നജ് വാൻ ദാർവിഷ്

നജ്‍വാൻ ദാർവിഷിന്റെ
രണ്ടു കവിതകൾ

ഞാൻ ദേശത്തെ എഴുതുന്നു

ഞാൻ ദേശത്തെ എഴുതാൻ ആഗ്രഹിക്കുന്നു.
വാക്കുകൾ ദേശം തന്നെയാകട്ടെ എന്നും എനിക്കാഗ്രഹമുണ്ട്.
പക്ഷെ ഞാൻ റോമാക്കാർ കൊത്തിവച്ച്
അറബികൾ മറന്നുപോയ വെറുമൊരു പ്രതിമ മാത്രം.
സാമ്രാജ്യത്വശക്തികൾ അറ്റുപോയ എന്റെ കൈകൾ മോഷ്ടിച്ച് കാഴ്ചബംഗ്ലാവിൽ പ്രതിഷ്ഠിച്ചു.
സാരമില്ല, എന്നാലും എനിക്ക് അത് എഴുതണം… ദേശത്തെ
എന്റെ വാക്കുകൾ സർവവ്യാപിയാണ്
എന്റെ കഥ നിശ്ശബ്ദതയും

ശ്വസിക്കാനാവാതെ...

കങ്ങളിൽ നിന്ന് ദുഃഖം അണപൊട്ടിയൊഴുകുന്നു.
അപ്പോൾ ഞാനൊരു പ്രേതമെന്നപോൽ
നിങ്ങളുടെ ഉപേക്ഷിക്കപ്പെട്ട വീടുകളിൽ പ്രവേശിക്കുന്നു.
എന്റെ അന്ത്യം എന്റെ കൈയിൽ ഉറപ്പിച്ച്
എന്റെ നാശത്തിനൊപ്പം ഉറങ്ങിയും ഉണർന്നും.
ക്ഷീണാത്മകമാണ്
എന്റെ സ്വന്തം ഏകാന്തതയെ പരിചയപ്പെടുക,
അതിനൊപ്പം ഇത്രയും തീക്ഷ്ണമായി നടക്കുക എന്നത്.
അവ എന്നെ തളർത്തുന്നു -
ഉപേക്ഷിക്കപ്പെട്ട ഈ ഭവനങ്ങൾ,
ഈ വീടുകളിൽ നിറയുന്ന ശൂന്യത.
അവയുടെ പൊള്ളയായ ഹൃദയത്തിൽ
ഞാൻ പ്രവേശിക്കുന്നു,
എനിക്ക് ശ്വസിക്കാനാവുന്നില്ല...

ഇപ്പോൾ അറബികൾക്കോ, പാലസ്തീനികൾക്കോ,
ബൈസാന്റിയംകാർക്കോ എന്നെ അറിയാനാവില്ല.
എനിക്ക് ഒരിക്കലും ഒരു ചരിത്രം ഉണ്ടായിരുന്നില്ലേ?
എങ്ങനെയായിരിക്കാം അവ എനിക്ക് വഴിയിൽ നഷ്ടമായത്?-

ഒരു നിമിഷം കൊണ്ടൊരു ലോകം തുറന്നിടുന്ന കവിതകൾ?
എങ്ങനെയാണ് എനിക്ക് നിങ്ങളെ നഷ്ടമായത്, എല്ലാവരെയും?
നിങ്ങളെന്റെ നഷ്ടത്തിന്റെ പങ്കെടുത്തു, എന്നിട്ട് ശൂന്യത ബാക്കിയാക്കി.

വാരിയെല്ലുകളില്ലാത്ത ഗ്രഹം…
നിങ്ങളെനിക്കത് ഒഴിച്ചിട്ടു,
എനിക്കൊരു ഭാരമായി നിങ്ങൾ അത് ശേഷിപ്പിച്ചു.
ഞാൻ പോകുന്നു എന്നു പറഞ്ഞാൽ പോലും
ഇവിടെ ആരും ഉണ്ടാകില്ല,
പക്ഷെ ശൂന്യത മാത്രം,
എന്റെ വാക്കിനെ വിഴുങ്ങുന്ന പരുത്ത ശബ്ദവുമായി.

Comments