കിരീടമില്ലാത്ത അരചൻമാരെപ്പോലെ
പേരില്ലാത്ത നാടുകളിൽനിന്നുവന്ന
വേലക്കാരാണ് ഞങ്ങൾ.
ഞങ്ങളുടെ കഴുതകൾ ചുമന്ന ഭാണ്ഡങ്ങൾ
രാജാസനത്തിന്റെ പ്രഭാവത്തിൽ നശിച്ചുപോയി.
അനുമതിപത്രങ്ങളുമായാണ്
ഞങ്ങൾ വന്നിരിക്കുന്നത്
ആർക്കു വേണമെങ്കിലും
ഞങ്ങളെ കാശുകൊടുത്ത് വാങ്ങിക്കാം.
ഇല്ല,
തൊഴിൽ അത്രയെളുപ്പത്തിൽ കിട്ടില്ലയെന്നറിയാം
കള്ളന്മാർക്കും കൊള്ളക്കാർക്കും
കൂട്ടിക്കൊടുപ്പുകാർക്കും പ്രഥമ പരിഗണനയെന്നും.
ഇവരുടെ വരിയിൽ നമ്മുടെ പേരുകൾ രേഖപ്പെടുത്തണം.
ഞങ്ങൾക്ക് വീട് നൽകുന്നില്ലത്രെ.
നഗരത്തിൽ നമുക്ക് വാടകവീട് ലഭിക്കുന്നില്ലത്രെ.
എന്തെന്നാൽ,
ഞങ്ങൾ താടിവെച്ചിട്ടുണ്ട്, മാട്ടിറച്ചി കഴിക്കുന്നുണ്ട്.
കർഫ്യു ഏർപ്പെട്ടുത്തിയ
അടിയന്തര നടപടിക്രമങ്ങൾ
ഞങ്ങളെ സംശയത്തോടെ നോക്കുന്നു,
കളിസ്ഥലങ്ങളിലും
സൈന്യത്തിലും
സുഹൃദ് കൂട്ടായ്മയിലും.
തീവ്രവാദികളല്ല,
അടിമ സന്തതികളുടെ കറുത്തയക്ഷരങ്ങളാണ് ഞങ്ങൾ
ചുമരുകളിൽ എഴുത്തുകൾ രചിക്കും ഞങ്ങൾ.
അടുപ്പം കാണിക്കുന്ന പിള്ളേർ
ഞങ്ങളുടെ തലവിധി മാറ്റുന്നു
വ്യവസ്ഥിതിയുടെ വ്രണങ്ങളെ
അവർ ഉരസിക്കളയുന്നു.
ഞങ്ങളുടെ പിറന്നാൾ
ആരും കൊണ്ടാടാറില്ല
കൂട്ടുകാരികളുടെ വയറ്റിൽ
ഭാരതീയരായി ഞങ്ങൾ പിറന്നുവീഴുന്നു.
ജാതിക്ക് വേണ്ടിയൊരു
സാക്ഷ്യപത്രം ആവശ്യപ്പെടുന്ന
ഇന്ത്യക്ക് ഞങ്ങളുടെ കൂപ്പുകൈ.
മനുഷ്യബോംബുകളുടെ
ആക്രമണവിധേയമായ നിർജീവ സ്മാരകങ്ങൾ
ഞങ്ങളുടെയുള്ളിൽ പതാക പറപ്പിച്ച് ചിരിക്കുന്നു.
പ്രാർത്ഥനയുടെ മൊഴിയാണെങ്കിൽ
ഭരണകൂടത്തിന് വേഗത്തിൽ
മനസിലായിക്കൊള്ളണമെന്നില്ല.
പൊലീസുകാർ കൈയ്യാമം വെച്ചപ്പോൾ
എന്റെ പിതാമഹനെ,
ആളുകൾ ‘സ്വാതന്ത്ര്യ സമരസേനാനി' എന്നു വിളിച്ചു.
വീണ്ടും അതേ പൊലീസുകാർ
എന്റെ പിതാവിന്റെ കൈകളിൽ
വിലങ്ങണിയിച്ചപ്പോൾ,
ഇതേ ആളുകൾ
‘മതമൗലീകവാദി... ഭീകരവാദി' എന്നു കുറ്റപ്പെടുത്തി.
പിന്നീട് അതേ പൊലീസുകാരെന്നെ
അറസ്റ്റ് ചെയ്യുന്നു,
അതേ ആളുകളെനിക്ക്
സ്‌നേഹപൂർവ്വം പേരിടുന്നു.
‘ജിഹാദി... ലവ് ജിഹാദി'
ശരിയാണ് കൂട്ടുകാരി
നീ പറഞ്ഞതു തന്നെയാണ് സത്യം.
പേരിലെന്തിരിക്കുന്നു
വെറുമൊരു പേരു മാത്രം!