽ കൂട്ടംതെറ്റിയ
കുഞ്ഞുങ്ങളെത്തേടിയലയുകയാണിന്നത്
ഒരാൾ ഇര തേടിപ്പോയതായിരുന്നു
മടങ്ങി വന്നപ്പോൾ കുഞ്ഞുങ്ങളെയും
കൂടും പാത കൊണ്ടുപോയി..
ഒരാൾ വിശപ്പിനും ഇരക്കും നടുവിലായ നേരത്തായിരുന്നു അത്
ഒരാൾക്ക് ജീവനും മറ്റൊരാൾക്ക്
വിശപ്പും ബാക്കി വെച്ചു അത്...
ഒരാനക്കൂട്ടം ചിന്നം വിളിച്ച് വന്നതായിരുന്നു..
ചിതറിയോടി കൊമ്പൻ
പാതക്കൊരു വശം ഒറ്റയായി...

അണ്ണാൻ കുഞ്ഞുങ്ങൾ...
മുയലുകൾ... കുറുക്കൻമാർ...
മാനുകൾ... സിംഹങ്ങൾ....
പാതക്കിരുവശത്തും
പരസ്പരം നോക്കി നിന്നു....
നെടുവീർപ്പോടെ...

കാട്ടിന് നടുവിലൂടെയുള്ള പാത
രണ്ട് രാജ്യങ്ങളെയാണ് ഉണ്ടാക്കുന്നത്...
നിശബ്ദമായ അതിർത്തികളുള്ള
രണ്ട് രാജ്യങ്ങൾ....
ഒരാൾ പാത മുറിച്ച് കടക്കുക
എന്നത് രാജ്യദ്രോഹവും...
പൊടുന്നനെയായിരിക്കും
ഒരു ടയറിനുള്ളിൽ ചതഞ്ഞു പോവുന്നത്....
അതാണ് പോലും രാഷ്ട്ര നിയമം...
ഒറ്റക്കുതിപ്പിന് അക്കരെയെത്താം
എന്ന് തോന്നിപ്പിക്കാമെങ്കിലും
വീണ് പോകുന്ന കാലുകൾ...
തൂവലുകൾ....

എത്ര രക്തസാക്ഷികളുടെ
​ചോരയാണ് നമ്മുടെ പാതകൾ...?


എൻ.കെ. സലീം

കവി, അധ്യാപകൻ, വിദ്യാഭ്യാസ പ്രവർത്തകൻ. ഉരുൾപൊട്ടലുണ്ടാകുന്നത് എന്തുകൊണ്ട്?, ഭൂമി ശാസ്ത്ര ക്വിസ് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

Comments