സന്ധ്യ. എൻ.പി.

മരിച്ചാലും തീരാത്ത ​​​​​​​മണമുള്ള പൂക്കൾ

നാല തുറന്നാൽ
ഏതോ ജീവി
ചത്തതിന്റെ
മണം.

ഏതു ജീവി എവിടെയെന്ന്
പിടികിട്ടിയേയില്ല.

വെള്ളം കിട്ടാതെ
ഉണങ്ങി മരിച്ച
ചെടിയുടെ വിത്തുകൾ
കോണിച്ചുവട്ടിൽ
ഒരു
മൺ കോപ്പയിൽ എടുത്തു വെച്ചത്
ഓരോ നാൾ കഴിയുംതോറും കുറഞ്ഞുകുറഞ്ഞു വന്ന്
ഒരുനാൾ
മൺകോപ്പ ശൂന്യമായി കാണപ്പെട്ടു.

കോണിപ്പടിക്കൈവരിയിൽ
മുപ്പൊട്ടു കാല്പാദപ്പാടുകൾ
വരിവരിയായ് തെളിഞ്ഞത്
കള്ളനാരെന്ന് കാട്ടി തന്നു.

മുള്ളുകളൊരു
ഞെട്ടിലടുക്കിയതുപോലുള്ള
വിത്തുകൾ കടിക്കുമ്പോൾ
അതിനു മുറിയില്ലേ എന്ന്
സന്ദേഹിച്ചു
ജനാലയിലൂടെ
പുറത്തേക്കു നോക്കുമ്പോൾ
എന്നെത്തന്നെ
നോക്കി നിൽക്കുന്നു
നിറയെ പൂത്തൊരു മരം

അതിന്റെ പൂക്കൾ
പുറപ്പെടുവിക്കുന്നു
മരിച്ചാലും മരിക്കാത്തൊരു മണം!

അതിനെ വെല്ലുന്നൊരു മണം

നടുവിൽ മഞ്ഞയും
ചുറ്റും ചുവന്ന ഇതളുകളുമായി
ചുമരിടുക്കുകളിലോ
ഓട്ടിൻ വിടവിലോ
കൂട്ടമായി പൊട്ടി വിടർന്നു
സുഗന്ധം പരത്തുമെന്ന്

മുപ്പൊട്ടു കാല്പാടുകൾ
കൈവരിയിൽക്കിടന്നു തിളങ്ങുന്നു.
​▮


സന്ധ്യ എൻ.പി.

കവി. ശ്വസിക്കുന്ന ശബ്​ദം മാത്രം,​ പെൺബുദ്ധൻ എന്നിവ കവിത സമാഹാരങ്ങൾ

Comments