സൗദ പൊന്നാനി.

ജനിമൃതി

ൽപ്പടവിലിരുന്ന്
ഞാൻ സൂക്ഷിച്ച് നോക്കി
ഒരു പന്ത്രണ്ട് വയസ്സുകാരി
മുങ്ങാംകുഴിയിട്ടുയർന്നു വരുന്നു.
തെളിഞ്ഞ വെള്ളത്തിൽ
മലർന്നു നീന്തുന്നു.
ചകിരി കൂട്ടിക്കെട്ടി
കുഞ്ഞനിയത്തിയെ
നീന്തല് പഠിപ്പിക്കുന്നു.
കൂട്ടുകാരികളോടൊത്ത്
ആമ്പൽപ്പൂവിറുക്കുന്നു.
തോർത്ത് നീർത്തി
പരൽമീൻ കോരുന്നു.

ഇറുക്കൻ കാൽ
പിളർന്നെത്തും
കോറഞണ്ടിന്റെ
പിൻ കാലിൽ
പിടുത്തമിടുന്നു
വഴുവഴുത്ത കല്ലിലെ
മുരുക്കുത്തിൾ
തപസ്സിളക്കുന്നു,
ചെഞ്ചോര ചിതറുന്നു.
ഒരു കമ്മ്യൂണിസ്റ്റപ്പയിൽ കരിയുന്നു കുഞ്ഞുകുഞ്ഞുമുറിവുകൾ

നീളനൊരു നീർക്കോലി
കൂടെ നീന്തുന്നെന്ന്
ആന്തലോടറിയുന്നു;
നിശ്ചലമാകുന്നു
കുത്തിമറിച്ചിലുകൾ.
കുളി കഴിഞ്ഞ് കുളമൊഴിഞ്ഞ്
കുന്ന് കേറിയങ്ങ് ദൂരെ
കൈതക്കാട് കടക്കുന്നു.

വീണ്ടും കൽപ്പടവിലിരുന്ന്
ഞാൻ സൂക്ഷിച്ച് നോക്കി;
അന്ന് പാട്ടും പാടി കൈതക്കാട് കടന്നോരൊക്കെ
യൗവ്വനപ്പാതി പിന്നിട്ടെന്ന്
നരവീണ പ്രതിബിംബം!
മേലോട്ടും താഴോട്ടും
ഉഴിയാനാവാത്ത,
കൈതമുള്ളിൽ തട്ടി
ചോരവാർന്ന്, കണ്ണീർ കുളങ്ങൾ.

കയറിപ്പോയ കുന്നുകൾ
അടർത്തിയെടുക്കപ്പെടുന്നു
ചെത്തിമിനുക്കിയൊരുക്കി
വീട് കാക്കുന്നു,
വെറും കാവൽ ചുമരുകൾ.
കനത്ത ഇരുട്ടിൽ
ചൂട്ടുകറ്റ തേടുന്നു പെണ്ണുങ്ങൾ,
എരിയുന്ന മുറിവുകൾ
ഒരു കമ്യൂണിസ്റ്റപ്പ തിരയുന്നു.


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


സൗദ പൊന്നാനി

എഴുത്തുകാരി. കോഴിക്കോട് സർവ്വകലാശാലയിൽ ഗവേഷക വിദ്യാർത്ഥി, വെൽഫെയർ ബോർഡിൽ ഉദ്യോഗസ്ഥ.

Comments