പാറക്കൂട്ടത്തിനിടയിലെ കുഴിയിൽ
വെള്ളമുണ്ട്
പാത്രവുമായി വെള്ളം കോരാൻ വരുന്ന
ഗ്രാമീണയായ പെൺകുട്ടി
വിശറി ഇലകളാൽ
അവൾക്കു തണലേകി ഒരു പുന്നമരം
പാത്രത്തിന്റെ, വെള്ളം കോരിയെടുക്കുന്നതിന്റെ
ചെറിയ ശബ്ദം
ആരോ നടന്നു വരുന്ന കാലൊച്ച
അവളുടെ വാ പൊത്തപ്പെട്ടു
അവൾ വാരിയെടുക്കപ്പെട്ടു
അവളുടെ ചിതറിയ ശരീരം
പാറക്കെട്ടിൽ കിടന്നുണങ്ങി
പുന്നമരത്തിലൊളിച്ചിരുന്ന ഞാനീ കാര്യങ്ങൾ കണ്ടിരുന്നു
അത് വിവരിച്ചതിന്റെ പേരിൽ
എനിക്ക് പോയറ്റ് ലുറേറ്റ് എന്ന പദവി കിട്ടി
കീറിയ ജീൻസിട്ട് സുന്ദരി വരുന്നു.
കീറിയ ജീൻസിട്ട് ഞാൻ അവൾക്കൊപ്പം
ഇംഗ്ലീഷും മലയാളവും കലർത്തുന്നു അവൾ
ഞാനും ഭാഷകൾ കലർത്തുന്നു
ചീകാതെ അലമ്പി കിടക്കുന്ന
മുടിക്കാരിയാണവൾ
ചീകാതെ പാറിപ്പറക്കുന്ന മുടിയുമായി ഞാനും എത്തുന്നു.
ഞാനൊരു സിഗരറ്റു കത്തിക്കുന്നു
അവളും സിഗരറ്റ് കത്തിക്കുന്നു
ഞാനും അവളും ചേർന്ന് ബീയർ കഴിക്കുന്നു
യുഗോൺ ഷീലിന്റെ ചിത്രങ്ങൾ നോക്കുന്നു.
ഞങ്ങൾ ഒരേ വിയർപ്പിൽ
ഒരേ തണുപ്പിൽ
ഒരേ അത്താഴത്തിൽ
ഒരേ മട്ടുപ്പാവിൽ
▮