സരൂപ

​പുഴുവായിത്തന്നെ തുടരുന്നു

സരൂപ

പൂമ്പാറ്റയാകാൻ ശ്രമിച്ചതാണ്
പറ്റാഞ്ഞതിനാൽ
പുഴുവായിത്തന്നെ തുടരുന്നു.
ഇഴഞ്ഞിഴഞ്ഞാണ്
ഇതുവരെ എത്തിയത്.
അത് പറയുമ്പോൾ
ഒരഭിമാനം
പ്രത്യേകമായി തോന്നാറുണ്ട്.

ഇവിടം
ചിത്ര ശലഭങ്ങളുടെ നഗരമാണ്.
ഞാൻ കാണുമ്പോൾ
അവരെല്ലാം
ചിറകുകളിൽ മാത്രമായിരുന്നു.
കാലുകൾ
ശരീരത്തിൽ ഉണ്ടായിരുന്നെങ്കിലും
മുറിച്ചു കളഞ്ഞോരവയവം പോലെ
അവരവയെ
മറന്നു കളഞ്ഞിരുന്നു.

ചിറകുണ്ടായിരുന്നെങ്കിൽ ഞാനും
അവരെപ്പോലെ
തന്നെയായിരുന്നു.
ചിറകു കൊഴിഞ്ഞാൽ അവർ
ഞാൻ തന്നെയും.

എന്നിട്ടും
പൂമ്പാറ്റകളുടെ നഗരത്തിൽ
പുഴുക്കൾക്ക്
മുറികൾ ഉണ്ടായിരുന്നില്ല.
അതിനാൽ
പുറത്ത് തന്നെ കാത്തിരുന്നു.

വൈകും തോറും
നാമ്പിട്ട നിരാശകളെ
ഇലകൾ എന്ന പോലെ
മണ്ട മുതൽ കാർന്നു തിന്നു .
തുടരണോ അതോ പോകണോ
എന്ന ചെടി
എനിക്ക് വേണ്ടി
രണ്ടു തരം
ഇലകളിൽ പോട്ടിക്കിളിച്ചു.

ആ രാത്രി
ഏതോ സ്വപ്നത്തിനൊടുവിൽ
ഞാൻ ഞെട്ടി ഉണർന്നത്
ചിറകുകളുമായിട്ടായിരുന്നു.
എന്നിട്ടും ഞാൻ പറന്നില്ല.

നിങ്ങൾക്കറിയാമോ
പറക്കാൻ
രണ്ടു ചിറകുകളോ
ഒരാകാശമോ
വിടർന്നു വിളിക്കുന്ന പൂക്കളോ
മാത്രം പോരാ
കാലുകൾ ഉണ്ടായിട്ടും
അവയിൽ നിന്ന്
ഉയർന്നുയർന്ന് പോകാനുള്ള
മനസ്സും പോരാ
ചിറകടിക്കണം...
കൊഴിഞ്ഞു പോകുമോ
എന്ന
ഭീതിയില്ലാതെ..
അതേ
ഭീതിയില്ലാതെ...അതാണ് കാര്യം.


സരൂപ

കവി, അധ്യാപിക. "മനുഷ്യൻ എന്ന ലഹരിയിൽ' ആദ്യ കവിതാസമാഹാരം

Comments