ജീവനെ ആദ്യമായ് തൊടും പോലെ
നാം പരസ്പരം തൊട്ടു.
ചുണ്ടുകളായിരുന്നില്ല
ആദ്യം
വിരലുകളായിരുന്നില്ല
ആദ്യം
എന്തിന്!
മുടിയിഴകളോ ശ്വാസമോ പോലുമായിരുന്നില്ല.
ഓർമ്മകൾ തമ്മിലുരഞ്ഞപ്പോൾ
പാറിയ തീപ്പൊരികൾ
ഇലകളിലേക്ക് ചൊരിഞ്ഞു.
കടൽ ആദ്യമായ് നമ്മെ കാണുകയായിരുന്നു.
നാം പരസ്പരം കാണും മുമ്പ്
രണ്ട് രാജ്യങ്ങളായിരുന്നു.
അതിരുകളുടെ കനം
നമ്മെ പരസ്പരം അദൃശ്യരാക്കി.
ഖനനം ചെയ്‌തെടുക്കാനാവാത്ത
ആഴങ്ങളിൽ
നാം പരസ്പരം
വെളിപ്പെടാതെ
മറഞ്ഞുകിടന്നു.
ഭൂമിയിലെ എല്ലാ രുചികളും നമ്മുടെ
നാവിലൂടെ യാത്ര ചെയ്തു.
അപ്പോഴൊന്നും പ്രണയത്തിന്റെ രുചിയിൽ
നാം ആത്മഹത്യ
ചെയ്തില്ല.
വാക്കുകളില്ലാതാവുന്ന കാലത്ത് നീ
വരുമെന്നും
എന്റെ പ്രണയം വായിക്കുമെന്നും
ആരുമെന്നോട് പറഞ്ഞിരുന്നില്ല.
അത്രമേൽ പ്രാകൃതവും
ഉന്മാദം നിറഞ്ഞതുമായിരുന്നു അത്.
പോയ ജന്മത്തിൽ നാം
രണ്ട് സർപ്പങ്ങളായിരുന്നിരിക്കാം.
ഉച്ചവെയിലിൽപ്പടർന്ന്... പുളഞ്ഞ് കാറ്റിനെ
നുണച്ചിറക്കിയിട്ടുണ്ടാവാം.
പക്ഷെ
നാം പരസ്പരം കണ്ടില്ല.
നക്ഷത്രങ്ങളിൽ നിന്നുദിച്ച്
നമ്മളിലൂടെപ്പടർന്ന്...
തിരികെ നക്ഷത്രങ്ങളിലേക്ക് തന്നെയെത്തുന്ന
എന്തോ ഒന്നായിരുന്നു അത്.
ഭൂമിയിൽ
രാത്രിയിൽ
തീവെട്ടങ്ങളിൽ
ഉടലുകൾ
വെളിപ്പെട്ടു.
ആകാശം
നമുക്ക് മാത്രം കാണാവുന്ന ഇരുൾ വെളിച്ചം തീർത്തു.
നമ്മളിൽ പ്രണയത്തിന്റെ
കണ്ണു തെളിച്ച്
തിരികെ പോയി.
നാം
പർവതങ്ങളിലും
ആകാശത്തും
കടലാഴങ്ങളിലും മരുഭൂമികളിലും അലഞ്ഞു നടന്നു.
വിശപ്പറിയാത്ത
എന്റെ പോയ കാലങ്ങൾ
ഒന്നും മിണ്ടാതെ മടങ്ങിപ്പോയി.
മഴയും വെയിലും
നമുക്കുവേണ്ടി പ്രണയം പറഞ്ഞു.
പോയ ജന്മങ്ങളിൽ നിന്ന്
മരണപ്പെട്ടവർ
നമുക്കൊപ്പം വന്നു
എന്റെ പ്രണയമേ എന്ന
എന്റെ നിലവിളികൾ
ആർക്കും വായിക്കാനാവാത്ത കവിതകളായി
അലഞ്ഞു.
ദൈവത്തിന്റെ മുഖച്ഛായയിൽ നീ
വെളിപ്പെട്ടു.
എന്റെ കണ്ണുകളുടെ
സ്ഥാനത്ത്
അടഞ്ഞുകിടക്കുന്ന ഒരു കരിങ്കൽ ഗുഹ.
നീയതിൽ ഒന്ന് തൊട്ടു.
അനേകായിരം സൂര്യന്മാർ ഒരുമിച്ചുദിച്ചു.
എന്റെ ഉയിരിലെ വിഷം നീ കുടിച്ചു വറ്റിച്ചു.
ഉടലിലെ നീലിപ്പ്
നീ മുടിയിലണിഞ്ഞു.
പേടിസ്വപ്നങ്ങളെ എന്നിൽ നിന്ന്
കൊത്തിയെടുത്തു.
പ്രണയവിഷമേറ്റ് ഞാൻ നീലിച്ചു.
ഞാൻ മറ്റൊരു സൃഷ്ടിയായി
ഉയിർത്തെണീറ്റു. ജ്വരബാധിതമായ
ഒരാത്മാവിനു ജലമെന്ന പോൽ
നീയെന്നെ ആലിംഗനം ചെയ്തു.
ഞാൻ കണ്ണുകൾ തുറന്നു.
ഉടുപ്പുകൾ ഊരിയെറിഞ്ഞു
നഗ്‌നരായി പ്രവേശിക്കേണ്ട
ഒരിടമാണ് പ്രണയമെന്ന്
ദൈവം
നിന്റെ
ചുണ്ടുകളിലൂടെ
മന്ത്രിച്ചു.
നമുക്ക് നമ്മെ വെളിപ്പെട്ടു▮