എല്ലാ പ്രണയങ്ങൾക്കും ശേഷം
പാകമാവാത്ത പഴയ
ഉടുപ്പിലേക്കെന്ന പോലെ
ഞാൻ വീട്ടിൽ തിരിച്ചെത്തുന്നു.
ശീലങ്ങൾ മറന്ന ഒരാൾ
ഏതുവീടിനും നിരതെറ്റിയ കല്ല്.
കുതറിത്തെറിച്ചോ
നിന്ന നില്പിൽ കുലുങ്ങിയോ
അതയാളെ വരുതിയിലാക്കാൻ
ആവത് ചെയ്യും.
ഏതേതോ കാലം മുതൽ
തുടരുന്ന ചോറ്റുകലം
കാലെത്താത്ത പായയിലെ
പിണഞ്ഞുകിടപ്പ്
തല മുട്ടുന്ന
വാതിൽപ്പടി.
ഒരിക്കലും മുതിരാത്ത വീട്ടിൽ
ഞാനുറങ്ങുന്നു.
നടന്ന വഴികൾ വേരുകൾ പോലെ
കാലിൽ ചുറയുന്നു.
പിൻനോട്ടത്തിലോടുന്നു
ജീവിതസിനിമതൻ റീലുകൾ
അതികാലത്തൊരലർച്ച
എന്നെയുണർത്തി.
വീട്ടുമുറ്റത്ത് പറന്നിരിക്കുന്നു
ഒരു വിചിത്രപക്ഷി.
തൂവലുകളില്ലാത്ത
അതിന്റെ മേലാകെ
ചോരഞരമ്പുകൾ
ചിത്രം വരച്ചിരിക്കുന്നു.
അരിമണി വിതറിയിട്ടോ
അപ്പം കൊടുത്തിട്ടോ
അത് കൊത്തിയില്ല.
ആൾക്കൂട്ടത്തിനിടയിൽനിന്ന്
അതെന്റെ പേരുചൊല്ലി വിളിക്കുന്നത്
എനിക്കു കേൾക്കാം.
മുറിക്കകത്ത്
ജീവഭയത്തോടിരിക്കുന്നു.
ആ വിചിത്രപക്ഷിയുടെ
ഇര, ഞാൻ.
അതിന്റെ കണ്ണിൽ
പകയോ, പ്രണയമോ?