ജസീന റഹിം

പെണ്ണിന്റെ ഭൂപടം

ചുനചെത്തി എറിഞ്ഞപ്പോൾ
തെളിഞ്ഞൊരാ കറയിൽ
അവളൊരു ഭൂപടം കണ്ടു.
പെണ്ണിന്റെ രാജ്യങ്ങൾ
രേഖപ്പെടുത്തിയെടുത്തൊരു
ഭൂപടം...

മത കൂറിൽ മുളച്ച് തഴച്ചവൾക്ക്,
ചിരി മൂടി, മുഖം കളഞ്ഞവൾക്ക്
വിചാരണയുടെ മുടിപ്പാലങ്ങളോർത്ത്,
ഇരുമ്പാണിയിൽ ഓർമകളെ കൊരുത്തിട്ടവൾക്ക്...
വരച്ചുവെച്ചിട്ടുണ്ട്, ഒരു
സ്വർഗരാജ്യം.

കണ്ണീരിന്റെ കോന്തലയിൽ
സ്വപ്നങ്ങൾ പൊതിഞ്ഞ്
മറഞ്ഞവൾക്ക്
കയ്പിൻ പെരുക്കങ്ങൾ
മധുരമായ് നുണഞ്ഞവൾക്ക്
വെയിൽ കുടിച്ച്
പശി മറന്നവൾക്ക്
മാത്രമായി ഒരുക്കിവെച്ചിട്ടുണ്ട്​
പുണ്യരാജ്യം.

വെന്ത നിഴല് കണ്ടിട്ടും
മഴ വേണ്ടാത്തവൾക്ക്
വിരല് പതിയാതെ
പൂമുഖം തൂത്ത് മിനുക്കുന്നവൾക്ക്
എരിഞ്ഞൊടുങ്ങിയ
ചാരവും ഭക്തിയായ് നെറുകിൽ
അണിഞ്ഞവൾക്ക്
ചിതൽപ്പുറ്റിന് പൂക്കളെ
കൊടുത്തവൾക്ക്
ഭൂപടത്തിലെ ദേവരാജ്യം.

കറുത്ത ചിറകേറി
എളുപ്പത്തിലൊളിച്ചവൾക്ക്
പിഞ്ഞാണക്കഷണങ്ങൾ
നിലക്കണ്ണാടിയായ്
വെഞ്ചരിച്ചെടുത്തവൾക്ക്
അക്ഷരങ്ങളെ
അഭയമാക്കാതെ ഒതുങ്ങുന്നവൾക്ക്
വാതിലിനുനേരെ പുറംതിരിഞ്ഞ്
നിന്നൊരു ലോകം വരച്ചിട്ടവൾക്ക്
ലഭിക്കും, ഒരു ശ്രേഷ്ഠരാജ്യം...

പെണ്ണിന്റെ രാജ്യങ്ങൾ
പിന്നെയും നീളുന്നു...

നരകരാജ്യം ഇല്ലാത്ത
ഭൂപടം, തീക്കൊള്ളി നീട്ടി
പെണ്ണിനെ വിഴുങ്ങുന്നു ...
​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ജസീന റഹിം

കവി, ഗാനരചയിയാവ്​. ഫാർമസിസ്റ്റായി ജോലി ചെയ്യുന്നു.​​​​​​​ കടവാതിൽ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments